പര്‍വതാരോഹണത്തിനിടെ കാണാതായ ആസ്‌ട്രേലിയന്‍ വിദ്യാര്‍ഥിയെ രണ്ട് ആഴ്ചത്തെ തിരിച്ചിലുകള്‍ക്കൊടുവില്‍ കണ്ടെത്തി. 23കാരനും മെഡിക്കല്‍ വിദ്യാര്‍ഥിയുമായ ഹാഡി നസാരിയെയാണ് കണ്ടെത്തിയത്. രണ്ട് ആഴ്ചയോളം 300 പേര്‍ പര്‍വതമേഖലയില്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് കാര്യമായ പരിക്കൊന്നുമില്ലാതെ യുവാവിനെ കണ്ടെത്തിയത്.
ഡിസംബര്‍ 26ന് കോസിയോസ്‌കോ ദേശീയോദ്യാനത്തില്‍വെച്ചാണ് കൂട്ടുകാര്‍ക്കൊപ്പം മലകയറുകയായിരുന്ന ഹാഡിയെ കാണാതാകുന്നത്. കോസിയോസ്‌കോ കൊടുമുടി കയറാന്‍ കൂട്ടുകാര്‍ക്കൊപ്പമെത്തിയതായിരുന്നു ഹാഡി. ഇതിനിടെയാണ് തിരോധാനം.
തുടര്‍ന്ന് രണ്ട് ആഴ്ചയോളം 300 പേരടങ്ങുന്ന സംഘം ഹാഡിക്കായി തിരച്ചില്‍ നടത്തിവരികയായിരുന്നു. നസാരിയുടെ ബന്ധുക്കളും സുഹൃത്തുകളമടങ്ങുന്ന സംഘമാണ് തിരച്ചിലിന് ഇറങ്ങിയത്. ഒടുവില്‍ ബുധനാഴ്ച ഹാഡിയെ ഒരുകൂട്ടം പര്‍വതാരോഹകര്‍ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു.
ബെറിപ്പഴങ്ങള്‍ ഭക്ഷിച്ചും അരുവിയില്‍നിന്ന് ജലം കുടിച്ചുമാണ് ഹാഡി രണ്ടാഴ്ച അതിജീവിച്ചത്. ഇതോടൊപ്പം മറ്റ് പര്‍വതാരോഹകര്‍ ബാക്കിവെച്ചിരുന്ന രണ്ട് മ്യൂസ്‌ലീ ബാറുകളും ഹാഡി ഭക്ഷിച്ചു. പരിക്കുകളില്ലാതെ ഹാഡി തിരിച്ചെത്തിയതിന്റെ ആശ്വാസത്തിലാണ് അധികൃതര്‍.
2,228 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന കോസിയോസ്‌കോ കൊടുമുടി ആസ്‌ട്രേലിയയിലെ ഏറ്റവും വലിയ കൊടുമുടികളിലൊന്നാണ്.