മുന്‍ ഐഎസ്ഐ മേധാവിക്ക് 14 വര്‍ഷം തടവുശിക്ഷ വിധിച്ച് പാക്ക് സൈനിക കോടതി

ദീര്‍ഘവും ശ്രമകരവുമായ നിയമനടപടികള്‍ക്ക് ശേഷം, ചുമത്തപ്പെട്ട എല്ലാ കുറ്റങ്ങളും തെളിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഫായിസ് ഹമീദിനെ 14 വര്‍ഷത്തെ തടവുശിക്ഷക്ക് സൈനിക കോടതി വിധിക്കുകയായിരുന്നുവെന്ന് സൈന്യം പ്രസ്താവനയില്‍ അറിയിച്ചു

author-image
Biju
New Update
isi

ഇസ്ലാമാബാദ്: പാക്ക് ചാരസംഘടനയായ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സിന്റെ (ഐഎസ്‌ഐ) മുന്‍ മേധാവി ഫായിസ് ഹമീദിന് 14 വര്‍ഷത്തെ തടവുശിക്ഷ വിധിച്ച് സൈനിക കോടതി. ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചതിനും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനും ഉള്‍പ്പെടെ നിരവധി കുറ്റങ്ങള്‍ ചുമത്തിയാണ് കോടതി ശിക്ഷ വിധിച്ചത്. ഐഎസ്‌ഐയുടെ ഒരു മുന്‍ മേധാവി ശിക്ഷിക്കപ്പെടുന്നത് ഇത് ആദ്യമായാണ്.

പാക്ക് സൈനിക നിയമത്തിലെ വ്യവസ്ഥകള്‍പ്രകാരം ഫായിസ് ഹമീദിനെതിരെ 2024 ഓഗസ്റ്റ് 12നാണ് കോര്‍ട്ട് മാര്‍ഷല്‍ നടപടികള്‍ ആരംഭിച്ചത്. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക, രാജ്യത്തിന്റെ സുരക്ഷയ്ക്കും താല്‍പ്പര്യങ്ങള്‍ക്കും ഹാനികരമായ രീതിയില്‍ ഔദ്യോഗിക രഹസ്യ നിയമം ലംഘിക്കുക, അധികാര ദുര്‍വിനിയോഗവും സര്‍ക്കാര്‍ വിഭവങ്ങള്‍ ദുരുപയോഗം ചെയ്യലും, വ്യക്തികള്‍ക്ക് അന്യായമായി നഷ്ടമുണ്ടാക്കുക എന്നിങ്ങനെ നാലു കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയത്.

ദീര്‍ഘവും ശ്രമകരവുമായ നിയമനടപടികള്‍ക്ക് ശേഷം, ചുമത്തപ്പെട്ട എല്ലാ കുറ്റങ്ങളും തെളിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഫായിസ് ഹമീദിനെ 14 വര്‍ഷത്തെ തടവുശിക്ഷക്ക് സൈനിക കോടതി വിധിക്കുകയായിരുന്നുവെന്ന് സൈന്യം പ്രസ്താവനയില്‍ അറിയിച്ചു. ഹൗസിങ് പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ 2024 ഓഗസ്റ്റില്‍ ഫായിസ് ഹമീദിനെ അറസ്റ്റു ചെയ്തിരുന്നു.

2019 മുതല്‍ 2021 വരെ ഫായിസ് ഹമീദ് ഐഎസ്‌ഐ മേധാവിയായിരുന്നു. പാക്കിസ്ഥാന്റെ നിലവിലെ സംയുക്ത പ്രതിരോധ സേന മേധാവി (ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്  സിഡിഎഫ്) ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍ ഐഎസ്‌ഐ മേധാവിയായിരിക്കുമ്പോള്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിനു മുമ്പേ അദ്ദേഹത്തെ മാറ്റിയാണു ഫായിസ് ഹമീദിനെ നിയമിച്ചത്.

അന്നു പ്രധാനമന്ത്രിയായിരുന്ന ഇമ്രാന്‍ ഖാന് അസിം മുനീറിനോടുള്ള അപ്രീതിയെത്തുടര്‍ന്നാണ് അദ്ദേഹത്തെ മാറ്റിയതെന്നുള്ള ആരോപണം ശക്തമായിരുന്നു. പിന്നീട് സൈന്യം നേരിട്ടിടപെട്ട് ഹമീദിനെ ഐഎസ്‌ഐ നേതൃസ്ഥാനത്തുനിന്നു മാറ്റിയതോടെയാണു പാക്കിസ്ഥാനില്‍ ഇമ്രാന്‍ ഖാനും സൈന്യവും തമ്മില്‍ ഭിന്നത ശക്തമാകുകയും ഇമ്രാന്റെ പുറത്താകലിലേക്ക് എത്തിയതും.