അഫ്ഗാനിസ്ഥാനില്‍ വീണ്ടും ഭൂകമ്പം: റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത

രാജ്യത്തിന്റെ തെക്കുകിഴക്കന്‍ മേഖലയിലാണ് ഭൂകമ്പം നാശം വിതച്ചത്. മരണസംഖ്യ ഇനിയും ഏറെ ഉയര്‍ന്നേക്കാമെന്ന് താലിബാന്‍ ഭരണകൂടം അറിയിച്ചു. ഭൂകമ്പത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നു.

author-image
Biju
New Update
afgan

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ വീണ്ടും ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. ജലാലാബാദിന് 34 കിലോമീറ്റര്‍ അകലെയാണ് പ്രഭവ കേന്ദ്രം. ഇതേ മേഖലയിലാണ് കഴിഞ്ഞ ദിവസവും ഭൂകമ്പമുണ്ടായത്. കഴിഞ്ഞ ദിവസം റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഇതുവരെ അറുന്നൂറോളം പേര്‍ കൊല്ലപ്പെട്ടിരുന്നു. രണ്ടായിരത്തോളം പേര്‍ക്ക് പരിക്കേറ്റു. 

രാജ്യത്തിന്റെ തെക്കുകിഴക്കന്‍ മേഖലയിലാണ് ഭൂകമ്പം നാശം വിതച്ചത്. മരണസംഖ്യ ഇനിയും ഏറെ ഉയര്‍ന്നേക്കാമെന്ന് താലിബാന്‍ ഭരണകൂടം അറിയിച്ചു. ഭൂകമ്പത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നു. നൂറു കണക്കിന് ആളുകള്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുകയാണ്. ദുരന്തത്തെ നേരിടാന്‍ അന്താരാഷ്ട്ര സമൂഹം സഹായിക്കണമെന്ന് താലിബാന്‍ അഭ്യര്‍ത്ഥിച്ചു. 2022 ലും 2023 ലും അഫ്ഗാനില്‍ ഭൂചലനത്തില്‍ രണ്ടായിരത്തോളം പേര്‍ മരിച്ചിരുന്നു.

പാകിസ്ഥാന്‍ അതിര്‍ത്തിക്കടുത്തുള്ള കിഴക്കന്‍ അഫ്ഗാനിസ്ഥാനിലാണ് ഇന്നലെ ഭൂചലനമുണ്ടായത്. പരിക്കേറ്റവരെ കുനാര്‍ പ്രവിശ്യകളിലെ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഞായറാഴ്ച രാത്രി വൈകിയാണ് ഭൂകമ്പമുണ്ടായതെന്നും തുടര്‍ച്ചയായി മൂന്ന് തുടര്‍ചലനങ്ങളുണ്ടായെന്നും യുഎസ് ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്തു. രാത്രി 11:47 ന് 8 കിലോമീറ്റര്‍ ആഴത്തില്‍ ഭൂകമ്പം ഉണ്ടായതായും നന്‍ഗര്‍ഹാര്‍ പ്രവിശ്യയിലെ ജലാലാബാദില്‍ നിന്ന് 27 കിലോമീറ്റര്‍ കിഴക്ക്-വടക്കുകിഴക്കായി പ്രഭവകേന്ദ്രം സ്ഥിതി ചെയ്യുന്നതായും യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചിരുന്നു.

ഭൂകമ്പത്തില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണാണ് നിരവധിപേര്‍ മരിച്ചത്. കിഴക്കന്‍ അഫ്ഗാനിസ്ഥാനിലുടനീളം നിരവധി സെക്കന്‍ഡുകള്‍ ഭൂകമ്പത്തില്‍ കെട്ടിടങ്ങള്‍ കുലുങ്ങി, 370 കിലോമീറ്റര്‍ അകലെയുള്ള പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദിലും ഭൂചലനം അനുഭവപ്പെട്ടതായി എഎഫ്പി മാധ്യമപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. വെള്ളിയാഴ്ച രാത്രി മുതല്‍ ശനിയാഴ്ച വരെ നംഗര്‍ഹാര്‍ പ്രവിശ്യയില്‍ ഉണ്ടായ കനത്ത വെള്ളപ്പൊക്കത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും വിളകളും സ്വത്തുക്കളും നശിക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഭൂകമ്പം ഉണ്ടായത്.