മരണം ആയിരത്തോടടുക്കുന്നു; വിറങ്ങലിച്ച് അഫ്ഗാന്‍

ഗുല്‍, സോക്കി, വാട്പൂര്‍, ചപദാരെ എന്നീ ജില്ലകളിലായി നിരവധി പേര്‍ മരിച്ചെന്നും പരിക്കേല്‍ക്കുകയും ചെയ്തായി കുനാര്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രസ്താവനയില്‍ പറയുന്നു

author-image
Biju
New Update
AFFGAM

കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ കുനാര്‍ പ്രവിശ്യയില്‍ പാകിസ്ഥാന്‍ അതിര്‍ത്തിയ്ക്കടുത്ത് ഉണ്ടായ ഭൂകമ്പത്തില്‍ മരണം ആരിരത്തോടടുക്കുന്നു. പരിക്കേറ്റവരുടെ എണ്ണം അയ്യായിരം കവിഞ്ഞുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയതായും വിവിധ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. നൂറുകണക്കിനാളുകള്‍ കുടുങ്ങിക്കിടക്കുന്നതായും വിവിധയിടങ്ങളില്‍ അകപ്പെട്ടവരുടെ രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും റിപ്പോര്‍ട്ട്.

അയല്‍ പ്രവിശ്യയായ നംഗഹാറില്‍ ജലാലാബാദ് നഗരത്തിനടുത്തുള്ള കുനാര്‍ പ്രവിശ്യയിലെ നിരവധി പട്ടണങ്ങളെ ഭൂകമ്പം ബാധിച്ചതായി വിവിധ റിപ്പോര്‍ട്ടുകളുണ്ട്. ഗുല്‍, സോക്കി, വാട്പൂര്‍, ചപദാരെ എന്നീ ജില്ലകളിലായി നിരവധി പേര്‍ മരിച്ചെന്നും പരിക്കേല്‍ക്കുകയും ചെയ്തായി കുനാര്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രസ്താവനയില്‍ പറയുന്നു. റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഇന്ത്യയിലെ ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ഭാഗമായ നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി പുറത്തുവിട്ടു.

ഞായറാഴ്ച അഫ്ഗാന്‍ പ്രാദേശിക സമയം രാത്രി 11:47 നാണ് ഭൂകമ്പം ഉണ്ടായത്. നംഗര്‍ഹാര്‍ പ്രവിശ്യയിലെ ജലാലാബാദ് നഗരത്തിന് 27 കിലോമീറ്റര്‍ കിഴക്ക്-വടക്കുകിഴക്കാണ് പ്രഭവകേന്ദ്രത്തെ കണ്ടെത്തിയതെന്ന് സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു. എട്ട് കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രം കണ്ടെത്തിയത്. ഇത്തരം ഭൂകമ്പങ്ങളില്‍ കൂടുതല്‍ നാശനഷ്ടം വരാന്‍ സാധ്യതയുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പ്രധാന ഭൂകമ്പത്തിന് ഇരുപത് മിനിറ്റുകള്‍ക്ക് ശേഷം അതേയിടത്ത് രണ്ടാമത്തെ ഭൂകമ്പം ഉണ്ടായി, റിക്ടര്‍ സ്‌കെയിലില്‍ 4.5 രേഖപ്പെടുത്തിയ ഭൂകമ്പം ഇരുപത് മിനിറ്റുകള്‍ക്ക് ശേഷം അതേയിടത്ത് ഉണ്ടായതായി ഭൗമ നിരീക്ഷണകേന്ദ്രം അറിയിച്ചു.

പരിക്കേറ്റവരെ ചികിത്സയ്ക്കായി പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് നംഗര്‍ഹാര്‍ പൊതുജനാരോഗ്യ വകുപ്പിന്റെ വക്താവ് നഖിബുള്ള റഹിമി പറഞ്ഞു. രാത്രിയില്‍ ഉണ്ടായ ഭൂകമ്പത്തിന്റെ തീവ്രത കാണിക്കുന്ന ഒരു സിസിടിവി വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതായി പ്രചരിക്കുന്നുണ്ട്.

അനുശോചനം രേഖപ്പെടുത്തി

വിനാശകരമായ ഭൂകമ്പം അഫ്ഗാനിസ്ഥാനിലെ മുഴുവന്‍ ഗ്രാമങ്ങളെയും നിലംപരിശാക്കുകയും കുടുംബങ്ങളെ നിരാശയിലാക്കുകയും ചെയ്തെന്ന് വാര്‍ഡക് പ്രവിശ്യയുടെ തലസ്ഥാന നഗരമായ മൈദാന്‍ ഷഹറിന്റെ മുന്‍ മേയറായ സരിഫ ഗഫാരി പറഞ്ഞു.

'അഫ്ഗാനിസ്ഥാനിലെ കുനാര്‍, നന്‍ഗര്‍ഹാര്‍, നോറിസ്ഥാന്‍ പ്രവിശ്യകള്‍ വിനാശകരമായ ഭൂകമ്പത്തില്‍ അകപ്പെട്ടു. വീടുകള്‍ നിലംപൊത്തി. ഒരുപാട് കുടുംബങ്ങള്‍ അനാഥമായി. ഗ്രാമങ്ങളില്‍ പലതും തകര്‍ന്നടിഞ്ഞു. ആയിരക്കണക്കിന് ഗ്രാമീണര്‍ക്ക് സാരമായ പരിക്കേറ്റു. കുനാറിലെ ജനങ്ങള്‍ക്ക് സഹായം ആവശ്യമാണ്. പാര്‍പ്പിടം നല്‍കാനും ജീവിതം പുനരാരംഭിക്കാനും അന്താരാഷ്ട്ര സമൂഹവും മാനുഷിക സംഘടനകളും വേഗത്തില്‍ പ്രവര്‍ത്തിക്കണം,' ഗഫാരി എക്സില്‍ കുറിച്ചു.

മരണങ്ങളില്‍ അഗാധമായ ദുഖമുണ്ടെന്ന് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് താരം റഹ്‌മാനുള്ള ഗുര്‍ബാസ് പറഞ്ഞു. 'അഫ്ഗാനിസ്ഥാനിലെ കുനാറില്‍ ഉണ്ടായ ദുരന്തത്തില്‍ അഗാധമായ ദുഖമുണ്ട്. മരണപ്പെട്ടവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഒപ്പമാണ്' എക്സില്‍ കുറിച്ചു.

2023 ഒക്ടോബര്‍ ഏഴിന് അഫ്ഗാനിസ്ഥാനില്‍ 6.3 തീവ്രത രേഖപ്പെടുത്തി ഭൂകമ്പം പ്രദേശത്ത് കനത്ത ദുരന്തം വിതച്ചിരുന്നു. നാലായിരം പേരോളം മരിച്ചതായി താലിബാന്‍ സര്‍ക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഏകദേശം ആയിരത്തി അഞ്ഞൂറ് പേര്‍ മരണപ്പെട്ടതായി മാത്രമാണ് ഐക്യരാഷ്ട്രസഭ പുറത്തുവിട്ടിരുന്ന കണക്ക്.

afgan earthquake