കജിക്കി വിയറ്റ്നാമിനെ വിഴുങ്ങുന്നു; 6 ലക്ഷത്തോളം പേരെ മാറ്റിപാര്‍പ്പിക്കും

140 കിലോമീറ്റര്‍ വേഗതയിലാണ് തെക്കന്‍ വിയറ്റ്നാമിലേക്ക് കജിക്കി ചുഴലിക്കാറ്റ് എത്തിയത്. ഈ വര്‍ഷം വിയറ്റ്നാമില്‍ ആഞ്ഞടിക്കുന്ന അഞ്ചാമത്തെ ചുഴലിക്കാറ്റാണിത്. ടോങ്കിന്‍ ഉള്‍ക്കടലില്‍ 9.5 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

author-image
Biju
New Update
kajiki

ഹാനോയ്: വിയറ്റ്‌നാമിനെ അപ്പാടെ വിഴുങ്ങാന്‍ ശേഷിയുള്ള കജികി ചുഴലിക്കാറ്റ് കരതൊട്ടു. ആദ്യഘട്ടത്തില്‍ തന്നെ വന്‍ നാശനഷ്ടമാണ് വിയറ്റ്‌നാമില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്. പതിനായിരങ്ങളെ മാറ്റപ്പാര്‍പ്പക്കുന്ന ശ്രമകരമായ ദൗത്യം വിയറ്റ്‌നാമില്‍ തുടരുകയാണ്. പലയിടത്തും മണ്ണിിയുകയും മരങ്ങള്‍ കടപുഴകി വീഴുകയും കെട്ടിടങ്ങള്‍ തകരുകയും ചെയ്തു. വിയറ്റ്‌നാം സര്‍ക്കാരിന്റെ കണക്കനുസരിച്ച് 6 ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവരുമെന്നാണ് പറയുന്നത്.

140 കിലോമീറ്റര്‍ വേഗതയിലാണ് തെക്കന്‍ വിയറ്റ്നാമിലേക്ക്  കജിക്കി ചുഴലിക്കാറ്റ് എത്തിയത്. ഈ വര്‍ഷം വിയറ്റ്നാമില്‍ ആഞ്ഞടിക്കുന്ന അഞ്ചാമത്തെ ചുഴലിക്കാറ്റാണിത്. ടോങ്കിന്‍ ഉള്‍ക്കടലില്‍ 9.5 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. അഞ്ച് തീരദേശ പ്രവിശ്യകളിലായി 6ലക്ഷത്തില്‍ അധികം ആളുകളെ ഒഴിപ്പിക്കാന്‍ തീരുമാനിച്ചതായി അധികൃതര്‍ അറിയിച്ചു. ഇവരെ താല്‍ക്കാലിക കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കും.

പ്രാദേശിക സമയം രാവിലെ 11 നും വൈകിട്ട് ആറിനും ഇടയില്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് താമസക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വാട്ടര്‍ഫ്രണ്ട് നഗരമായ വിന്‍ഹ് വെള്ളത്തിനടിയിലായതോടെ നഗരത്തിലെ തെരുവുകള്‍ വിജനമായി. ചുഴലിക്കാറ്റ് അടുക്കുന്നതിനാല്‍ ഡസന്‍ കണക്കിന് വിമാനങ്ങള്‍ റദ്ദാക്കിയതായി സര്‍ക്കാര്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തന്‍ഹ് ഹോവയിലെ സ്‌കൂളുകള്‍ രണ്ട് ദിവസത്തേക്ക് അടച്ചതായും റിപ്പോര്‍ട്ടുണ്ട്. എല്ലാ മത്സ്യബന്ധന ബോട്ടുകളെയും തുറമുഖങ്ങളിലേക്ക് തിരിച്ചുവിളിച്ചു. അറ്റ്ലാന്റിക് ചുഴലിക്കാറ്റിന് സമാനമായാണ് വീശുകയെന്ന് വിയറ്റ്നാമിന്റെ ദേശീയ കാലാവസ്ഥാ ഏജന്‍സി അറിയിച്ചു.

തന്‍ഹ് ഹോവ, എന്‍ഗെ ആന്‍ എന്നീ മധ്യ പ്രവിശ്യകളില്‍ പ്രാദേശിക സമയം വൈകുന്നേരത്തോടെ കാജികി കരയില്‍ പ്രവേശിച്ചത്. തന്‍ഹ് ഹോവ ഹനോയിയില്‍ നിന്ന് ഏകദേശം 166 കിലോമീറ്റര്‍  തെക്കായിട്ടാണ് സ്ഥിതി ചെയ്യുന്നത്.

കഴിഞ്ഞ വര്‍ഷം മേഖലയില്‍ ആഞ്ഞടിച്ച യാഗി ചുഴലിക്കാറ്റിനെയാണ് അധികാരികള്‍ കാജികിയുമായി താരതമ്യം ചെയ്തത്. യാഗി വിയറ്റ്നാമിന്റെ വടക്ക് ഭാഗത്ത് കനത്ത നാശനഷ്ടമുണ്ടാക്കി, ഏകദേശം 300 ആളുകള്‍ മരിച്ചു, കൂടാതെ അടിസ്ഥാന സൗകര്യങ്ങള്‍ക്കും, ഫാക്ടറികള്‍ക്കും, കൃഷിയിടങ്ങള്‍ക്കും വ്യാപകമായ നാശനഷ്ടങ്ങള്‍ സംഭവിച്ചു. യാഗി, കാറ്റഗറി 4 ചുഴലിക്കാറ്റിന് തുല്യമായിരുന്നു, കാജികി അതിനേക്കാള്‍ ദുര്‍ബലമാണെങ്കിലും നാശനഷ്ടങ്ങള്‍ ഉണ്ടാക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി 3,00,000ത്തിലധികം നാവികസേന, കോസ്റ്റ് ഗാര്‍ഡ്, വ്യോമസേന സൈന്യത്തെ സജ്ജമാക്കിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ചൈനയുടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നതനുസരിച്ച്, ചുഴലിക്കാറ്റ് കരയിലേക്ക് നീങ്ങുമ്പോള്‍ വിയറ്റ്നാമിന്റെ മധ്യ, വടക്കന്‍ ഭാഗങ്ങളിലെ 13 പ്രവിശ്യകളിലും ലാവോസ്, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലും കനത്ത മഴ ലഭിക്കും. പെട്ടന്നുള്ള വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. ചില പ്രദേശങ്ങളില്‍ 200-400 മില്ലിമീറ്റര്‍ വരെ മഴയാണ് പ്രതീക്ഷിക്കുന്നത്, ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇത് 600 മില്ലിമീറ്റര്‍ കവിയാന്‍ സാധ്യതയുണ്ട്. ചൊവ്വാഴ്ചയോടെ കജിക്കി കരയില്‍ വെച്ച് ദുര്‍ബലമാകുമെന്ന് ജോയിന്റ് ടൈഫൂണ്‍ വാണിംഗ് സെന്റര്‍ പ്രവചിക്കുന്നു.

'ഇത്രയും വലിയ ചുഴലിക്കാറ്റ് ഇതുവരെ ഇവിടെ ഉണ്ടായതായി കേട്ടിട്ടില്ല,' എന്ന് വിന്‍ഹിലെ ഇന്‍ഡോര്‍ സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ അഭയം തേടിയ 66 കാരനായ ലെ മാന്‍ തുങ് മാധ്യമങ്ങളോട് പറഞ്ഞു. നല്ല ഭയമുണ്ട്. പക്ഷേ നമുക്കൊന്നും ചെയ്യാന്‍ കഴിയില്ലല്ലോ തുങ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, മനുഷ്യന്റെ ഇടപെടലുകള്‍ മൂലമുള്ള കാലാവസ്ഥാ വ്യതിയാനമാണ് തീവ്രവും പ്രവചനാതീതവുമായ കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്ക് കാരണമാകുന്നതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഇത് ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ വിനാശകരമായ വെള്ളപ്പൊക്കത്തിനും കൊടുങ്കാറ്റുകള്‍ക്കും ഇടയാക്കുമെന്നും അവര്‍ വ്യക്തമാക്കുന്നുണ്ട്.