/kalakaumudi/media/media_files/2026/01/02/swis-2026-01-02-07-59-00.jpg)
ബേണ്‍: സ്വിറ്റ്‌സര്‍ലന്‍ഡില്‍ പുതുവത്സരാഘോഷത്തിനിടെ റിസോര്‍ട്ടിലുണ്ടായ സ്‌ഫോടനത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടെന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. 115 പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ ചിലര്‍ മറ്റു രാജ്യക്കാരാണെന്ന് അധികൃതര്‍ അറിയിച്ചു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. ഇറ്റലി സ്വദേശികളായ 16 പേരെ കാണാതായെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ക്രാന്‍സ്‌മൊണ്ടാനയിലെ സ്വിസ് സ്‌കീ റിസോര്‍ട്ടിലെ ബാറിലാണ് പ്രാദേശിക സമയം പുലര്‍ച്ചെ 1.30ഓടെ സ്‌ഫോടനമുണ്ടായത്. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി ആംബുലന്‍സുകളും ഹെലിക്കോപ്റ്ററുകളും സ്ഥലത്തേക്ക് എത്തിയിരുന്നു. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി വെടിക്കെട്ട് നടത്തരുതെന്ന് പ്രദേശത്തെ മുനിസിപ്പാലിറ്റി അറിയിച്ചിരുന്നതായി അവരുടെ വെബ്സൈറ്റിലുണ്ട്. പുതുവര്‍ഷം പിറന്നതിന്റെ ആഘോഷങ്ങള്‍ തുടരവേയായിരുന്നു സ്‌ഫോടനം. നൂറിലേറെ പേര്‍ കൂടിനിന്ന സ്ഥലത്താണ് സ്‌ഫോടനമുണ്ടായത്.
സ്‌ഫോടനത്തിനു പിന്നാലെ ബാറില്‍ തീജ്വാലകള്‍ ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം, ആക്രമണമല്ല, തീപിടിത്തമാണ് സ്‌ഫോടനത്തിനു കാരണമെന്നാണ് പ്രാഥമിക വിവരം. മെഡിക്കല്‍ സേവനങ്ങള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുകയാണെന്നും നഗരവാസികള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ അറിയിച്ചു.
ആഡംബര റിസോര്‍ട്ടുകള്‍ ഏറെയുള്ള മേഖലയാണ് ക്രാന്‍സ്‌മൊണ്ടാന. ആല്‍പ്‌സ് പര്‍വതനിരയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണിത്. സ്വിറ്റ്‌സര്‍ലന്‍ഡിന്റെ തെക്കുപടിഞ്ഞാറ് ഫ്രഞ്ച് സംസാരിക്കുന്നവര്‍ താമസിക്കുന്ന കാന്റന്‍ വലൈസിലാണ് ക്രാന്‍സ്‌മൊണ്ടാന സ്ഥിതി ചെയ്യുന്നത്. പ്രമുഖ അവധിക്കാല ഡെസ്റ്റിനേഷന്‍ കൂടിയാണ് സമുദ്ര നിരപ്പില്‍നിന്ന് 3000 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം.
സ്വിറ്റ്‌സര്‍ലന്‍ഡിന്റെ തലസ്ഥാനമായ ബേണില്‍നിന്ന് രണ്ടു മണിക്കൂര്‍ ഡ്രൈവ് ചെയ്താല്‍ ഇവിടെത്താം. ബ്രിട്ടനില്‍നിന്നുള്ള വിനോദസഞ്ചാരികളാണ് ഇവിടെ അധികവും എത്താറ്. ഫസ്റ്റ് ക്ലാസ് ഗോള്‍ഫ് കോഴ്‌സുകളുടെ കേന്ദ്രം കൂടിയാണ് ക്രാന്‍സ്‌മൊണ്ടാന. ഗോള്‍ഫ് അക്കാദമിയും ഇവിടുണ്ട്. സ്‌കീയിങ് മത്സരമായ എഫ്‌ഐഎസ് വേള്‍ഡ് കപ്പിന് ഈ മാസം അവസാനം ആതിഥ്യമരുളാനിരിക്കുകയാണ് ക്രാന്‍സ്‌മൊണ്ടാന എന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
