'ഇന്ത്യ -പാകിസ്താന്‍ സംഘര്‍ഷം പരിഹരിക്കാന്‍ മധ്യസ്ഥത വഹിച്ചു'; ട്രംപിനു പിന്നാലെ അവകാശവാദവുമായി ചൈന

ഇന്ത്യ -പാക് സംഘര്‍ഷത്തിനു പുറമെ, വടക്കന്‍ മ്യാന്‍മര്‍, കംബോഡിയ -തായ്‌ലന്‍ഡ്, ഇറാനിലെ ആണവ പ്രശ്‌നം തുടങ്ങിയ വിഷയങ്ങളിലെല്ലാം ചൈന ഇടപെട്ടെന്നും ആഗോള സമാധാനമാണ് ലക്ഷ്യമെന്നും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീ പറഞ്ഞു

author-image
Biju
New Update
ch 2

ബെയ്ജിങ്: ഇന്ത്യ -പാകിസ്താന്‍ സംഘര്‍ഷം താനാണ് അവസാനിപ്പിച്ചതെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിരന്തരം അവകാശപ്പെടുന്നതിനിടെ, ഇതേ അവകാശവാദവുമായി ചൈന രംഗത്ത്. ഇന്ത്യ -പാക് സംഘര്‍ഷത്തിനു പുറമെ, വടക്കന്‍ മ്യാന്‍മര്‍, കംബോഡിയ -തായ്‌ലന്‍ഡ്, ഇറാനിലെ ആണവ പ്രശ്‌നം തുടങ്ങിയ വിഷയങ്ങളിലെല്ലാം ചൈന ഇടപെട്ടെന്നും ആഗോള സമാധാനമാണ് ലക്ഷ്യമെന്നും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീ പറഞ്ഞു. നേരത്തെ പാകിസ്താനുമായുള്ള സംഘര്‍ഷം ലഘൂകരിക്കാന്‍ മൂന്നാമതൊരു കക്ഷി ഇടപെട്ടിട്ടില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.

''രണ്ടാം ലോകയുദ്ധത്തിനു ശേഷം ആഭ്യന്തര യുദ്ധങ്ങളും അതിര്‍ത്തി കടന്നുള്ള സംഘര്‍ഷങ്ങളും ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്ത വര്‍ഷമാണിത്. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ വ്യാപിക്കുകയാണ്. ദീര്‍ഘകാലത്തേക്ക് സമാധാനം നിലനിര്‍ത്താനായി, സംഘര്‍ഷങ്ങളുടെ കാരണം മനസ്സിലാക്കി ഇടപെടുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. വടക്കന്‍ മ്യാന്‍മറിലെ പ്രശ്‌നം, ഇറാനിയന്‍ ആണവ പ്രതിസന്ധി, ഇന്ത്യ -പാകിസ്താന്‍ സംഘര്‍ഷം, ഇസ്രായേല്‍ -ഫലസ്തീന്‍ സംഘര്‍ഷം, കംബോഡിയ -തായ്‌ലന്‍ഡ് സംഘര്‍ഷം എന്നിവയെല്ലാം പരിഹരിക്കാന്‍ ഞങ്ങള്‍ മധ്യസ്ഥത വഹിച്ചു'' -വാങ് യീ ബെയ്ജിങ്ങില്‍ പറഞ്ഞു.

ഇക്കഴിഞ്ഞ മേയ് ഏഴിന് ഇന്ത്യ പാകിസ്താനിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത ഓപറേഷന്‍ സിന്ദൂറിന് പിന്നാലെയാണ് സൈനിക സംഘര്‍ഷമുണ്ടായത്. മേയ് 10ന് ഇരുരാജ്യങ്ങളിലെയും സൈനിക പ്രതിനിധികള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചക്കു പിന്നാലെയാണ് ആക്രമണം അവസാനിപ്പിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനു വിരുദ്ധമായി, താന്‍ ഇടപെട്ട് ചര്‍ച്ച നടത്തിയെന്ന് പലതവണ ട്രംപ് അവകാശപ്പെട്ടു. സംഘര്‍ഷത്തിനു പിന്നാലെ പാകിസ്താന്‍ ഭരണകൂടവും സൈനിക മേധാവി അസിം മുനീറുമായി ട്രംപ് അടുത്ത ബന്ധം പുലര്‍ത്തിയതും വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.