/kalakaumudi/media/media_files/2025/01/14/mFxV1ONzrVFFK1nJI1XZ.jpg)
ഇന്‍സ്റ്റഗ്രാമില്‍ പ്രശസ്ത ഹോളിവുഡ് നടന്‍ ബ്രാഡ് പിറ്റാണെന്നു പരിചയപ്പെടുത്തി ഫ്രഞ്ച് യുവതിയില്‍ നിന്നും ഒരു വര്‍ഷത്തിനിടെ തട്ടിയെടുത്തത് 8,00,000 യൂറോ (ഏകദേശം ഏഴു കോടിയോളം രൂപ). ഭാര്യ ആഞ്ജലീന ജോളിയുമായുള്ള വിവാഹ മോചനത്തെത്തുടര്‍ന്ന് തന്റെ ബാങ്ക് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും കിഡ്‌നി ചികിത്സയ്ക്കായി സഹായിക്കണമെന്നും ആവശ്യപ്പെട്ടാണ് സൈബര്‍ കുറ്റവാളി ബ്രാഡ് പിറ്റെന്ന പേരില്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട 53 കാരിയില്‍ നിന്നു പണം തട്ടിയെടുത്തത്.
ഒരു യാത്രയ്ക്കിടെ ബ്രാഡ് പിറ്റിന്റെ അമ്മ ജെയ്ന്‍ എറ്റാ പിറ്റെന്ന് പരിചയപ്പെടുത്തിയ ഒരു അക്കൌണ്ടില്‍ നിന്നാണ് തനിക്ക് ആദ്യത്തെ സന്ദേശമെത്തിയതെന്ന് ആനി പറയുന്നു. ഒരു ദിവസത്തിന് ശേഷം ബ്രാഡ് പിറ്റ് നേരിട്ട് സംസാരിക്കാനെത്തി. പിന്നാലെ ഇരുവരും സുഹൃത്തുക്കളായി. ഇതിനിടെ പ്രണയ കവിതകളെഴുതുകയും ബ്രാഡ് പിറ്റ് ആശുപത്രിയില്‍ കിടക്കുന്നതിന്റെ എഐ ജനറേറ്റഡ് വീഡിയോകളും ചിത്രങ്ങളും ആനിക്ക് അയച്ച് കൊടുക്കുകയും ചെയ്തു. ഏതാണ്ട് ഒരു വര്‍ഷത്തോളം ഇരുവരുടെയും സൌഹൃദം തുടര്‍ന്നു. ഇതിനിടെയാണ് 7 കോടിയോളം രൂപ ഇവരില്‍ നിന്നും വ്യാജ ബ്രാഡ് പിറ്റ് തട്ടിയെടുത്തത്.
ഒരു കോടീശ്വരനെ വിവാഹം കഴിച്ചിരുന്ന ആനി, ഈ ബന്ധം തകര്‍ച്ചയിലേക്ക് നീങ്ങുകയായിരുന്നതിനാല്‍ വിവാഹ മോചന ശ്രമങ്ങളുമായി മുന്നോട്ട് പോകുന്ന കാലമായിരുന്നു അത്. ഇതിനിടെയിലായിരുന്നു വ്യാജ ബ്രാഡ് പിറ്റിന്റെ സൌഹൃദം. 'അദ്ദേഹത്തിന് സ്ത്രീകളോട് ഏങ്ങനെ നന്നായി സംസാരിക്കണം എന്നറിയാം.' അവര്‍ കൂട്ടിച്ചേര്‍ത്തു. ഓരോ തവണയും ആഢംബര സമ്മാനങ്ങള്‍ അയക്കാമെന്ന് പറഞ്ഞ് തട്ടിപ്പുകാരന്‍ ആനിയെ വിശ്വസിപ്പിച്ചു. ഒടുവില്‍ വ്യാജ ബ്രാഡ് പിറ്റ്, ആനിയെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചു. ഇതേസമയത്താണ് യഥാര്‍ത്ഥ ബ്രാഡ് പിറ്റും ജ്വല്ലറി ഡിസൈനര്‍ ഇനെസ് ഡി റാമോണുമായുള്ള ബന്ധത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വന്നത്. ഇതോടെ ആനിക്ക് സംശയം തോന്നി. ഈ വാര്‍ത്ത ആനിയെ വിഷാദ രോഗത്തിന് അടിമയാക്കി. പിന്നാലെ അവര്‍ ആശുപത്രിയില്‍ അഡ്മിറ്റുമായി. രോഗം ഭേദമായ ശേഷം ആനി തന്നെയാണ് പോലീസിനെ വിവരം അറിയിച്ചതും കേസ് നല്‍കിയതും. അങ്ങനെയാണ് വ്യാജ ബ്രാഡ് പിറ്റിന്റെ വാര്‍ത്ത പുറം ലോകമറിഞ്ഞത്. അതേസമയം വ്യാജ ബ്രാഡ് പിറ്റ് തട്ടിപ്പിന് ഇരയാക്കുന്ന ആദ്യത്തെ സ്ത്രീയല്ല ആനിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ രണ്ട് സ്പാനിഷ് സ്ത്രീകളില്‍ നിന്നും 3,25,000 യൂറോ (ഏകദേശം 2 കോടി 88 ലക്ഷം രൂപ) തട്ടിയെടുത്ത കേസില്‍ അഞ്ച് പേര്‍ അറസ്റ്റിലായിരുന്നു. ബ്രാഡ് പിറ്റിന്റെ ആരാധകര്‍ക്കായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കുകയും അതില്‍ നിന്നും സ്ത്രീകളെ കണ്ടെത്തി യഥാര്‍ത്ഥ ബ്രാഡ് പിറ്റാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്.