ഇസ്‌കോണിന് എതിരെ കൂടുതല്‍ നടപടിയുമായി ബംഗ്ലാദേശ്. ചിന്മയി കൃഷ്ണദാസ് അടക്കം 17 ഹിന്ദു നേതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. ബംഗ്ലാദേശ് ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് ആണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. 17 ഹിന്ദു നേതാക്കളുടെ അക്കൗണ്ടുകളുടെ എല്ലാ ഇടപാടുകളും നിര്‍ത്തിവെക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. മുഴുവന്‍ സാമ്പത്തിക ഇടപാടുകളുടെയും രേഖകള്‍ പരിശോധിക്കാനും തീരുമാനമായി.
അതേ സമയം, ഹിന്ദു സന്യാസി ചിന്മയ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അക്രമം വ്യാപകമാകുകയാണ്. രാജ്യവിരുദ്ധ നിയമം ചുമത്തി തിങ്കളാഴ്ചയാണ് ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷിയസ്‌നെസ് (ഇസ്‌കോണിലെ) ആത്മീയ നേതാവ് ചിന്‍മയ് കൃഷ്ണദാസിനെ ബംഗ്‌ളാദേശ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് കൃഷ്ണദാസ് നിലവില്‍ ചിറ്റഗോങില്‍ ജയിലിലാണ്.
ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന നീക്കങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ നിലപാട് ബംഗ്‌ളാദേശ് തള്ളിയതോടെ ഇരുരാജ്യങ്ങള്‍ക്കും ഇടയിലെ തര്‍ക്കം വീണ്ടും രൂക്ഷമാകുകയാണ്. ആഭ്യന്തര കാര്യങ്ങളില്‍ ഇന്ത്യ ഇടപെടേണ്ടതില്ലെന്നാണ് ബംഗ്‌ളാദേശ് വിദേശകാര്യമന്ത്രാലത്തിന്റെ നിലപാട്.
ബംഗ്ലാദേശിലെ സാഹചര്യം പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തി. സാധ്യമായ ഇടപടെലുകള്‍ നടത്തണമെന്ന് നിര്‍ദ്ദേശിച്ച പ്രധാനമന്ത്രി, ഹിന്ദുക്കള്‍ക്ക് നേരെ അക്രമം നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഗൗരവമുള്ളതാണെന്ന് വിലയിരുത്തി. ന്യൂനപക്ഷങ്ങളായ ഹിന്ദുക്കള്‍ ആക്രമിക്കപ്പെടരുതെന്ന് ബംഗ്ലാദേശിനോടാവശ്യപ്പെട്ടതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ബംഗ്‌ളാദേശിലെ സംഭവവികാസങ്ങള്‍ ഏറെ ആശങ്കയുണ്ടാക്കുന്നതാണെന്ന് പ്രിയങ്ക ഗാന്ധി പ്രസ്താവനയില്‍ പറഞ്ഞു. ഷെയ്ക് ഹസീനയെ പുറത്താക്കി മൊഹമ്മദ് യൂനൂസിന്റെ നേതൃത്വത്തില്‍ ബംഗ്‌ളാദേശില്‍ താല്ക്കാലിക സര്‍ക്കാര്‍ വന്ന ശേഷം വഷളായ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം കൃഷ്ണ ദാസിന്റെ അറസ്‌റ്റോടെ പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ്.