ആലപ്പുഴ : ലോക പ്രശസ്ത ഫാഷൻ ഇവന്റ് മെറ്റ് ഗാലയിലേക്ക് ബോളിവുഡിന്റെ കിംഗ് ഖാന്റെ വരവ് സൂപ്പർ ഹിറ്റ് ആയപ്പോൾ ആരാധകർ ആ സ്റ്റൈലിഷ് ലൂക്ക് മാത്രമല്ല കണ്ടത്. അദ്ദേഹം നടന്നു വന്ന നീല പരവതാനി കൂടിയാണ്. അത് നിർമിച്ചത് ആകട്ടെ കേരളത്തിലെ ആലപ്പുഴയിലും.
ചേർത്തലയിലെ സ്ഥാപനമായ എക്സ്ട്രാ വിവ് നിർമിച്ച പരവതാനി ലോക ശ്രദ്ധ നേടുന്നത് ഇത് ആദ്യമായല്ല. മെറ്റ് ഗാലയിൽ ഇത് മൂന്നാം തവണയാണ്. യുഎസ് പ്രസിഡന്റിന്റെ വസതിയായ വൈറ്റ് ഹൗസിൽ ഉൾപ്പെടെ ഇവരുടെ പരവതാനി ഉപയോഗിക്കുന്നുണ്ട്. സ്പെയിനിലെ പഞ്ച നക്ഷത്ര ഹോട്ടലായ സിക്സ് സെൻസസ്, ലോകത്തിലെ തന്നെ ഏറ്റവും മികച്ച ആഡംബര ഹോട്ടലുകളായ ജയ്‌പ്പൂരിലെ രാംബാഗ് പാലസ് ജയ്സാൽമീറിലെ സൂര്യഗ്രഹ് പാലസ് മുംബൈയിലെ സോഹോ ഹൗസ്, താജ് ഹോട്ടൽ തുടങ്ങിയവയ്ക്കും എക്സ്ട്രാ വീവിന്റെ സബ് ബ്രാൻഡ് നെയ്ത്ത് ഹോംസ് പരവതാനികൾ നിർമിച്ചു നൽകിയിട്ടുണ്ട്. സീസെൽ ഫൈബറിൽ നിർമിച്ച വെള്ള പരവതാനികളാണ് ഇവയ്ക്ക് നൽകിയിട്ടുള്ളത്.
പരവതാനി വാങ്ങുന്നവർ കലാകാരന്മാർക്ക് കൊണ്ട് പരവതാനിക്ക് നിറവും ഡിസൈനുകളും നൽകും. വെള്ളി നാരുകളിൽ ഇന്ത്യയുടെ തനതു ബിധാരി ഡിസൈൻ തുന്നിയെടുത്ത പരവതാനിക്ക് 2024ലെ യൂറോപ്യൻ പ്രോഡക്റ്റ് ഡിസൈൻ പുരസ്‌കാരം ലഭിച്ചിരുന്നു. വള്ളം കളി ആസ്പദമാക്കിയുള്ള പരവതാനിയ്ക്ക് ലോക പ്രശസ്ത ഡിഎൻഎ പാരീസ് ഡിസൈൻ അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്.
ചവിട്ടുമ്പോൾ പ്രകാശം പൊഴിക്കുന്ന പരവതാനിയും ഈ കൂട്ടത്തിൽ ഉണ്ട്. സൂര്യ പ്രകാശത്തിലെ അൾട്രാ വയലറ്റ് രശ്മികൾ പതിക്കുമ്പോൾ ഡിസൈൻ മാറുന്നതുമായ പരവതാനികളും എക്സ്ട്രാ വീവ് നിർമിക്കുന്നുണ്ട്. ഏകദേശം 700 ജോലിക്കാരാണ് ചേർത്തലയിലെ നിർമാണ ശാലയിൽ ഉള്ളത്.