അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ പാക് മിന്നാലാക്രമണം; 17 പേര്‍ കൊല്ലപ്പെട്ടു

തെഹ്രീക്-ഇ-താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി) എന്നറിയപ്പെടുന്ന പാകിസ്താന്‍ താലിബാന്റെയും അതിന്റെ അനുബന്ധ സംഘടനകളുടെയും ഏഴ് ക്യാമ്പുകള്‍ക്കെതിരെ സൈന്യം ഓപ്പറേഷന്‍സ് നടത്തിയതായി പാക് ഇന്‍ഫര്‍മേഷന്‍ മന്ത്രി അത്തൗല്ല തരാര്‍ അറിയിച്ചു

author-image
Biju
New Update
afgan

ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പതിനേഴു പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ ആക്രമണം നടത്തിയതായും തീവ്രവാദികളുടെ ഒളിത്താവളങ്ങള്‍ നശിപ്പിച്ചതായും അറിയിച്ചിരുന്നു. നംഗര്‍ഹാര്‍, പക്തിക പ്രവിശ്യകളിലാണ് ആക്രമണമുണ്ടായത്. രാജ്യത്തിനുള്ളില്‍ അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങള്‍ക്ക് പിന്നാലെയാണ് പാകിസ്ഥാന്‍ ആക്രമണം നടത്താനുള്ള നടപടി സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്.

തെഹ്രീക്-ഇ-താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി) എന്നറിയപ്പെടുന്ന പാകിസ്താന്‍ താലിബാന്റെയും അതിന്റെ അനുബന്ധ സംഘടനകളുടെയും ഏഴ് ക്യാമ്പുകള്‍ക്കെതിരെ സൈന്യം ഓപ്പറേഷന്‍സ് നടത്തിയതായി പാക് ഇന്‍ഫര്‍മേഷന്‍ മന്ത്രി അത്തൗല്ല തരാര്‍ അറിയിച്ചു.
അതിര്‍ത്തി മേഖലയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിന്റെ അനുബന്ധ സംഘടനയെയും ലക്ഷ്യമിട്ടിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ എവിടെയാണ് ആക്രമിച്ചതെന്ന് പാകിസ്താന്‍ വ്യക്തമാക്കിയിട്ടില്ല.

ടോളോ ന്യൂസിന്റെ റിപ്പോര്‍ട്ട് പ്രകാരം, പാകിസ്താന്‍ വ്യോമസേന ജെറ്റുകള്‍ അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിലെ ബെര്‍മല്‍ ജില്ലയിലെ മത പഠന കേന്ദ്രം ലക്ഷ്യമാക്കി ആക്രമണം നടത്തിയതായി പറയുന്നുണ്ട്. നംഗര്‍ഹാര്‍ പ്രവിശ്യയിലെ ഖോഗ്യാനി ജില്ലയിലും ഒന്നിലധികം വ്യോമാക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. പക്തികയിലെ അര്‍ഗുണിലും, നംഗര്‍ഹറിലെ ബഹ്സോദ്, ഘാനി ഖേല്‍ ജില്ലകളിലും ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇസ്ലാമാബാദ്, ബജൗര്‍, ബന്നു എന്നിവിടങ്ങളില്‍ അടുത്തിടെ നടന്ന ചാവേര്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായാണ് പാകിസ്താന്‍ മിന്നലാക്രമണം നടത്തിയത്.

ഖൈബര്‍ പഖ്തുന്‍ഖ്വയിലെ ബജൗര്‍ ജില്ലയിലെ സുരക്ഷാ പോസ്റ്റിലേക്ക് സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ഇടിച്ചുകയറ്റി 11 സൈനികരും ഒരു കുട്ടിയും കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സംഭവ വികാസങ്ങള്‍. ആക്രമണകാരി അഫ്ഗാന്‍ പൗരനാണെന്ന് അധികൃതര്‍ പിന്നീട് പറഞ്ഞു. അതിര്‍ത്തി ഓപ്പറേഷന് മണിക്കൂറുകള്‍ക്ക് മുമ്പ് ബന്നു ജില്ലയിലെ സുരക്ഷാ വാഹനവ്യൂഹത്തെ ലക്ഷ്യമിട്ട് മറ്റൊരു ചാവേര്‍ ബോംബര്‍ നടത്തിയ ആക്രമണത്തില്‍ ഒരു ലെഫ്റ്റനന്റ് കേണല്‍ ഉള്‍പ്പെടെ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

ശനിയാഴ്ചത്തെ അക്രമണത്തിനുശേഷം ഒരു സംയമനവും പാലിക്കില്ലെന്ന് പാകിസ്ഥാന്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ മാസം ആദ്യം ഇസ്ലാമാബാദിലെ ഷിയാ പള്ളിയില്‍ നടന്ന ചാവേര്‍ ബോംബാക്രമണം ഉള്‍പ്പെടെയുള്ള സമീപകാല ആക്രമണങ്ങള്‍ അഫ്ഗാനിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകരരുടെ നിര്‍ദ്ദേശപ്രകാരം നടത്തിയതാണെന്നും നിര്‍ണ്ണായക തെളിവുകള്‍ ഉണ്ടെന്നും പാകിസ്താന്‍ പറഞ്ഞിരുന്നു.

ഒക്ടോബര്‍ മുതല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സംഘര്‍ഷഭരിതമായി തുടരുകയാണ്. അതിര്‍ത്തിയിലെ ഏറ്റുമുട്ടലുകളില്‍ ഡസന്‍ കണക്കിന് സൈനികരും, സാധാരണക്കാരും കൊല്ലപ്പെട്ടു. ഖത്തറിന്റെ മധ്യസ്ഥതയില്‍ നടന്ന വെടിനിര്‍ത്തല്‍ ഏറെക്കുറെ പൂര്‍ത്തിയായെങ്കിലും, ഇസ്താംബൂളില്‍ നടന്ന ചര്‍ച്ചകള്‍ ഔപചാരിക കരാറില്‍ എത്തിച്ചേരുന്നതില്‍ പരാജയപ്പെട്ടിരുന്നു.