ആത്മീയ ചികിത്സയുടെ ഭാഗമായി തവളവിഷം കുടിച്ച മെക്സിക്കന്‍ നടിക്ക് ദാരുണാന്ത്യം. ഷോര്‍ട്ട് ഫിലിം നടിയായ മാഴ്സെല അല്‍കാസര്‍ റോഡ്രിഗസ്(33) ആണ് മരിച്ചത്. വിഷമിറക്കല്‍ ചികിത്സയ്ക്കിടെയാണ് ഇവര്‍ ഭീമന്‍ ആമസോണ്‍ തവളയായ 'കാംബോ'യുടെ വിഷം കഴിച്ചതെന്ന് അര്‍ജന്റീന മാധ്യമമായ 'ഇന്‍ഫോബേ' റിപ്പോര്‍ട്ട് ചെയ്തു.കാംബോ ഉള്‍പ്പെടെയുള്ള തവളകളുടെ വിഷം ഉപയോഗിച്ചുള്ള ചികിത്സയ്ക്കു മിക്ക രാജ്യങ്ങളിലും നിരോധനമുണ്ട്. എന്നാല്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ പലയിടത്തും ഇത്തരത്തിലുള്ള വിഷചികിത്സ വ്യാപകമാണ്. ഇത്തരത്തിലൊരു ചികിത്സയ്ക്കിടെയായിരുന്നു റോഡ്രിഗസ് വിഷം അകത്താക്കിയത്.
ഒരു ആത്മീയ ധ്യാന പരിപാടിക്കിടെയാണു സംഭവം. രോഗശാന്തി പരിശീലനം എന്ന പേരിലുള്ള ഹീലര്‍ ട്രെയിനിങ് ഡിപ്ലോമ കോഴ്സ് ചെയ്യുകയായിരുന്നു മാഴ്സെല. ഇതിനിടയിലാണ് 'കാംബോ' വിഷം കഴിച്ചത്. പിന്നാലെ ശരീരം പ്രതികരിച്ചു തുടങ്ങുകയും ചെയ്തു. കടുത്ത ഛര്‍ദിയെ തുടര്‍ന്ന് അവശനിലയിലായി യുവതി. എന്നാല്‍, ചികിത്സയുടെ പ്രതികരണം ശരീരം കാണിച്ചു തുടങ്ങുന്നതാണെന്നു പറഞ്ഞ് ആശുപത്രിയില്‍ പോകാന്‍ ഇവര്‍ വിസമ്മതിച്ചു. ആരോഗ്യനില വഷളായതോടെ സുഹൃത്ത് യുവതിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍, ജീവന്‍ രക്ഷിക്കാനായില്ല.
റോഡ്രിഗസിന്റെ മരണത്തില്‍ മെക്സിക്കന്‍ സിനിമാ നിര്‍മാണ കമ്പനിയായ മഫാകെ ഫിലിംസ് അനുശോചനം രേഖപ്പെടുത്തി. നടിയുടെ മരണം തങ്ങളുടെ ഹൃദയങ്ങളിലും ചലച്ചിത്ര സമൂഹത്തിനിടയിലും വലിയ വിടവാണു സൃഷ്ടിച്ചിരിക്കുന്നതെന്ന് കമ്പനി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ 'കാംബോ ചികിത്സ' ഒരു ആചാരം പോലെയാണ്. ഒരു ലിറ്റര്‍ വെള്ളം കുടിച്ച ശേഷം ചര്‍മം പൊള്ളിക്കുന്നതാണ് ഈ ചികിത്സാരീതി. ഇതിനുശേഷം പൊള്ളിയ തൊലിക്കകത്തുകൂടെ തവളവിഷം കയറ്റും. പതുക്കെ വിഷപ്രയോഗം പ്രതികരിച്ചുതുടങ്ങും. ഛര്‍ദിയിലൂടെയും നിയന്ത്രണമില്ലാത്ത മലമൂത്ര വിസര്‍ജനത്തിലൂടെയുമാകും തുടക്കം. രക്തസമ്മര്‍ദവും ഹൃദയമിടിപ്പും കൂടും. ക്ഷീണവും തളര്‍ച്ചയും ചുണ്ടുകള്‍ വിളറുന്നതുമെല്ലാം മറ്റു ലക്ഷണങ്ങളാണ്.
ഒരു മണിക്കൂറോളം ഈ ലക്ഷണങ്ങള്‍ ശരീരം കാണിക്കാം. എന്നാല്‍, ചില സമയത്ത് വിഷത്തിന്റെ ആഘാതത്തില്‍ പക്ഷാഘാതവും മരണവും വരെ സംഭവിക്കാമെന്നാണു വിവരം. പാര്‍ശ്വഫലം ചൂണ്ടിക്കാട്ടിയാണ് കാംബോ ചികിത്സയ്ക്ക് മിക്ക രാജ്യങ്ങളും നിരോധനമേര്‍പ്പെടുത്തിയത്. എന്നാല്‍, ശരീരത്തിലെ വിഷാംശങ്ങള്‍ ശുദ്ധീകരിക്കാനും മാനികവും ആത്മീയവുമായ ഊര്‍ജം നേടാനും ഈ ചികിത്സ ഫലപ്രദമാണെന്നാണ് ഇതിന്റെ വക്താക്കള്‍ അവകാശപ്പെടുന്നത്. അള്‍ഷിമേഴ്സ്, പാര്‍ക്സിന്‍സണ്‍സ് രോഗചികിത്സയിലും ഇതു ഫലം ചെയ്തിട്ടുണ്ടെന്നും ഇവര്‍ വാദിക്കുന്നുണ്ട്.
അതേസമയം, നടിയുടെ മരണത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചികിത്സാകേന്ദ്രത്തിന്റെ ചുമതലയിലുള്ളയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്. നടിയെ പുറത്തിറങ്ങാന്‍ ഇയാള്‍ സമ്മതിച്ചിരുന്നില്ലെന്ന് പരായി ഉയര്‍ന്നിട്ടുണ്ട്. പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി മെക്സിക്കോ പൊലീസ് അറിയിച്ചു.
തവളവിഷം കുടിച്ച മെക്സിക്കന്‍ നടിക്ക് ദാരുണാന്ത്യം
വിഷമിറക്കല്‍ ചികിത്സയ്ക്കിടെയാണ് ഇവര്‍ ഭീമന്‍ ആമസോണ്‍ തവളയായ 'കാംബോ'യുടെ വിഷം കഴിച്ചതെന്ന് അര്‍ജന്റീന മാധ്യമമായ 'ഇന്‍ഫോബേ' റിപ്പോര്‍ട്ട് ചെയ്തു.
New Update