വിര്‍ജീനിയയുടെ ആദ്യ വനിതാ ഗവര്‍ണറായി അബിഗയില്‍ സ്പാന്‍ബെര്‍ഗര്‍ സത്യപ്രതിജ്ഞ ചെയ്തു

ശനിയാഴ്ച സ്റ്റേറ്റ് ക്യാപിറ്റളിന് പുറത്ത് നടന്ന ചടങ്ങില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് അബിഗയില്‍ സ്പാന്‍ബെര്‍ഗര്‍ വിര്‍ജീനിയയുടെ ആദ്യ വനിതാ ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

author-image
Biju
New Update
ver2

റിച്ചിമണ്ട്: നൂറ്റാണ്ടുകളായി പുരുഷന്മാര്‍ മാത്രം അലങ്കരിച്ചിരുന്ന വിര്‍ജീനിയയുടെ ഗവര്‍ണര്‍ പദവിയിലേക്ക് ആദ്യമായി ഒരു വനിത. ശനിയാഴ്ച സ്റ്റേറ്റ് ക്യാപിറ്റളിന് പുറത്ത് നടന്ന ചടങ്ങില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് അബിഗയില്‍ സ്പാന്‍ബെര്‍ഗര്‍ വിര്‍ജീനിയയുടെ ആദ്യ വനിതാ ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി വിന്‍സം എര്‍ള്‍-സിയേഴ്‌സിനെ പരാജയപ്പെടുത്തിയാണ് സ്പാന്‍ബെര്‍ഗര്‍ ഈ ചരിത്ര വിജയം നേടിയത്. നിലവിലെ ഗവര്‍ണര്‍ ഗ്ലെന്‍ യങ്കിന്റെ (റിപ്പബ്ലിക്കന്‍) കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് പുതിയ ഗവര്‍ണര്‍ ചുമതലയേറ്റത്.

അയല്‍സംസ്ഥാനമായ വാഷിംഗ്ടണിലെ വൈറ്റ് ഹൗസില്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അധികാരം കൈയാളുമ്പോള്‍, വിര്‍ജീനിയയില്‍ ഡെമോക്രാറ്റുകള്‍ ഭരണം തിരിച്ചുപിടിക്കുന്നത് രാഷ്ട്രീയമായി വലിയ പ്രാധാന്യമര്‍ഹിക്കുന്നു. ''ഈ നിമിഷത്തിന്റെ ചരിത്രപരമായ പ്രാധാന്യവും ഗൗരവവും ഞാന്‍ തിരിച്ചറിയുന്നു,'' സത്യപ്രതിജ്ഞയ്ക്ക് ശേഷം നടത്തിയ പ്രസംഗത്തില്‍ അവര്‍ പറഞ്ഞു. തലമുറകളായി സ്ത്രീകള്‍ക്ക് വോട്ടവകാശത്തിനായി പോരാടിയവരോടുള്ള നന്ദി അറിയിച്ച അവര്‍, അന്ന് പലരും സ്വപ്നം മാത്രം കണ്ടിരുന്ന ഒരു ദിനമാണിതെന്ന് കൂട്ടിച്ചേര്‍ത്തു.

മഞ്ഞും മഴയും കലര്‍ന്ന തണുത്ത കാലാവസ്ഥയിലും ആയിരക്കണക്കിന് ആളുകളാണ് ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാന്‍ എത്തിയത്. വിര്‍ജീനിയയുടെ ഭരണചക്രത്തില്‍ ഇനി ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നയങ്ങള്‍ക്കായിരിക്കും മുന്‍ഗണന ലഭിക്കുക.