/kalakaumudi/media/media_files/2025/11/02/ophwdytg-2025-11-02-08-56-57.jpg)
ഖാര്‍ത്തും: ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് സുഡാനില്‍ സംഘര്‍ഷം രൂക്ഷം. കൂട്ടക്കൊലകള്‍ വ്യാപകമായി. സുഡാനിലെ എല്‍ ഫാഷര്‍ നഗരം പിടിച്ച് അര്‍ധസൈനിക വിഭാഗം നടത്തിയ കൂട്ടക്കൊല ഘട്ടം ഘട്ടമായി നടത്തിയ ആസൂത്രിത ആക്രമണമാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. 460 പേരാണ് നഗരത്തിലെ സൗദി ഹോസ്പിറ്റലില്‍ കൂട്ടക്കൊലയ്ക്കിരയായത്. 18 മാസമായി എല്‍ ഫാഷര്‍ വളഞ്ഞിരുന്ന റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സസ് (ആര്‍എസ്എഫ്) വീടുകളിലും ആശുപത്രിയിലും ആക്രമണം നടത്തുകയായിരുന്നു. ഒട്ടേറെപ്പേര്‍ ലൈംഗിക അതിക്രമത്തിനുമിരയായി.
ആശുപത്രിയിലെത്തിയവര്‍ ആദ്യം ഡോക്ടര്‍മാരെയും നഴ്‌സുമാരെയും തട്ടിക്കൊണ്ടുപോയി. പിന്നീടു മടങ്ങിയെത്തി മറ്റു ജീവനക്കാരെയും രോഗികളെയും കൂട്ടിരിപ്പുകാരെയും വെടിവച്ചു കൊന്നു. മൂന്നാം തവണയും വന്ന് ബാക്കിയുള്ളവരെക്കൂടി കൊന്നു. സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തൂമില്‍നിന്ന് 800 കിലോമീറ്റര്‍ അകലെയുള്ള എല്‍ ഫാഷര്‍ ഭാഗികമായി മരുഭൂമിയാണ്. യുഎന്‍ കണക്കനുസരിച്ച് ആഭ്യന്തരയുദ്ധത്തില്‍ 40,000നു മുകളിലാണ് മരണസംഖ്യ.
സുഡാന്‍ സൈന്യവും വിമത സേനയായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സുമായാണ് ഏറ്റുമുട്ടല്‍. ഒരു വര്‍ഷമായി ഏറ്റുമുട്ടല്‍ തുടരുകയാണെങ്കിലും എല്‍ ഷാഫര്‍ നഗരം ദിവസങ്ങള്‍ക്കു മുന്‍പ് വിമതര്‍ പിടിച്ചതോടെയാണ് കൂട്ടക്കൊല ആരംഭിച്ചത്. ന്യൂനപക്ഷ വിഭാഗങ്ങളെയും, തങ്ങളെ എതിര്‍ക്കുന്നവരെയുമാണ് റാപ്പിഡ് സപ്പോര്‍ട് ഫോഴ്‌സ് അതിക്രൂരമായി കൊല ചെയ്യുന്നത്. രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ 2,000 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
Also Read:
https://www.kalakaumudi.com/international/2000-people-killed-in-sudan-10612868
സുഡാനിലെ പ്രശ്‌നം
രാജ്യം ഇപ്പോള്‍ സുഡാന്‍ സൈന്യമായ എസ്.എ.എഫ് നിയന്ത്രിക്കുന്ന കിഴക്കും, വിമത സേനയായ ആര്‍.എസ്.എഫ് നിയന്ത്രിക്കുന്ന പടിഞ്ഞാറും ആയി വിഭജിക്കപ്പെട്ടിരിക്കുന്നു. പടിഞ്ഞാറന്‍ സുഡാനിലെ ഒരു പ്രധാന സംസ്ഥാനമാണ് ദാര്‍ഫുര്‍. ദാര്‍ഫുറിന്റെ തലസ്ഥാനമായ എല്‍ ഫാഷര്‍ നഗരം വിമത സൈന്യമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സ് (ആര്‍.എസ്.എഫ്) പിടിച്ചെടുത്തതിനുശേഷം ആയിരക്കണക്കിന് ആളുകള്‍ കൂട്ടക്കൊലക്കിരയാക്കപ്പെടുന്നുവെന്ന ഭയാനകമായ റി?പ്പോര്‍ട്ടുകള്‍ ആണ് വരുന്നത്.
രണ്ടു വര്‍ഷത്തോളം നീണ്ട ആര്‍.എസ്.എഫിന്റെ ഉപരോധത്തിനു ശേഷം ഒക്ടോബര്‍ 26ന് എല്‍ ഫാഷര്‍ അവരുടെ കൈകളിലായി. തുടര്‍ന്ന് വിമതസൈന്യം അതിനകത്ത് കുടുങ്ങിയ ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഭക്ഷണവും അവശ്യവസ്തുക്കളും എത്തിക്കുന്ന വഴികള്‍ അടച്ചു. ഇത് കഠിനമായ പട്ടിണിയും മരണങ്ങളും കൂട്ടക്കൊലകളും സംബന്ധിച്ച ആശങ്കയേറ്റിയിരിക്കുകയാണ്.
കഴിഞ്ഞ രണ്ടര വര്‍ഷമായി ആഭ്യന്തരയുദ്ധത്തില്‍ വലയുകയാണ് ആഫ്രിക്കന്‍ രാജ്യമായ സുഡാന്‍. ഇക്കാലയളവില്‍ 40,000ത്തോളം പേര്‍ കൊല്ലപ്പെടുകയും 1.2 കോടി ആളുകള്‍ സ്വന്തം സ്ഥലങ്ങളില്‍ നിന്ന് കുടിയിറക്കപ്പെടുകയും ചെയ്തുവെന്നാണ് യു.എന്‍ കണക്ക്.
12 ലക്ഷത്തോളം സുഡാനികള്‍ താമസിക്കുന്ന എല്‍ ഫാഷര്‍ നഗരത്തെ 18 മാസമായി ഉപരോധിച്ചു വരികയാണ് വിമത സായുധ സേനയായ ആര്‍.എസ്.എഫ്. 56 കിലോമീറ്റര്‍ ദൂരപരിധിയില്‍ തടസ്സങ്ങള്‍ തീര്‍ത്ത് ഭക്ഷണത്തിന്റെയും മരുന്നിന്റെയും പ്രവേശനം തടയുകയും രക്ഷപ്പെടാനുള്ള വഴികള്‍ അടക്കുകയും ചെയ്തു അവര്‍.
രണ്ട് ദിവസത്തിനുള്ളില്‍ 26,000ത്തിലധികം ആളുകളാണ് എല്‍ ഫാഷറില്‍ നിന്ന് പലായനം ചെയ്തത്. അവരില്‍ ഭൂരിഭാഗവും കാല്‍നടയായി 70 കിലോമീറ്റര്‍ പടിഞ്ഞാറുള്ള തവിലയിലേക്കാണ് പോയത്. തവിലയാവട്ടെ അഭയാര്‍ഥികളെ താങ്ങാനാവാതെ നിറഞ്ഞുകവിയുകയാണ്. ഇന്റര്‍നാഷനല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്റെ കണക്കു പ്രകാരം 17,7000 സിവിലിയന്മാര്‍ നിലവില്‍ എല്‍ ഫാഷറില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.
'അല്‍ ജസീറ' ഓണ്‍ലൈനില്‍ പങ്കിട്ട വിഡിയോകളില്‍ ആര്‍.എസ്.എഫ് സേന ആളുകളെ വധിക്കുന്നതും ക്രൂരമായി പീഡനത്തിനിരയാക്കുന്നതും കാണിക്കുന്നു. ജീവനുംകൊണ്ട് പലായനം ചെയ്യുന്നവരെപോലും നിര്‍ദാക്ഷ്യണ്യം വധിക്കുന്നുവെന്നും കൊലപാതകങ്ങള്‍ക്ക് വംശീയമായ പ്രേരണകളുടെ സൂചനകള്‍ ഉണ്ടെന്നും യു.എന്‍ മനുഷ്യാവകാശ ഓഫിസ് പുറത്തുവിട്ടു. ഉപഗ്രഹ ചിത്രങ്ങളും റിമോട്ട് സെന്‍സിങ് ഡാറ്റയും ഉപയോഗിച്ച് 'യേല്‍ ഹ്യുമാനിറ്റേറിയന്‍ റിസര്‍ച്ച് ലാബ്' നടത്തിയ വിശകലനം കൂട്ടക്കൊലകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുന്നു.
ഒക്ടോബര്‍ 25ന് ആര്‍.എസ്.എഫ് നിയന്ത്രണം പിടിച്ചെടുത്തതായി പ്രഖ്യാപിച്ച അയല്‍ സംസ്ഥാനമായ നോര്‍ത്ത് കോര്‍ദോഫാനിലെ ബാരയിലും അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അവിടെയും അവര്‍ സാധാരണക്കാരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും ആക്രമിക്കുന്നു. നിലവില്‍ സുഡാന്‍ സെന്യമായ എസ്.എ.എഫിന്റെ നിയന്ത്രണത്തിലുള്ളതും എന്നാല്‍ ആര്‍.എസ്.എഫ് പിടിച്ചെടുക്കാന്‍ മുന്നേറുന്നതുമായ തന്ത്രപ്രധാന നഗരമായ എല്‍ ഒബൈദിനു സമീപമാണ് ബാര.
പടിഞ്ഞാറന്‍ സുഡാനില്‍ സ്ഥിതിചെയ്യുന്ന പ്രധാന നഗരങ്ങളാണ് ഇവ രണ്ടും. അവയിപ്പോള്‍ മുഖ്യ യുദ്ധക്കളങ്ങളായി മാറിയിരിക്കുന്നു. രാജ്യത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് ആര്‍.എസ്.എഫ് ഇതിനകം ആഴത്തില്‍ വേരൂന്നിക്കഴിഞ്ഞു. അവിടെ ആര്‍.എസ്.എഫിന് കീഴടങ്ങാത്ത ദാര്‍ഫുറിലെ അവസാനത്തെ പ്രധാന നഗരമായിരുന്നു എല്‍ ഫാഷര്‍. ഈ ആഴ്ച അതും പിടിച്ചെടുത്തതോടെയാണ് രാജ്യം ആര്‍.എസ്.എഫ് നിയന്ത്രിത പടിഞ്ഞാറും എസ്.എ.എഫ് നിയന്ത്രിത കിഴക്കും ആയി വിഭജിക്കപ്പെട്ടത്. ആര്‍.എസ്എഫ് ദാര്‍ഫുറിലുടനീളം സമാന്തര സര്‍ക്കാര്‍ ഭരണം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, കിഴക്കന്‍-മധ്യ-വടക്കന്‍ ശക്തി കേന്ദ്രങ്ങളിലാണ് സുഡാനീസ് സൈന്യമുള്ളത്.
സുഡാന്റെ സ്വര്‍ണത്തിന്റെ ഒരു പ്രധാന ഉറവിടമാണ് ദാര്‍ഫുര്‍ മേഖല. ഇറ്റാലിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍നാഷണല്‍ പൊളിറ്റിക്കല്‍ സ്റ്റഡീസിന്റെ 2024ലെ ഒരു റിപ്പോര്‍ട്ടനുസരിച്ച്, സുഡാനിലെ സ്വര്‍ണത്തിനായുള്ള പോരാട്ടം യുദ്ധത്തിന്റെ ഒരു പ്രേരകശക്തിയാണെന്ന് ചൂണ്ടിക്കാണിക്കുന്നു. എല്‍ ഫാഷര്‍ പിടിച്ചെടുത്തതോടെ ദക്ഷിണ സുഡാന്‍, ചാഡ്, ലിബിയ എന്നീ രാജ്യങ്ങളിലെ തന്ത്രപരമായതും വിശാലവുമായ അതിര്‍ത്തി പ്രദേശത്തിന്റെ മുഴുവന്‍ നിയന്ത്രണവും ആര്‍.എസ്.എഫിന് ലഭിച്ചുകഴിഞ്ഞു.
ദാര്‍ഫുറിനടുത്തുള്ള നോര്‍ത്ത് കോര്‍ദോഫാന്‍ സംസ്ഥാനത്തിന്റെ എണ്ണ സമ്പന്നമായ തലസ്ഥാനമാണ് അല്‍ ഒബൈദ്. ഇത് ദാര്‍ഫുറിനും സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തൂമിനും ഇടയിലെ തന്ത്രപരമായ കണ്ണിയാണ്. നിലവില്‍ എസ്.എ.എഫിന്റെ നിയന്ത്രണത്തിലുള്ള എല്‍ ഒബൈദിനെ വരുതിയിലാക്കാന്‍ ശ്രമിക്കുകയാണ് വിമത സൈന്യം. അങ്ങനെയെങ്കില്‍ ഖാര്‍ത്തൂം ബേസിനും വിമത ?സൈസന്യത്തിന്റെ പ്രദേശത്തിനും ഇടയിലുള്ള ഈ നിര്‍ണായക കേന്ദ്രം സുഡാന്‍ സൈന്യത്തിന്റെ കയ്യില്‍ നിന്നും വിട്ടുപോവുമെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു.
ഒക്ടോബര്‍ 25ന് എല്‍ ഒബൈദില്‍ നിന്ന് വെറും 59 കിലോമീറ്റര്‍ മാത്രം അകലെയുള്ള ബാര പിടിച്ചെടുത്തതായി ആര്‍.എസ്.എഫ് പ്രഖ്യാപിച്ചതോടെ ഇതിനുള്ള സാധ്യത ഏറിയിരിക്കുയാണ്. ബാരയില്‍ നിന്നും എല്‍ ഒബൈദിനെതിരെ ആക്രമണം അഴിച്ചുവിടുകയും അതിനെ ഉപരോധിക്കാന്‍ ശ്രമിക്കുകയും ചെയ്ത് ആര്‍.എസ്.ഫ് ഇവിടേക്ക് കൂടുതല്‍ അടുക്കുന്നതായാണ് റി???പ്പോര്‍ട്ട്.
കഴിഞ്ഞ ഏപ്രില്‍ 11ന്, ആര്‍.എസ്.എഫ് നോര്‍ത്ത് ദാര്‍ഫുറിലെ സംസം അഭയാര്‍ഥി ക്യാമ്പിലേക്ക് ഇരച്ചുകയറി കുടിലുകളും കടകളും കത്തിച്ചു. ഡോക്ടര്‍മാരെയടക്കം വധിച്ചു. പാലായനം ചെയ്യാന്‍ ശ്രമിച്ച സാധാരണക്കാര്‍ക്കു നേരെ വെടിയുതിര്‍ത്തു. അതില്‍ പുരുഷന്മാരും സ്ത്രീകളും കുട്ടികളും പ്രായമായവരും ഉള്‍പ്പെടെ കുറഞ്ഞത് 500 പേര്‍ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് ആളുകളെ നിര്‍ബന്ധിതമായി കുടിയിറക്കുകയും ചെയ്തു. ഒരു സൈനിക ബാരക്കാണെന്നാണ് അതിനുമുമ്പ് ഇവര്‍ സംസമിനെക്കുറിച്ച് പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍, ആര്‍.എസ്.എഫ് ഉപദേഷ്ടാവ് അലി മുസബെല്‍ തന്റെ അവകാശവാദത്തിന് ഒരു തെളിവും നല്‍കിയി?ട്ടില്ലെന്ന് അല്‍ ജസീറ ചൂണ്ടിക്കാട്ടുന്നു.
സംസമിനെ ഒരു സൈനിക മേഖലയായി മുദ്രകുത്തുന്നതിലൂടെ, ഗസ്സ മുനമ്പിലെ ആശുപത്രികളിലും സ്‌കൂളുകളിലും നടത്തിയ ബോംബാക്രമണം ന്യായീകരിക്കാന്‍ ഇസ്രായേലിന്റെ അതേ മാതൃകയാണ് ആര്‍.എസ്.എഫ് പ്രയോഗിക്കുന്നതെന്ന് സുഡാനിലെ മനുഷ്യാവകാശ അഭിഭാഷകനായ റിഫാത്ത് മകാവി പറയുന്നു. ഇത് യാദൃച്ഛികമല്ലെന്നും പോരാളികളായോ യുദ്ധോപകരണങ്ങളായോ ആയി മുദ്രകുത്തി സാധാരണക്കാരുടെ നിയമപരമായ സംരക്ഷണം ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടുള്ള ബോധപൂര്‍വമായ നടപടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധസമയത്ത് സാധാരണക്കാരെ സംരക്ഷിക്കുന്നതിനായി നിര്‍മിച്ച നിയമ ചട്ടക്കൂടായ അന്താരാഷ്ട്ര മാനുഷിക നിയമത്തില്‍ നിന്നുള്ള പദപ്രയോഗങ്ങള്‍ സുഡാനിലെ ആഭ്യന്തരയുദ്ധത്തിലുടനീളം ക്രൂരതകള്‍ക്കായി ആര്‍.എസ്.എഫ് തിരിച്ചു പ്രയോഗിച്ചു.
ഫലസ്തീനികളെ കൊല്ലുന്നതിനും അടിച്ചമര്‍ത്തുന്നതിനുമെതിരിലുള്ള വിമര്‍ശനങ്ങളെ ചെറുക്കാന്‍ വര്‍ഷങ്ങളായി ഇസ്രായേലും ഇതേ രീതി ഉപയോഗിക്കുന്നുവെന്ന് നിയമ വിദഗ്ധര്‍ പറയുന്നു. 2023 ഒക്ടോബര്‍ 7ന് ഗസ്സയില്‍ വംശഹത്യ യുദ്ധം ആരംഭിച്ചതിനുശേഷം അത് ഇരട്ടിയായി.
ഗസ്സയിലെ ആശുപത്രികള്‍ ഹമാസിന്റെ 'നിയന്ത്രണ-ആജ്ഞാ കേന്ദ്രങ്ങള്‍' ആണെന്ന് അവകാശവാദമുന്നയിച്ചാണ് ഇസ്രായേല്‍ തകര്‍ത്തത്. സംരക്ഷിക്കപ്പെടേണ്ട ആരോഗ്യ കേന്ദ്രങ്ങളെ ആക്രമിക്കുന്നതിനെ ന്യായീകരിക്കാന്‍ ഇതിലൂടെ അവര്‍ ശ്രമിക്കുന്നു. സിവിലിയന്മാര്‍ക്കെതിരായ മനഃപൂര്‍വമായ ആക്രമണങ്ങളെ ന്യായീകരിക്കുന്നതിന് ഹമാസ് അവര്‍ക്കിടയില്‍ ഒളിച്ചിരിക്കുന്നുവെന്നും അവരെ 'മനുഷ്യ കവചങ്ങളായി' ഉപയോഗിക്കുന്നുവെന്നുമാണ് ഇസ്രായേല്‍ അവകാശപ്പെടുന്നത്.
കൂടാതെ, സിവിലിയന്മാരെ കൂട്ടത്തോടെ പുറത്താക്കുന്നതിനെ അവര്‍ 'മാനുഷിക ഒഴിപ്പിക്കലുകളായി' മുദ്രകുത്തുന്നു. ആളുകള്‍ക്ക് അവരുടെ മുഴുവന്‍ ജീവിതവും രണ്ടു കൈകളിലേക്കെടുത്ത് ബോംബുകളില്‍ നിന്ന് രക്ഷപ്പെടാന്‍ ഏതാനും മണിക്കൂറുകള്‍ നല്‍കുകയും അതിനിടയില്‍ കൊന്നു തള്ളുകയും ചെയ്യുന്നു.
ആര്‍.എസ്.എഫ് ഇസ്രായേലിന്റെ ഇ?തേ തന്ത്രം കൂടുതലായി സ്വീകരിക്കുന്നുവെന്ന് പ്രാദേശിക നിരീക്ഷകരും നിയമ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. 'സുഡാനില്‍ ആര്‍.എസ്.എഫ് ഉന്നയിക്കുന്ന അവകാശവാദങ്ങള്‍ ഗസ്സയില്‍ ഇസ്രായേല്‍ ഉന്നയിക്കുന്ന അവകാശവാദങ്ങളുമായി സാമ്യമുള്ളതാണ്. കൂട്ടക്കൊലക്കും വംശഹത്യക്കും ഒരേ ഉറവിടത്തിന്റെ ആവിര്‍ഭാവത്തെ ഇത് വെളിപ്പെടുത്തുന്നു'വെന്ന് നോട്ടിംഗ്ഹാം ലോ സ്‌കൂളിലെ സീനിയര്‍ ലക്ചറര്‍ ലൂയിജി ഡാനിയേല്‍ പറഞ്ഞു.
ഇതിനു പുറമെ, മറ്റു ചില സൂചനകള്‍ കൂടി റി??പ്പോര്‍ട്ടുകള്‍ നല്‍കുന്നു. യമനിലെ ഹൂതികളുടെ ഉപരോധം ചെങ്കടലിലെ ഇസ്രായേലിന്റെ കപ്പല്‍ പാതകളെ ഞെരുക്കുന്നത് തുടരുന്ന സാഹചര്യത്തില്‍ സുഡാനിലെ തുറമുഖം ഇസ്രായേലിലേക്കുള്ള ചരക്കുകളുടെ ഒരു പ്രധാന പാതയായി മാറിയിരിക്കുന്നു എന്നതാണത്. ഹൂതി നേതാവ് അന്‍സാറുല്ലയുടെ ഉപരോധം മറികടന്ന് തെക്കന്‍ ഇസ്രായേലിലെ തുറമുഖമായ എയ്ലാത്തിലേക്ക് കപ്പലുകള്‍ക്ക് പോവാന്‍ സുഡാന്‍ തുറമുഖം ഉപയോഗിച്ചുവരുന്നു.
ഗസ്സയില്‍ വംശഹത്യ ആരംഭിച്ചതുമുതല്‍, ഇസ്രായേലും അതിന്റെ പങ്കാളികളും വ്യാപാര- ഊര്‍ജ കയറ്റുമതി നിലനിര്‍ത്താന്‍ ചെങ്കടലിന്റെ സമീപമുള്ള കര ഇടനാഴികളെയും ബദല്‍ തുറമുഖങ്ങളെയും ആശ്രയിച്ചിരുന്നു. ഗസ്സക്കുവേണ്ടി പ്രതിരോധമൊരുക്കാന്‍ യമന്‍ അടച്ചുപൂട്ടിയ സംവിധാനങ്ങള്‍ രാഷ്ട്രീയ ലാഭത്തിനും ആനുകൂല്യത്തിനും വേണ്ടി സുഡാനിലെ ജനറല്‍മാര്‍ വീണ്ടും തുറന്നു നല്‍കിയെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നു.
ദാര്‍ഫുറിലെ നാടോടികളായ അറബ് മിലിഷ്യകളില്‍ നിന്നാണ് ആര്‍.എസ്.എഫ് ഉയര്‍ന്നുവന്നത്. അവര്‍ ചെയ്ത എണ്ണമറ്റ അതിക്രമങ്ങളുടെ പേരില്‍ 'ജന്‍ജവീദ്' (കുതിരപ്പുറത്ത് കയറുന്ന പിശാചുക്കള്‍) എന്നറിയപ്പെട്ടു. അവരുടെ ക്രൂരതയില്‍ സകലരും ഭയപ്പെട്ടു.
2013ല്‍, പ്രസിഡന്റ് ഒമര്‍ അല്‍ ബഷീര്‍ ജന്‍ജവീദിനെ 100,000ത്തോളം അംഗങ്ങളുള്ള ആര്‍.എസ്.എഫ് ആയി ഔദ്യോഗികമാക്കി പ്രഖ്യാപപിച്ചു. തുടര്‍ന്ന്, 2017ലെ നിയമത്തിലൂടെ സ്വതന്ത്ര സുരക്ഷാ സേന എന്ന നിലയില്‍ അതിന് കൂടുതല്‍ അധികാരം നല്‍കി.
2019 ലെ ജനകീയ പ്രക്ഷോഭത്തിനിടെ അല്‍ ബഷീറിനെ അട്ടിമറിക്കാന്‍ ആര്‍.എസ്.എഫും രംഗത്തിറങ്ങി. അട്ടിമറിക്ക് തൊട്ടുപിന്നാലെ, മനുഷ്യാവകാശ പരിശീലനം നേടുന്നതിനായി ആര്‍.എസ്.എഫ് ഇന്റര്‍നാഷണല്‍ കമ്മിറ്റി ഫോര്‍ റെഡ് ക്രോസ് യുമായി ഒരു ധാരണാപത്രത്തില്‍ ഒപ്പുവച്ചു. തുടര്‍ന്ന് 2021ല്‍, സിവിലിയന്‍ പ്രധാനമന്ത്രി അബ്ദുല്ല ഹംദോക്കിനെ അട്ടിമറിക്കാന്‍ എസ്.എ.എഫുമായി സഖ്യമുണ്ടാക്കി. അങ്ങനെ സിവിലിയന്‍ സര്‍ക്കാറിനെയും അവസാനിപ്പിച്ചു. 2021 വരെ സുഡാന്‍ സൈന്യമായ എസ്.എ.എഫും ആര്‍.എസ്.എഫും അടുത്ത സഖ്യത്തിലായിരുന്നു.
ആര് രാജ്യത്തെ നയിക്കും എന്നതിനെച്ചൊല്ലി ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷം വളര്‍ന്നു. ഇത് 2023 ഏപ്രില്‍ 15 ന് ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെടാന്‍ കാരണമായി. സംഘര്‍ഷത്തില്‍ ഇരുവിഭാഗവും അതിക്രമങ്ങള്‍ നടത്തിയതായി മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചു. എന്നാല്‍, ആര്‍.എസ്.എഫ് പിടിച്ചെടുക്കുന്ന ഏത് സ്ഥലത്തും കൂടുതല്‍ കൂട്ടക്കൊലകള്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു.
എസ്.എ.എഫിന്റെ കമാന്‍ഡറും രാജ്യത്തിന്റെ ഔദ്യോഗിക നേതാവുമായ ജനറല്‍ അബ്ദുല്‍ ഫത്തഹ് അല്‍ ബുര്‍ഹാന്‍, ആര്‍.എസ്.എഫിന്റെ വ്യവസ്ഥാപിതമായ നശീകരണവും സിവിലിയന്‍ കൂട്ടക്കൊലയും ഒഴിവാക്കാനാണ് എല്‍ ഫാഷറില്‍ നിന്ന് തന്റെ സൈന്യം പിന്‍വാങ്ങിയതെന്ന് പ്രഖ്യാപിച്ചു. ജനങ്ങള്‍ക്കെതിരെ നടത്തിയ അതിക്രമങ്ങള്‍ക്ക് പ്രതികാരം ചെയ്യുമെന്നും അ?ദ്ദേഹം പറഞ്ഞു. ആര്‍.എസ്.എഫിനെതിരെ നടപടിയെടുക്കാത്തതിന് അന്താരാഷ്ട്ര സമൂഹത്തെ കുറ്റപ്പെടുത്തി വിദേശകാര്യ മന്ത്രി ഹുസൈന്‍ അല്‍ അമീനും രംഗത്തുവന്നിരിക്കുകയാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
