/kalakaumudi/media/media_files/2025/08/22/paul-2025-08-22-13-05-36.jpg)
ലണ്ടന്‍:യുകെയിലെ ഇന്ത്യന്‍ വംശജനായ വ്യവസായിയും മനുഷ്യസ്‌നേഹിയുമായിരുന്ന സ്വരാജ് പോള്‍ (94) അന്തരിച്ചു. ലണ്ടനില്‍ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു അന്ത്യമെന്ന് കുടുംബത്തെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കപാറോ ഗ്രൂപ്പിന്റെ സ്ഥാപകനാണ്. മരണ സമയത്ത് കുടുംബാംഗങ്ങള്‍ അടുത്തുണ്ടായിരുന്നു. ബ്രിട്ടന്‍ പ്രഭു സ്ഥാനം നല്‍കി ആദരിച്ചിട്ടുണ്ട്. ഭാര്യ പരേതയായ അരുണ പോള്‍. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചിട്ടുണ്ട്. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.
സ്വരാജ് പോളിന്റെ വിയോഗത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി, വ്യവസായം, മറ്റു മനുഷ്യരോടുള്ള സ്‌നേഹം, യുകെയിലെ പൊതു സേവനം എന്നീ മേഖലകളിലുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളെ സ്മരിച്ചു. ഇന്ത്യ യുകെ ബന്ധം ശക്തിപ്പെടുത്താന്‍ സ്വരാജ് പോള്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ അദ്ദേഹം ഉയര്‍ത്തിക്കാട്ടുകയും ചെയ്തു.
ജലന്ധറില്‍ ജനിച്ച സ്വരാജ് പോള്‍ 1966ലാണ് യുകെയിലേക്കു മാറിയത്. മകള്‍ അംബികയുടെ രോഗത്തിനു ചികിത്സ തേടിയായിരുന്നു മാറ്റം. പക്ഷേ, നാലുവയസ്സായപ്പോള്‍ അവര്‍ മരിച്ചു. പിന്നാലെയാണ് കപാറോ ഗ്രൂപ്പ് അദ്ദേഹം സ്ഥാപിച്ചത്. സ്റ്റീല്‍, എന്‍ജിനീയറിങ്, പ്രോപ്പര്‍ട്ടി മേഖലകളില്‍ ആയിരുന്നു കപാറോ ഗ്രൂപ്പിന്റെ താല്‍പര്യങ്ങള്‍. ഇന്ത്യാ ബ്രിട്ടിഷ് ബന്ധം ശക്തിപ്പെടുത്തുന്നതില്‍ ഇദ്ദേഹം നിര്‍ണായക പങ്കു വഹിച്ചിരുന്നു.
യുഎസിലെ എംഐടിയില്‍നിന്ന് ബിരുദം നേടിയ സ്വരാജ് പോള്‍ അന്നത്തെ കല്‍ക്കട്ടയില്‍ തിരിച്ചെത്തി കുടുംബ വ്യവസായത്തില്‍ പങ്കുചേരുകയായിരുന്നു. ഇരട്ടകളായ ആണ്‍മക്കള്‍ അംബറും ആകാശും പെണ്‍മക്കളായ അഞ്ജലി, അംബിക എന്നിവരും കൊക്കത്തയില്‍ ആണ് ജനിച്ചത്. മകളുടെ സ്മരണാര്‍ഥം അംബിക പോള്‍ ഫൗണ്ടേഷന്‍ എന്ന പേരില്‍ കുട്ടികള്‍ക്കുവേണ്ടി ഒരു ചാരിറ്റബിള്‍ ട്രസ്റ്റ് ആരംഭിച്ചിരുന്നു. 2015ല്‍ മകന്‍ അംഗദ് പോളും 2022ല്‍ ഭാര്യ അരുണയും മരിച്ചു. ഇരുവരുടെയും സ്മരണാര്‍ഥവും അദ്ദേഹം ധാരാളം സേവനങ്ങള്‍ ചെയ്തിരുന്നു.