/kalakaumudi/media/media_files/2025/02/08/pz9pFvPfIerk8KxJgPz5.jpg)
Alaska Plane Crash
വാഷിങ്ടണ്‍: അമേരിക്കയില്‍ വിമാനാപകടം തുടര്‍ക്കഥയാകുന്നു. നോമിലേക്കുള്ള യാത്രയ്ക്കിടെ അലാസ്‌കയ്ക്ക് മുകളില്‍ വച്ച് കാണാതായ യാത്രാവിമാനം മഞ്ഞുപാളികളില്‍ ഇടിച്ച് തകര്‍ന്നതായാണ് കണ്ടെത്തല്‍. വിമാനത്തിലുണ്ടായിരുന്ന പത്തുപേരും കൊല്ലപ്പെട്ടു. ബെറിങ് എയറിന്റെ വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്ന് വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്യുന്നു.
വിമാനത്തെ അവസാനമായി കണ്ട സ്ഥലം അടിസ്ഥാനമാക്കി യുഎസ് കോസ്റ്റ് ഗാര്‍ഡ് നടത്തിയ ആകാശത്തിരച്ചിലിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. നോമില്‍ നിന്ന് തെക്ക് കിഴക്ക് 48 കിലോമീറ്ററോളം അകലെ നിന്നാണ് വിമാനം കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡിന്റെ രണ്ട് മുങ്ങല്‍ വിദഗ്ധര്‍ ഇറങ്ങി പരിശോധിച്ച് സ്ഥിരീകരിക്കുകയായിരുന്നു.
പ്രാദേശിക സമയം മൂന്നേ കാല്‍ കഴിഞ്ഞതിന് പിന്നാലെ വിമാനത്തിന് പെട്ടെന്ന് മര്‍ദവ്യതിയാനം താങ്ങാന്‍ കഴിയാതെ വരികയും അപകടം സംഭവിക്കുകയുമായിരുന്നുവെന്നുമാണ് റഡാര്‍ ഡേറ്റ ഉപയോഗിച്ച് യുഎസ് സിവില്‍ എയര്‍ പട്രോളിന്റെ വിലയിരുത്തല്‍.
ചെറുവിമാനം അപകടത്തില്‍പ്പെടുന്ന സമയം നേരിയ മഞ്ഞുവീഴ്ചയും മൂടല്‍മഞ്ഞും ഉണ്ടായിരുന്നുവെന്നും അന്തരീക്ഷ താപനില മൈനസ് എട്ട് ഡിഗ്രി ആയിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. ശൈത്യകാലത്ത് അലാസ്‌കയില്‍ പലപ്പോഴും അപ്രതീക്ഷിതമായി മഞ്ഞുവീഴ്ചയും ശക്തിയേറിയ കാറ്റും ഉണ്ടാവാറുണ്ട്. ഇത് ചെറുവിമാനങ്ങളുടെ സഞ്ചാരത്തെ പ്രതികൂലമായി ബാധിക്കാറുമുണ്ടെന്നും അധികൃതര്‍ പറയുന്നു. വിമാനം കാണാനില്ലെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ പ്രാദേശികസംസ്ഥാന ഏജന്‍സികള്‍ സംയുക്തമായി തിരച്ചിലിനിറങ്ങുകയായിരുന്നു.
എട്ടുദിവസത്തിനിടെ അമേരിക്കയിലുണ്ടാകുന്ന മൂന്നാമത്തെ വലിയ വിമാനാപകടമാണ് അലാസ്‌കയിലേത്. ജനുവരി 29ന് യാത്രാവിമാനം സൈനിക കോപ്റ്ററുമായി കൂട്ടിയിടിച്ച് 67 പേര്‍ കൊല്ലപ്പെട്ടിരുന്നു. ജനുവരി 31ന് ഫിലദെല്‍ഫിയയില്‍ അടുത്ത വിമാനാപകടവും ഉണ്ടായി. വിമാനത്തിലുണ്ടായിരുന്ന ആറുപേരും വിമാനാവശിഷ്ടങ്ങള്‍ വീണ് ഒരാളുമാണ് കൊല്ലപ്പെട്ടത്.