/kalakaumudi/media/media_files/bwGwylxIeaIIz5EV8gZ0.jpg)
Ebrahim Raisi Benjamin Nethanyahu
ടെഹ്റാന്‍: ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പെട്ടുവെന്നുള്ള ഞെട്ടിക്കുന്ന വാര്‍ത്തകള്‍ പുറത്തുവരികയാണ്. പ്രസിഡന്റ് ഇബ്രാഹീം റെയ്സി ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത് ജോല്‍ഫ നഗരത്തിന് സമീപത്തുകൂടി പറക്കവെ ഹെലികോപ്ടര്‍ കാണാതാവുകയായിരുന്നുവെന്നാണ് പറയുന്നത്. ഞായറാഴ്ച വൈകിട്ട് നാലോടെയായിരുന്നു അപകടം. ടെഹ്‌റാനില്‍ നിന്ന് 600 കിലോമീറ്റര്‍ മാത്രമേ ഇവിടേക്ക് ദൂരമുള്ളു.
മൂന്ന് ഹെലികോപ്ടറുകള്‍ സംഘമായി പറക്കുന്നതിനിടെ ഒരെണ്ണം കാണാതിവുകയായിരുന്നു. ഇബ്രാഹീം റെയ്സിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും ഇറാന്‍ വിദേശകാര്യമന്ത്രിയടക്കം ഏഴോളം പേര്‍ കാണാതായ ഹലികോപ്ടറില്‍ ഉണ്ടായിരുന്നുവെന്നാണ് പറയുന്നത്. ഹെലികോപ്ടര്‍ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നാണ് ഇറാന്‍ സുരക്ഷാ സേന വ്യക്തമാക്കുന്നത്. ഒപ്പം അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാനും അവര്‍ പറയുന്നുണ്ട്.
എന്നാല്‍ പശ്ചിമേഷ്യയിലെ തീവ്രയുദ്ധസാഹചര്യത്തില്‍ ഒരു ആക്രമണ സാദ്ധ്യതയും ഇറാന്‍ രഹസ്യാന്വേഷണ ഏജന്‍സി തള്ളിക്കളയുന്നില്ല. കാരണം ഇസ്രയേല്‍ - ഹമാസ് യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഇറാന്‍ ഹമാസിന് വേണ്ടി സംസാരിച്ചതിനെത്തുടര്‍ന്ന് ഇസ്രയേലുമായി കടുത്ത അകല്‍ച്ചയിലായ ഇരുരാജ്യങ്ങളും യുദ്ധഭീഷണി ഉയര്‍ത്തിയിരുന്നു. ഇരവരും പരസ്പരം ആക്രമിക്കുകയും കടുത്ത നാശനഷ്ടങ്ങളും ഉണ്ടാക്കിയതിന് പിന്നാലെ ഇസ്രയേലിനെതിരെ ആണവായുധം പ്രയോഗിക്കുമെന്ന ഭീഷണിയുമായി ഇബ്രാഹീം റെയ്സി രംഗത്തെത്തിയതാണ്.
ആവശ്യമെങ്കില്‍ ആണവായുധം പ്രയോഗിക്കാന്‍ മടിക്കില്ലെന്നാണ് കഴിഞ്ഞ ദിവസം ഇസ്രായേലിന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയത്. ഇസ്രായേലിന്റെ ഭീഷണി ഇറാന്റെ നിലനില്‍പ്പിനെ ബാധിക്കുമെന്ന് കണ്ടാല്‍ ആണവായുധ നയങ്ങളില്‍ മാറ്റം വരുത്തുമെന്നായിരുന്നു ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഉപദേശകന്‍ കമല്‍ ഖരാസി പറഞ്ഞത്. ഇസ്രായേല്‍ ഇറാന്‍ ബന്ധത്തില്‍ ഉലച്ചില്‍ വന്നതിന്റെ പശ്ചാത്തലത്തിലാണ് ഖരാസിയുടെ മുന്നറിയിപ്പ്.
സിറിയയുടെ തലസ്ഥാനമായ ദമാസ്‌കസിലെ എംബസിക്കുനേരെ ഇസ്രായേല്‍ ബോംബ് ആക്രമണം നടത്തിയിരുന്നു. ഇതിന് മറുപടിയെന്ന നിലയില്‍ ഇസ്രായേലില്‍ ഇറാന്‍ മിസൈലാക്രമണവും നടത്തുകയുണ്ടായി. ഇതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ രൂക്ഷമായത്.
അതേസമയം, ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സി ഇറാന്റെ നിലപാടിനെതിരെ രംഗത്ത് വരുകയും ചെയ്തു. ഐഎഇഎ പ്രതിനിധികളും ഇറാനിലെ ആണവായുധ ഉദ്യോഗസ്ഥരും തമ്മില്‍ വിഷയത്തില്‍ ചര്‍ച്ച നടന്നുവെന്നാണ് റിപ്പോര്‍ട്ട്. ചര്‍ച്ചയില്‍ പ്രകടമായ പുരോഗതി ഉണ്ടായിട്ടില്ലെന്നും പറയുന്നു.
കഴിഞ്ഞ വര്‍ഷം ഇറാന്‍ തങ്ങളുടെ ആണവായുധ ശേഷി വെളിപ്പെടുത്താമെന്ന് ഐഎഇഎക്ക് ഉറപ്പ് നല്‍കിയിരുന്നു, എന്നാല്‍ ഈ ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കരാര്‍ ഇറാന്‍ ഭരണകൂടം അംഗീകരിച്ചെങ്കിലും പിന്നീട് ഇതുമായി സഹകരിച്ചില്ലത്രേ.
അതിനിടെ പ്രതിരോധ ഉത്പന്നങ്ങളുടെ കയറ്റുമതി 50 ശതമാനം വര്‍ധിപ്പിക്കാനൊരുങ്ങിയ ഇറാന്റെ നിലപാടും ഇസ്രയേലിനെ ചൊടിപ്പിച്ചിരുന്നു. പ്രതിരോധത്തിന് വേണ്ടി രാജ്യത്തിന്റെ സൈനിക ശേഷി ശക്തിപ്പെടുത്താന്‍ മടിക്കില്ലെന്നാണ് ഇറാനിയന്‍ സൈനിക ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയത്. ഇതിന് പിന്നാലെ ഇറാന്‍ പ്രസിഡന്റിന്റെ ഹെലികോപ്ടര്‍ കാണാതായത് കൂടുതല്‍ ദുരൂഹത വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
