ഇന്ത്യയുടെ ബ്രഹ്‌മോസ് വാങ്ങാന്‍ 15 രാജ്യങ്ങള്‍ കൂടി

2022 ജനുവരിയില്‍ ഏകദേശം 375 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ബ്രഹ്‌മോസ് ക്രൂയിസ് മിസൈലുകള്‍ക്കായുള്ള ആദ്യത്തെ പ്രധാന പ്രതിരോധ കയറ്റുമതി കരാറില്‍ ഇന്ത്യ ഫിലിപ്പീന്‍സുമായി ഒപ്പുവച്ചിരുന്നു

author-image
Biju
New Update
bta

ന്യൂഡല്‍ഹി : പാകിസ്ഥാന്‍ ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ആഗോള ആയുധ വിപണിയില്‍ താരമായി മാറിയിരിക്കുകയാണ് ഇന്ത്യയുടെ ബ്രഹ്‌മോസ് മിസൈലുകള്‍. ഇന്ത്യയില്‍ നിന്നും ബ്രഹ്‌മോസ് വാങ്ങുന്നതിനായി ഇപ്പോള്‍ ലോകരാജ്യങ്ങള്‍ മത്സരിക്കുകയാണ്. നിലവില്‍ 15 രാജ്യങ്ങള്‍ ബ്രഹ്‌മോസ് മിസൈലുകള്‍ വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ഇന്ത്യയെ സമീപിച്ചിട്ടുണ്ട്. ബന്ധപ്പെട്ട കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിവരുകയാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.

ഓപ്പറേഷന്‍ സിന്ദൂറിന് മുന്‍പേ തന്നെ ബ്രഹ്‌മോസിന് ഏഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ വലിയ ഡിമാന്‍ഡ് ഉണ്ടായിരുന്നു. ഇന്ത്യന്‍ പ്രതിരോധ ഗവേഷണ വികസന സംഘടനയും റഷ്യന്‍ ഫെഡറേഷന്റെ എന്‍പിഒ മഷിനോസ്‌ട്രോയേനിയയും സംയുക്തമായി വികസിപ്പിച്ചെടുത്ത ബ്രഹ്‌മോസ് മിസൈലുകള്‍ വാങ്ങാന്‍ ആദ്യം താല്‍പര്യം പ്രകടിപ്പിച്ചത് ഫിലിപ്പീന്‍സ് ആണ്. 2022 ജനുവരിയില്‍ ഏകദേശം 375 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ബ്രഹ്‌മോസ് ക്രൂയിസ് മിസൈലുകള്‍ക്കായുള്ള ആദ്യത്തെ പ്രധാന പ്രതിരോധ കയറ്റുമതി കരാറില്‍ ഇന്ത്യ ഫിലിപ്പീന്‍സുമായി ഒപ്പുവച്ചിരുന്നു. കരാര്‍ പ്രകാരമുള്ള ആദ്യ ബാച്ച് 2024 ഏപ്രിലിലും, രണ്ടാമത്തേത് 2025 ഏപ്രിലിലും വിതരണം ചെയ്തു.

ബ്രഹ്‌മോസ് എയ്റോസ്പേസ് ലിമിറ്റഡ് ആണ് ബ്രഹ്‌മോസ് ക്രൂയിസ് മിസൈലുകള്‍ രൂപകല്പന ചെയ്ത് നിര്‍മ്മിക്കുന്നത്. ഈ വര്‍ഷം ആദ്യം ഇന്തോനേഷ്യ ബ്രഹ്‌മോസ് മിസൈലുകള്‍ വാങ്ങാനായുള്ള താല്‍പര്യം ഇന്ത്യയെ അറിയിച്ചു. 350 മില്യണ്‍ ഡോളറിന്റെ ആയുധ വില്പന കരാറുമായി ഇന്ത്യ-ഇന്തോനേഷ്യ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. 

സുഖോയ് സു-30എംകെഎം യുദ്ധവിമാനങ്ങള്‍ക്കും കെഡ ക്ലാസ് യുദ്ധക്കപ്പലുകള്‍ക്കുമായി ഉപയോഗിക്കുന്നതിനാണ് ഇന്തോനേഷ്യ ഇന്ത്യയുടെ ബ്രഹ്‌മോസ് മിസൈലുകള്‍ വാങ്ങുന്നത്. ഇതോടൊപ്പം തന്നെ മലേഷ്യയും വിയറ്റ്‌നാമും ബ്രഹ്‌മോസ് മിസൈലുകള്‍ വാങ്ങുന്നതിനുള്ള ചര്‍ച്ചകള്‍ തുടരുന്നുണ്ട്. തെക്കുകിഴക്കന്‍ ഏഷ്യയില്‍ നിന്നും തായ്ലന്‍ഡ്, സിംഗപ്പൂര്‍, ബ്രൂണൈ എന്നീ രാജ്യങ്ങളും ബ്രഹ്‌മോസ് മിസൈലുകള്‍ വാങ്ങുന്നതിനായി ഇന്ത്യയുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും ബ്രഹ്‌മോസ് മിസൈലുകള്‍ വാങ്ങുന്നതിനായി ഇന്ത്യയെ സമീപിച്ചിട്ടുണ്ട്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളായ ബ്രസീല്‍, ചിലി, അര്‍ജന്റീന, വെനിസ്വേല എന്നിവയാണ് ഇന്ത്യയില്‍ നിന്നും ആയുധങ്ങള്‍ വാങ്ങുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തിവരുന്നത്. 

പ്രധാനമായും ബ്രഹ്‌മോസ് മിസൈലുകള്‍ തന്നെയാണ് ഈ രാജ്യങ്ങള്‍ വാങ്ങാന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. ഈജിപ്ത്, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ), ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങളും ഇന്ത്യയുമായി ആയുധ കരാറില്‍ എത്താനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. 290 കിലോമീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് റേഞ്ചും 300 കിലോഗ്രാം വരെ ഭാരമുള്ള ഒരു വാര്‍ഹെഡ് വഹിക്കാന്‍ കഴിവും 15 കിലോമീറ്റര്‍ വരെ ഉയരത്തില്‍ സഞ്ചരിച്ച് കൃത്യമായി ലക്ഷ്യം ഭേദിക്കാനുള്ള കഴിവും ആണ് വിദേശരാജ്യങ്ങള്‍ക്കിടയില്‍ ബ്രഹ്‌മോസിനെ സൂപ്പര്‍താരമാക്കുന്നത്.

brahmos missile