/kalakaumudi/media/media_files/2026/01/03/tommy-2026-01-03-08-35-36.jpg)
സാന്‍ ഫ്രാന്‍സിസ്‌കോ: പ്രശസ്ത ഹോളിവുഡ് താരം ടോമി ലീ ജോണ്‍സിന്റെ മകള്‍ വിക്ടോറിയയെ (34) പുതുവര്‍ഷ ദിനത്തില്‍ കാലിഫോര്‍ണിയയിലെ ഒരു ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സാന്‍ ഫ്രാന്‍സിസ്‌കോയിലെ ആഡംബര ഹോട്ടലായ 'ഫെയര്‍മോണ്ട് സാന്‍ ഫ്രാന്‍സിസ്‌കോ'യിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ വിക്ടോറിയയെ കണ്ടെത്തിയത്.
വ്യാഴാഴ്ച പുലര്‍ച്ചെ ഏകദേശം 2.52ന് ഹോട്ടലില്‍ ഒരു മെഡിക്കല്‍ എമര്‍ജന്‍സി റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് പാരാമെഡിക് വിഭാഗം സ്ഥലത്തെത്തി. പരിശോധനയില്‍ വിക്ടോറിയയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സാന്‍ ഫ്രാന്‍സിസ്‌കോ പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണകാരണം നിലവില്‍ വ്യക്തമല്ല. എന്നാല്‍ അസ്വാഭാവികമായി ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ടോമി ലീ ജോണ്‍സിന്റെയും അദ്ദേഹത്തിന്റെ മുന്‍ഭാര്യ കിംബര്‍ലിയ ക്ലോലിയുടെയും മകളാണ് വിക്ടോറിയ. കുട്ടിക്കാലത്ത് പിതാവിനൊപ്പം 'മെന്‍ ഇന്‍ ബ്ലാക്ക് II' (2002), 'ദ ത്രീ ബറിയല്‍സ് ഓഫ് മെല്‍ക്വിഡെസ് എസ്ട്രാഡ' (2005) എന്നീ സിനിമകളില്‍ വിക്ടോറിയ അഭിനയിച്ചിട്ടുണ്ട്. കൂടാതെ 'വണ്‍ ട്രീ ഹില്‍' എന്ന ടിവി സീരീസിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ടോമി ലീ ജോണ്‍സിന് ഓസ്റ്റിന്‍ (43) എന്നൊരു മകന്‍ കൂടിയുണ്ട്. ഈ ദാരുണമായ സംഭവത്തോട് ടോമി ലീ ജോണ്‍സോ അദ്ദേഹത്തിന്റെ പ്രതിനിധികളോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
