ബംഗ്ലാദേശില്‍ ഹിന്ദു യുവാവിനെ തല്ലിക്കൊന്നത് അതിക്രൂരമായി

ദീപു ചന്ദ്ര ദാസിനെ തല്ലിക്കൊന്ന ശേഷം ശരീരം ഒരു മരത്തില്‍ കെട്ടിയിട്ട് തീകൊളുത്തുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. നിരവധി ആളുകള്‍ ആ ക്രൂരത കണ്ട് മൃതദേഹത്തിന് ചുറ്റും നിന്ന് ആഘോഷിച്ചുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

author-image
Biju
New Update
BENGLA 5

ധാക്ക: ഇന്ത്യാ വിരുദ്ധ നിലപാടെടുത്ത യുവനേതാവ് ഉസ്മാന്‍ ഷെറീഫ് ഹാദിയുടെ മരണത്തെ തുടര്‍ന്നുണ്ടായ കലാപത്തിനിടെ ബംഗ്ലദേശില്‍ ഹിന്ദു യുവാവിനെ കൊലപ്പെടുത്തിയ സംഭവം വിവാദമാകുന്നു. മതനിന്ദയാരോപിച്ചാണ് മൈമെന്‍സിംഗിലെ ഒരു വസ്ത്ര ഫാക്ടറിയില്‍ ജോലി ചെയ്തിരുന്ന ദീപു ചന്ദ്ര ദാസിനെ വ്യാഴാഴ്ച രാത്രി ജനക്കൂട്ടം തല്ലിക്കൊന്നത്. അതേസമയം, ഉസ്മാന്‍ ഷെറീഫ് ഹാദിയുടെ കൊലപാതകത്തിലെ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാരുടെ നേതൃത്വത്തില്‍ രാജ്യത്ത് കലാപം തുടരുകയാണ്. ധാക്കയില്‍ പലയിടത്തും വലിയ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 

ദീപു ചന്ദ്ര ദാസിനെ തല്ലിക്കൊന്ന ശേഷം ശരീരം ഒരു മരത്തില്‍ കെട്ടിയിട്ട് തീകൊളുത്തുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. നിരവധി ആളുകള്‍ ആ ക്രൂരത കണ്ട് മൃതദേഹത്തിന് ചുറ്റും നിന്ന് ആഘോഷിച്ചുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ മുഹമ്മദ് യൂനുസിന്റെ ഇടക്കാല സര്‍ക്കാര്‍ നടപടിക്ക് ഉത്തരവിട്ടെങ്കിലും സര്‍ക്കാരില്‍ നിന്ന് തങ്ങള്‍ക്ക് ആരും ഒരു ഉറപ്പും നല്‍കിയിട്ടില്ലെന്നാണ് കൊല്ലപ്പെട്ട യുവാവിന്റെ പിതാവ് പറയുന്നത്. തന്റെ മകന്റെ കൊലപാതക വാര്‍ത്ത ആദ്യം അറിഞ്ഞത് ഫെയ്‌സ്ബുക്കിലൂടെ ആണെന്നും പിതാവ് പറഞ്ഞു. ''ആള്‍ക്കൂട്ടം അവനെ മര്‍ദിച്ചു. അവന്റെ മേല്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. കത്തിക്കരിഞ്ഞ ശരീരം മരത്തില്‍ കെട്ടിത്തൂക്കി''  പിതാവ് എന്‍ഡിടിവിയോട് പറഞ്ഞു. മൈമെന്‍സിംഗിലെ ഭാലുകയിലുള്ള ഒരു ഫാക്ടറിയിലാണ് ദീപു ചന്ദ്ര ദാസ് ജോലി ചെയ്തിരുന്നത്. ഇതിനിടെയാണ് സഹപ്രവര്‍ത്തകര്‍ ദാസ് മതനിന്ദ നടത്തിയെന്ന് ആരോപിച്ചത്. 

ജനക്കൂട്ടം ദീപുവിന് നേര്‍ക്കു തിരിയുന്നതിനിടെയാണ് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് ബംഗ്ലദേശി എഴുത്തുകാരി തസ്ലീമ നസ്രിന്‍ പറയുന്നു. സംഭവിച്ചതെല്ലാം ദീപു പൊലീസിനോട് പറഞ്ഞു, താന്‍ നിരപരാധിയാണെന്നും മതനിന്ദ നടത്തിയിട്ടില്ലെന്നും ഇതെല്ലാം ഒരു സഹപ്രവര്‍ത്തകന്റെ ഗൂഢാലോചനയായിരുന്നുവെന്നുമാണ് ദീപു പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ജനക്കൂട്ടം പൊലീസിനെ മറികടന്ന് യുവാവിനെ സ്റ്റേഷനില്‍നിന്ന് പുറത്തിറക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ക്രൂരമായ കൊലപാതകം നടന്നത്. ദീപുവിനെ പൊലീസ് തന്നെ സ്റ്റേഷനില്‍ നിന്ന് പുറത്താക്കിയതാണോ എന്നും തസ്ലീമ ചോദിക്കുന്നു. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ദീപു ചന്ദ്രദാസ്. യുവാവിന്റെ വരുമാനം കൊണ്ടാണ് ഭിന്നശേഷിക്കാരായ അച്ഛനും അമ്മയും ഭാര്യയും കുഞ്ഞും ജീവിച്ചിരുന്നതെന്നും തസ്ലീമ തന്റെ പോസ്റ്റില്‍ കുറിച്ചു.