ആഫ്രിക്കക്ക് പുതുപുലരി, നൈൽ നദിക്ക് കുറുകെ കൂറ്റൻ അണക്കെട്ട് ഉദ്ഘാടനം ചെയ്ത് എത്യോപ്യ, ഈജിപ്തിന് ആശങ്ക

നിരവധി ആഫ്രിക്കൻ രാഷ്ട്രത്തലവന്മാർ ഉദ്ഘാടനത്തിനായി എത്തി. പലരും എത്യോപ്യയിൽ നിന്ന് വൈദ്യുതി ഇറക്കുമതി ചെയ്യാൻ താൽപ്പര്യം പ്രകടിപ്പിച്ചു

author-image
Devina
New Update
ethi


അഡിസ് അബാബ: നൈൽ നദിക്ക് കുറുകെ കെട്ടിയ കൂറ്റൻ അണക്കെട്ട് എത്യോപ്യയിൽ ഉദ്ഘാടനം ചെയ്തു. ആഫ്രിക്കയിലെ ഏറ്റവും വലിയ അണക്കെട്ടാണ് എത്യോപ്യയിൽ പ്രവർത്തനം ആരംഭിച്ചത്. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറായി, സുഡാനുമായുള്ള അതിർത്തിക്കടുത്തായാണ് നൈൽ നദിയുടെ പോഷകനദിയിൽ ഏകദേശം 5 ബില്യൺ ഡോളർ ചെലവിൽ കൂറ്റൻ അണക്കെട്ട് നിർമിച്ചത്. മെഗാ അണക്കെട്ട് 5,000 മെഗാവാട്ടിലധികം വൈദ്യുതി ഉത്പാദിപ്പിക്കുമെന്നും ദേശീയ വൈദ്യുതി ഉൽപാദന ശേഷി ഇരട്ടിയാക്കുമെന്നും അധികൃതർ പറഞ്ഞു. അണക്കെട്ട് വലിയ നേട്ടമാണെന്നും ആഫ്രിക്കക്കാർക്ക് എന്ത് നേടാൻ കഴിയുമെന്ന് ലോകത്തിന് കാണിച്ചുകൊടുക്കുമെന്നും ഉദ്ഘാടന വേളയിൽ സംസാരിച്ച എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് പറഞ്ഞു. നിരവധി ആഫ്രിക്കൻ രാഷ്ട്രത്തലവന്മാർ ഉദ്ഘാടനത്തിനായി എത്തി. പലരും എത്യോപ്യയിൽ നിന്ന് വൈദ്യുതി ഇറക്കുമതി ചെയ്യാൻ താൽപ്പര്യം പ്രകടിപ്പിച്ചു. അതേസമയം, നൈൽ നദിയിലെ ജലത്തിന്റെ വിഹിതം കുറയുമെന്ന ആശങ്ക ഈജിപ്ത് പങ്കുവെച്ചു. വളരെക്കാലമായി ഈജിപ്ത് അണക്കെട്ടിനെ എതിർത്തിരുന്നു. അണക്കെട്ട് അസ്തിത്വ ഭീഷണി ഉയർത്തുന്നുവെന്ന് ഈജിപ്ത് വിദേശകാര്യ മന്ത്രാലയ വക്താവ് തമീം ഖല്ലാഫ് അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. മുൻകൂട്ടി അറിയിപ്പ് നൽകിയിട്ടില്ലെന്നും ശരിയായ കൂടിയാലോചനകളോ, താഴ്ന്ന രാജ്യങ്ങളുമായി സമവായമോ ഉണ്ടായിരുന്നില്ലെന്നും അന്താരാഷ്ട്ര നിയമത്തിന്റെ ഗുരുതരമായ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. 

എത്യോപ്യ ആരെയും ഉപദ്രവിക്കാൻ പദ്ധതിയിടുന്നില്ലെന്നും എല്ലാവർക്കും പൊതുവായ അഭിവൃദ്ധി ഉണ്ടാകുമെന്നും എത്യോപ്യൻ പ്രധാനമന്ത്രി ഉറപ്പ് നൽകി. എത്യോപ്യയിൽ നിന്ന് വൈദ്യുതി വാങ്ങാൻ സുഡാനും കെനിയയും താൽപര്യം പ്രകടിപ്പിച്ചു. 14 വർഷമെടുത്താണ് ഡാം നിർമാണം പൂർത്തിയാക്കിയത്. നദിയിൽ നിന്ന് 145 മീറ്റർ ഉയരത്തിലും 1780 മീറ്റർ നീളത്തിലുമാണ് ‍ഡാം നിർമിച്ചിരിക്കുന്നത്