സിംഗപ്പൂര്‍: ഇന്ത്യയുടെ അഭിമാന താരമായിരിക്കുകയാണ് 18 വയസ് മാത്രം പ്രായമുള്ള ഡി ഗുകേഷ്.14-ാം ഗെയിമില്‍ നിലവിലെ ലോക ചാമ്പ്യന്‍ ഡിങ് ലിറനെ അട്ടിമറിച്ചാണ് 7.5 എന്ന ചരിത്ര സംഖ്യയിലേക്ക് ഗുകേഷ് എത്തിയത്. 14-ാമത്തെ ഗെയിമില്‍ 58-ാമത്തെ കരുനീക്കത്തിലാണ് താരം വിജയക്കൊടി പാറിച്ചത്. വ്യാഴാഴ്ച സമനില വഴങ്ങിയിരുന്നുവെങ്കില്‍ ചരിത്രം മറ്റൊന്നാകുമായിരുന്നു. സമനില വഴങ്ങിയിരുന്നുവെങ്കില്‍ ടൈബ്രേക്കറിന്റെ അതിസമ്മര്‍ദ്ദം ഗുകേഷ് നേരിടേണ്ടി വരുമായിരുന്നു.വിശ്വനാഥന്‍ ആനന്ദിനു ശേഷം ലോക ചെസ് ചാമ്പ്യനാകുന്ന രണ്ടാമത്തെ ഇന്ത്യക്കാരന്‍ എന്ന നേട്ടമാണ് സ്വന്തമാക്കിയത്. തന്റെ അധ്വാനത്തിന് 21 കോടിയില്‍പ്പരം രൂപയാണ് സമ്മാനമായി ഗുകേഷിന് ലഭിച്ചത്.
പ്രായക്കണക്കില്‍ റഷ്യന്‍ ചെസ് ഇതിഹാസം ഗാരി കാസ്പറോവിന്റെ റെക്കോര്‍ഡ് തകർത്താണ് ഗുകേഷ് നേട്ടം കൈവരിച്ചത്. 1985ല്‍ 22-ാം വയസ്സിലാണ് കാസ്പറോവ് ആദ്യമായി ലോക ചാംപ്യനാകുന്നത്.നിലവിലെ റെക്കോര്‍ഡിനേക്കാള്‍ നാലു വയസിന്റെ 'ചെറുപ്പ'വുമായാണ് ഗുകേഷ് ചരിത്രത്തിന്റെ ഭാഗമായത്. ലോക ചാമ്പ്യന്‍ഷിപ്പിന്റെ 138 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് രണ്ട് ഏഷ്യന്‍ താരങ്ങള്‍ കിരീടത്തിനായി മത്സരിച്ചത്. അതില്‍ വിശ്വനാഥന്‍ ആനന്ദിനു ശേഷം ഇന്ത്യയ്ക്ക് മറ്റൊരു ലോകചാമ്പ്യനെ ലഭിച്ചിരിക്കുകയാണ്. വിശ്വനാഥന്‍ ആനന്ദിന്റെ അക്കാദമിയിലാണ് ഗുകേഷ് പയറ്റി തെളിഞ്ഞത്.
ഡി ഗുകേഷ് എന്നറിയപ്പെടുന്ന ഗുകേഷ് ദൊമ്മരാജു 2006 മെയ് 29 ന് ചെന്നൈയിലാണ് ജനിച്ചത്. ഇദ്ദേഹത്തിന്റെ പിതാവ് ഡോ. രജനീകാന്ത് ഇഎന്‍ടി സര്‍ജന്‍ ആണ്. അമ്മ ഡോ. പത്മ മൈക്രോബയോളജിസ്റ്റാണ്.
തെലുങ്ക് കുടുംബത്തില്‍ നിന്നുള്ള ഗുകേഷ് ഏഴാം വയസ്സിലാണ് ചെസ് കളിക്കാന്‍ തുടങ്ങിയത്. ആഴ്ചയില്‍ മൂന്നു ദിവസവും ഒരു മണിക്കൂര്‍ വീതം പ്രാക്ടീസ് ചെയ്യുമായിരുന്നു. അദ്ദേഹത്തിന്റെ കഴിവുകള്‍ ചെസ്സ് അധ്യാപകനാണ് കണ്ടെത്തിയത്. അതിനുശേഷം അദ്ദേഹം വാരാന്ത്യങ്ങളില്‍ ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാന്‍ തുടങ്ങി.
2015ല്‍ ഏഷ്യന്‍ സ്‌കൂള്‍ ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ അണ്ടര്‍-9 വിഭാഗത്തില്‍ ഗുകേഷ് വിജയിക്കുകയും തുടര്‍ന്ന് 2018 ല്‍ അണ്ടര്‍ 12 വിഭാഗത്തില്‍ ലോക യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്പ് നേടുകയും ചെയ്തതോടെയാണ് ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഏഷ്യന്‍ യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ അഞ്ച് സ്വര്‍ണം നേടി അസാധാരണ പ്രകടനമാണ് കാഴ്ചവെച്ചത്.
2023ലാണ് ഗുകേഷിന്റെ കരിയര്‍ ഒരു വഴിത്തിരിവിലെത്തിയത്. വെറും 17 വയസ്സുള്ളപ്പോള്‍, ഓഗസ്റ്റില്‍ 2750 എലോ റേറ്റിങ് കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി അദ്ദേഹം മാറി. ഇതിഹാസ ചെസ് താരം വിശ്വനാഥന്‍ ആനന്ദിനെ മറികടന്ന് ഇന്ത്യയുടെ ടോപ്പ് റേറ്റഡ് കളിക്കാരനായി ഗുകേഷ് മാറി.