അഹമ്മദ് അല്‍ ഷാറയെ സിറിയയുടെ ഇടക്കാല പ്രസിഡന്റായി നിയമിച്ചു

ഭരണപരമായ വിടവുകള്‍ നികത്തുക, എല്ലാ സായുധ ഗ്രൂപ്പുകളെയും രാജ്യത്തിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരിക, പ്രാദേശികവും ആഗോളവുമായ പങ്കാളികളുമായി സിറിയയുടെ നില പുനഃസ്ഥാപിക്കുക

author-image
Prana
New Update
Ahmed al-Sharaa

Ahmed al-Sharaa Photograph: (Ahmed al-Sharaa)

സിറിയയിലെ മിലിട്ടറി ഓപ്പറേഷന്‍സ് അഡ്മിനിസ്‌ട്രേഷന്‍  ഇടക്കാല പ്രസിഡന്റായി അഹ്മദ് അല്‍ഷറയെ നിയമിച്ചതായി പ്രഖ്യാപിച്ചു. ഒരു സ്ഥിരമായ ഭരണഘടന അംഗീകരിക്കുന്നത് വരെ ഇടക്കാല നിയമനിര്‍മ്മാണ കൗണ്‍സില്‍ സ്ഥാപിക്കാന്‍ അദ്ദേഹത്തിന് അധികാരവും നല്‍കി.അല്‍ ഷാറ ഇടക്കാല പ്രസിഡന്റായി പ്രവര്‍ത്തിക്കുമെന്നും അന്താരാഷ്ട്ര ഫോറങ്ങളില്‍ സിറിയയെ പ്രതിനിധീകരിക്കുമെന്നും സിറിയന്‍ വക്താവ് ഹസന്‍ അബ്ദുല്‍ ഗനി പറഞ്ഞു. എല്ലാ സൈനിക വിഭാഗങ്ങളെയും വിപ്ലവ രാഷ്ട്രീയ സംഘടനകളെയും ഉടനടി പിരിച്ചുവിടുമെന്നും അവ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി സംയോജിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഡമസ്‌കസില്‍ നടന്ന 'വിജയ സമ്മേളന'ത്തിനിടെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.'ഞങ്ങള്‍ ഞങ്ങളുടെ ജനങ്ങളെ അപമാനത്തില്‍ നിന്ന് മോചിപ്പിച്ചു. ഇപ്പോള്‍ ഈ രാഷ്ട്രത്തിന്റെ പുനര്‍നിര്‍മ്മാണത്തിനും പുരോഗതിക്കും നാം സ്വയം സമര്‍പ്പിക്കണം,' കഴിഞ്ഞ വര്‍ഷം അവസാനം ഹയാത്ത് തഹ്‌രീര്‍ അല്‍ഷാമിന്റെ (എച്ച്ടിഎസ്) നേതൃത്വത്തിലുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ വ്യാപകമായ ആക്രമണത്തെ പരാമര്‍ശിച്ച് അല്‍ ഷാറ സമ്മേളനത്തില്‍ പറഞ്ഞു. ഭരണപരമായ വിടവുകള്‍ നികത്തുക, എല്ലാ സായുധ ഗ്രൂപ്പുകളെയും രാജ്യത്തിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരിക, പ്രാദേശികവും ആഗോളവുമായ പങ്കാളികളുമായി സിറിയയുടെ നില പുനഃസ്ഥാപിക്കുക എന്നിവ ഉള്‍പ്പെടെയുള്ള ലക്ഷ്യങ്ങള്‍ അദ്ദേഹം വിശദീകരിച്ചു.

syria