അജിത്ത് ഡോവല്‍ ചൈനയില്‍ ; ചൈന അനങ്ങിയാല്‍ ഇന്ത്യ അറിയും

അതിര്‍ത്തിയില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യ- ചൈന ധാരണയായത് ആഴ്ചകള്‍ക്ക് മുമ്പാണ്. എങ്കിലും പൊതുവെ വിശ്വസിക്കാന്‍ കൊള്ളാത്ത ചൈന ഏത് നിമിഷവും നിലപാട് മാറ്റുമെന്ന് കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാം

author-image
Rajesh T L
New Update
dowel

അതിര്‍ത്തിയില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യ- ചൈന ധാരണയായത് ആഴ്ചകള്‍ക്ക് മുമ്പാണ്.എങ്കിലും പൊതുവെ വിശ്വസിക്കാന്‍ കൊള്ളാത്ത ചൈന ഏത് നിമിഷവും നിലപാട് മാറ്റുമെന്ന് കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാം അതുകൊണ്ടാണ് നിരീക്ഷണം കൈവിടാതെ ഇന്ത്യ മുന്നോട്ട് പോകുന്നത്.

അതിനിടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ചൈനയില്‍ എത്തിയിരിക്കുകയാണ് ഇന്ത്യ-ചൈന പ്രത്യേക പ്രതിനിധി ചര്‍ച്ചകള്‍ക്കായായാണ് ഡോവല്‍ ബീജിംഗില്‍ എത്തിയത്.ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി നിര്‍ണ്ണായകമായ ചര്‍ച്ചകള്‍ നടത്തിയെന്നാണ് വിവരം. 

നാല് വര്‍ഷത്തിലേറെ നീണ്ട സൈനിക തര്‍ക്കം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാന കൂടിക്കാഴ്ച്ചയായിരുന്നു അത്. ഗാല്‍വാന്‍ താഴ്വരയില്‍ 2020 ഏപ്രിലിലെ സ്ഥിതി പുനഃസ്ഥാപിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം.അജിത് ഡോവലിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി ചൈനീസ് വിദേശ കാര്യമന്ത്രാലയം തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിന്നു. അതില്‍ ചൈനയുടെയും ഇന്ത്യയുടെയും നേതാക്കള്‍ തമ്മിലുള്ള സുപ്രധാന പൊതു ധാരണകള്‍ നടപ്പിലാക്കാന്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ചൈന തയ്യാറാണെന്നും  പറഞ്ഞിരുന്നു.

എന്നാല്‍ ഇവിടെയും വിട്ടുകൊടുക്കാന്‍ ഇന്ത്യ തയാറായിട്ടില്ല. ഏതുനിമിഷവും ചൈനയുടെ ചതി പ്രതീക്ഷിച്ച് റഷ്യയില്‍ നിന്ന് അത്യാധുനിക റഡാര്‍ സംവിധാനമായ വൊറോനെഷ് സ്വന്തമാക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. 4 ബില്യണ്‍ ഡോളറാണ് ഇതിനായി ഇന്ത്യ ചെലവിടുന്നതെന്നാണ് വിവരം. 8,000 കിലോ മീറ്റര്‍ വരെ ഡിറ്റക്ഷന്‍ റേഞ്ച് ഉള്ള വൊറോനെഷ് റഡാര്‍ 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയുടെ ഭാഗമായി ആഭ്യന്തരമായി നിര്‍മ്മിക്കുമെന്നാണ് സൂചന.പ്രതിരോധ മേഖല കൂടുതല്‍ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് വൊറോനെഷ് റഡാറുകള്‍ വാങ്ങാനുള്ള കരാറില്‍ ഇന്ത്യ ഒപ്പുവെക്കാന്‍ ഒരുങ്ങുന്നത്. റഷ്യന്‍ സൈന്യം 2012 മുതല്‍ ഈ റഡാര്‍ ഉപയോഗിക്കുന്നുണ്ട്.ഏതാണ്ട് പത്തോളം വൊറോനെഷ് റഡാര്‍ സംവിധാനങ്ങള്‍ റഷ്യയില്‍ ഉടനീളം വിന്യസിച്ചിട്ടുണ്ട്. ഇവയുടെ നവീകരിച്ച പതിപ്പാണ് ഇന്ത്യ സ്വന്തമാക്കാനൊരുങ്ങുന്നത്.

റഷ്യയിലെ അല്‍മാസ്-ആന്റേ കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച വോറോനെഷ് റഡാര്‍ സംവിധാനത്തിന് ഒരേ സമയം 500-ലധികം വസ്തുക്കളെ കണ്ടെത്താന്‍ കഴിയുമെന്നാണ് വിവരം.സംശയാസ്പദമായ രീതിയില്‍ ഏതെങ്കിലും തരത്തിലുള്ള വിക്ഷേപണമോ ആക്രമണമോ ഉണ്ടായാല്‍ അത് വോറോനെഷ് റഡാര്‍ കണ്ടെത്തും.ബാലിസ്റ്റിക് മിസൈലുകളുടെ വന്‍തോതിലുള്ള വിക്ഷേപണം പോലെയുള്ള ഭീഷണികള്‍ പരിശോധിച്ച്അതുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകള്‍ നല്‍കുക എന്നതാണ് ഈ റഡാര്‍ സംവിധാനങ്ങളുടെ പ്രധാന ജോലി.ഭൗമ, ബഹിരാകാശ വസ്തുക്കളും അവശിഷ്ടങ്ങളും നിരീക്ഷിച്ച് കണ്ടെത്താനുള്ള റഡാറിന്റെ കഴിവ്  ഐ.എസ്.ആർ.ഒയ്ക്കും സഹായകരമാകുമെന്നാണ് വിലയിരുത്തല്‍. ഐ.എസ്.ആർ.ഒ തയ്യാറാക്കുന്ന സുപ്രധാന ബഹിരാകാശ പദ്ധതിയില്‍ ഉള്‍പ്പെടെ നിര്‍ണായക പങ്കുവഹിക്കാന്‍ ഇവയ്ക്ക് കഴിഞ്ഞേക്കും.

india india china relation ajith dowel