ഗസയില്‍ ഇസ്രയേല്‍ നടത്തുന്നത് കൂട്ടക്കുരുതിയാണ്. കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍ വംശഹത്യ. ഹമാസിനെ തകര്‍ക്കാനെന്ന പേരില്‍ കൂട്ടക്കുരുതിയാണ് ഇസ്രയേല്‍ പലസ്തീനില്‍ നടത്തുന്നത്.കുറച്ചുനാളുകള്‍ മുമ്പ് അമ്പരപ്പിക്കുന്ന ഒരു റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. പലസ്തീന്‍കാരെ കൊലപ്പെടുത്താനുള്ള ഞെട്ടിപ്പിക്കുന്ന പദ്ധതി. പദ്ധതിയെ കുറിച്ച് വെളിപ്പെടുത്തിയത് നെതന്യാഹുവിനൊപ്പം പ്രവര്‍ത്തിച്ച ഉന്നതോദ്യോഗസ്ഥന്‍ തന്നെയാണ്.
പട്ടിണിക്കിട്ട് കൊല്ലുക എന്ന ക്രൂരമായ പദ്ധതിയാണ് നെതന്യാഹുവിന്റെ നേതൃത്വത്തില്‍ നടത്തിയതെന്നും അതിനായി ഗസയിലേക്കുള്ള അവശ്യസാധനങ്ങളുടെയും വെള്ളത്തിന്റെയും ഔഷധങ്ങളുടെയും ലഭ്യത ഇല്ലാതാക്കിയെന്നും ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. എന്നാല്‍, പദ്ധതി തുടരാന്‍ ഐഡിഎഫ് വിസമ്മതിച്ചെന്നും ആ ഉദ്യോഗസ്ഥന്‍ തുറന്നുപറഞ്ഞിരുന്നു. ലോകം മുഴുവന്‍ ഞെട്ടലോടെയാണ് ഈ വെളിപ്പെടുത്തലുകള്‍ കേട്ടത്. പിന്നാലെ ഇതാ മറ്റൊരു ക്രൂര തന്ത്രത്തിന്റെ വിവരങ്ങളാണ് പുറത്തുവരുന്നത്. ഹമാസിനെ തകര്‍ക്കലല്ല, ഇസ്രയേലിന്റെ ലക്ഷ്യം പലസ്തീന്‍ ജനതയെ തുടച്ചുനീക്കുകയാണെന്ന വിമര്‍ശനം ഉയരുന്നുണ്ട്. അത് തെളിയിക്കുന്ന കൂടുതല്‍ സംഭവങ്ങളും വരുന്നുണ്ട്.
പലസ്തീനികളെ വീടുകളില്‍ നിന്ന് പുറത്തിറക്കാന്‍ ഇസ്രയേല്‍ സൈന്യം ഉപയോഗിച്ച തന്ത്രത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടാണിത്. കരയുന്ന കുട്ടികളുടെയും സഹായത്തിന് നിലവിളിക്കുന്ന സ്ത്രീകളുടെയും ശബ്ദങ്ങള്‍ ഉപയോഗിച്ചതായായാണ് റിപ്പോര്‍ട്ട്. ഡ്രോണുകളില്‍ നിന്ന് ഇത്തരം ശബ്ദങ്ങള്‍ കേള്‍പ്പിക്കും. അത് കേട്ട് വീടുകളില്‍ നിന്നും അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നിന്നും പുറത്തിറങ്ങുന്നവര്‍ക്ക് നേരെ ഡ്രോണുകളില്‍ നിന്നുതന്നെ വെടിവെയ്ക്കും. ഈ രീതിയാണ് ഇസ്രയേല്‍ പിന്തുടരുന്നത്. മനുഷ്യാവകാശ സംഘടനയായ യൂറോ - മെഡ് ഹ്യൂമണ്‍ റൈറ്റ്‌സ് മോണിട്ടറിന്റെ ഭാരവാഹിയും മാധ്യമ പ്രവര്‍ത്തകയുമായ മാഹാ ഹുസൈനിയാണ് അമ്പരപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.
ഗാസയിലെ നുസൈറത്തില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ അവിടെ കണ്ട പലസ്തീനികളില്‍ പലരും ഇതേ അനുഭവം തന്നെ പറഞ്ഞതായും മാഹാ ഹുസൈനി പറഞ്ഞു. ആശുപത്രികളുടെ രേഖകളിലും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. സഹായത്തിനായി നിലവിളിക്കുന്ന സ്ത്രീകളുടെ ശബ്ദം കേട്ട് എന്താണെന്ന് അറിയാന്‍ വീടിന് പുറത്തേക്ക് ഇറങ്ങിയപ്പോള്‍ വെടിയേറ്റ നിരവധിപ്പേരുടെ അനുഭവങ്ങളുണ്ടെന്നും വെടിവെച്ച് കൊല്ലാന്‍ ആളുകളെ കണ്ടെത്തിയിരുന്നത് ഇത്തരത്തിലായിരുന്നുവെന്നും അവര്‍ പറഞ്ഞു.
അമ്മയെ വേണമെന്ന് പറഞ്ഞ് നിലവിളിക്കുന്ന കുഞ്ഞിന്റെ ശബ്ദമോ സഹായത്തിനായി നിലവിളിക്കുന്ന സ്ത്രീയുടെ ശബ്ദമോ കേട്ട് പുറത്തിറങ്ങിയതായി ഗാസയിലും ഖാന്‍ യൂനിസിലും വെസ്റ്റ് ബാങ്കിലുമുള്ള ആളുകള്‍ പറഞ്ഞു. ഒപ്പം പലസ്തീനികള്‍ എതിര്‍ത്താല്‍ കൊല്ലുമെന്നത് ഉള്‍പ്പെടെയുള്ള ഭീഷണികളും ഇങ്ങനെ ഡ്രോണുകളിലൂടെ കേള്‍പ്പിച്ചു.ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന് ശേഷം ഇസ്രയേല്‍ ഗാസയിലെ വിവിധ പ്രദേശങ്ങളില്‍ വ്യാപകമായി ഇത്തരം ആവശ്യങ്ങള്‍ക്കായി ക്വാഡ് കോപ്റ്റര്‍ ഡ്രോണുകള്‍ ഉപയോഗിച്ചിരുന്നു. ആളുകളെ നിരീക്ഷിക്കാനും ആക്രമണം നടത്താനും ഒരുപോലെ ഇത് ഇസ്രയേല്‍ സൈന്യം ഉപയോഗിച്ചു.ഗാസയിലെ അല്‍ റഷീദ് സ്ട്രീറ്റില്‍ ഭക്ഷണം ശേഖരിക്കാനായി ഒത്തുകൂടിയ നൂറുകണക്കിന് പേര്‍ക്ക് നേരെ ജനുവരിയില്‍ ഡ്രോണുകള്‍ വെടിയുതിര്‍ത്തിരുന്നു. അറബിക്, ഹീബ്രു ഭാഷകളിലുള്ള പാട്ടുകളും ടാങ്കുകള്‍ ഓടുന്നതിന്റെ ശബ്ദവും സാധനങ്ങള്‍ വില്‍ക്കാന്‍ എത്തുന്ന കച്ചവടക്കാരുടെ ശബ്ദവുമെല്ലാം ഇത്തരത്തില്‍ ഡ്രോണുകളില്‍ ഉപയോഗിച്ചിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.