കാലിഫോര്‍ണിയ: വിക്ഷേപിച്ച് 53 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ബഹിരാകാശ പേടകം ഭൂമിയെ ലക്ഷ്യമാക്കി തിരികെ വരുന്നതിന്‍റെ വാര്‍ത്ത ശാസ്ത്രലോകത്തെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നു. 1972-ല്‍ ശുക്രനിലേക്ക് സോവിയറ്റ് യൂണിയന്‍ വിക്ഷേപിച്ച 500 കിലോഗ്രാം ഭാരമുള്ള 'കോസ്മോസ് 482' എന്ന പേടകമാണ് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് അനിയന്ത്രിതമായി പ്രവേശിക്കാനൊരുങ്ങുന്നത്. കോസ്മോസ് 482 കത്തിച്ചാമ്പലാകുമോ അതോ അവശിഷ്ടങ്ങള്‍ ഭൂമിയില്‍ പതിക്കുമോ എന്ന് ഇപ്പോള്‍ പ്രവചിക്കുക അസാധ്യമാണ് എന്നാണ് വിലയിരുത്തലുകള്‍.
ശുക്രനിലേക്ക് 1972 മാര്‍ച്ച് 31-ന് സോവിയറ്റ് യൂണിയന്‍ വിക്ഷേപിച്ച 500 കിലോയോളം ഭാരമുള്ള കോസ്‌മോസ് 482 പേടകം 2025 മെയ് 10-ാം തിയതിയോടെ ഭൂമിയില്‍ തിരികെ പ്രവേശിക്കുമെന്നാണ് ഡച്ച് സാറ്റ്‌ലൈറ്റ് ട്രാക്കറായ മാര്‍ക്കോ ലാംഗ്‌ബ്രോക്ക് പറയുന്നത്. മണിക്കൂറില്‍ ഏകദേശം 250 കിലോമീറ്റര്‍ വേഗത്തിലായിരിക്കും ഇത് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കുതിച്ചെത്തുക. എന്നാല്‍ കോസ്മോസ് 48 പേടകം ഭൂമിയിലേക്ക് തിരികെ പ്രവേശിക്കുന്നതിനെ അത്ര ഭയക്കേണ്ടതില്ലെന്ന് ലാംഗ്‌ബ്രോക്ക് പറയുന്നു. പേടകം അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ പൂര്‍ണമായും കത്തിത്തീര്‍ന്നേക്കാമെന്ന് മറ്റനവധി ബഹിരാകാശ ശാസ്ത്രജ്ഞരും കണക്കുകൂട്ടുന്നു.
ഇക്കാലത്തെ ബഹിരാകാശ പേടകങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വലിപ്പവും ഭാരവും കുറവാണ് എന്നതിനാല്‍ ഉല്‍ക്കാശില പതിക്കുന്നതിന് സമാനമായ അപകടസാധ്യതയേ കോസ്‌മോസ് 482 പേടകം ഉയര്‍ത്തൂവെന്ന് മാര്‍ക്കോ ലാംഗ്‌ബ്രോക്ക് ഉദ്ദരിച്ച് രാജ്യാന്തര മാധ്യമമായ ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. എല്ലാ വര്‍ഷവും അനേരം ഉല്‍ക്കാശിലകള്‍ ഇത്തരത്തില്‍ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കാറുണ്ടെന്നും അവ കത്തിത്തീരാറാണ് പതിവെന്നും ലാംഗ്‌ബ്രോക്ക് ഓര്‍മ്മിപ്പിക്കുന്നു. അതേസമയം ഭൂമിയുടെ അന്തരീക്ഷത്തിലെത്തുമ്പോള്‍ കത്തിത്തീരാനാണ് സാധ്യതയെങ്കിലും ഭൂമിയില്‍ കോസ്‌മോസ് 482 പേടകം പതിക്കാനുള്ള സാധ്യത പൂര്‍ണമായും അദേഹം തള്ളിക്കളയുന്നില്ല.
വളരെ വര്‍ഷങ്ങള്‍ക്കുമുമ്പ് ശുക്രനിലേക്ക് അയച്ചതാണ് ഈ സോവിയറ്റ് പേടകം. എന്നാൽ റോക്കറ്റിന്‍റെ സാങ്കേതിക തകരാർ കാരണം കോസ്‌മോസ് 482 ഒരിക്കലും ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്ന് പുറത്തുകടന്നില്ല. ശുക്ര ദൗത്യത്തിനയച്ച ഈ ബഹിരാകാശ പേടകം എപ്പോള്‍, എവിടെ വച്ച് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമെന്നതും ഇടിച്ചിറങ്ങുമോ എന്നതും ഇപ്പോള്‍ പ്രവചനാതീതമാണ്. കോസ്‌മോസ് 482 ബഹിരാകാശ പേടകം ഏതെങ്കിലും ജലാശയത്തില്‍ പതിക്കാനാണ് കൂടുതല്‍ സാധ്യതയെങ്കിലും, അത് കരയില്‍ പതിക്കാനും ചെറിയ സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു.
ആശങ്കയ്ക്ക് കാരണമുണ്ട്
മിക്ക ബഹിരാകാശ വസ്തുക്കളും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ കത്തിച്ചാമ്പലാവുകയാണ് സാധാരണയായി ചെയ്യുന്നത്. എന്നാല്‍, ശുക്രനിലെ ഉയര്‍ന്ന മര്‍ദ്ദം, കഠിനമായ ചൂട് എന്നിവയെ അതിജീവിക്കാന്‍ കഴിയുന്ന തരത്തില്‍ രൂപകല്‍പ്പനചെയ്ത ഈ കോസ്മോസ് 482 പേടകം ഭൂമിയിലേക്കുള്ള പുനഃപ്രവേശത്തെ അതിജീവിക്കാന്‍ നേരിയ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. എങ്കിലും ദൈര്‍ഘ്യമേറിയ പുനഃപ്രവേശ പാതയും വസ്തുവിന്‍റെ പഴക്കവും ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ കോസ്മോസ് 482 കത്തിയമരാതെ ഭൂമിയില്‍ പതിക്കാനുള്ള കാരണം സാധ്യതയെ തള്ളിക്കളയുന്നതാണ്. ഇതിനകം തന്നെ കോസ്മോസ് 482-ന്‍റെ പല ഭാഗങ്ങളും തകര്‍ന്നുകഴിഞ്ഞു. അവശേഷിക്കുന്ന ഗോളാകൃതിയിലുള്ള വസ്തു ആയ ലാൻഡിംഗ് കാപ്‌സ്യൂൾ കഴിഞ്ഞ 53 വർഷമായി വളരെ ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ ചുറ്റിക്കറങ്ങി ക്കൊണ്ടിരിക്കുകയാണ്.