അലക് ബാള്‍ഡ്വിന്‍
ന്യൂ മെക്‌സിക്കോ: സിനിമാ ഷൂട്ടിങ്ങിനിടെ അബദ്ധത്തില്‍ വെടിപൊട്ടി ഛായാഗ്രാഹക മരിച്ച സംഭവത്തില്‍ ഹോളിവുഡ് താരം അലക് ബാള്‍ഡ്വിനെ കുറ്റവിമുക്തനാക്കി കോടതി. ഷൂട്ടിങ്ങിനിടെ അബദ്ധത്തില്‍ വെടിപൊട്ടി ഛായാഗ്രാഹക മരിച്ച സംഭവത്തിലാണ് ബാള്‍ഡ്വിനെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തിരുന്നത്. നിറഞ്ഞ കണ്ണുകളോടെയാണ് ബാള്‍ഡ്വിന്‍ വിധി കേട്ടത്. വിധി പ്രഖ്യാപനത്തിനു ശേഷം ആശ്വാസത്തോടെ ഭാര്യയെയും സഹോദരിയെയും ആലിംഗനം ചെയ്ത ബാള്‍ഡ്വിന്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളോടു പ്രതികരിക്കാതെ കോടതി വിടുകയും ചെയ്തു.ബാള്‍ഡ്വിനെതിരായ കുറ്റം സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നു ജഡ്ജി മേരി മാര്‍ലോ സോമ്മര്‍ വിധിന്യായത്തില്‍ പറഞ്ഞു.
2021 ല്‍ റസ്റ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു കേസിനാസ്പദമായ സംഭവം. ചിത്രീകരണത്തിനു മുന്നോടിയായുള്ള റിഹേഴ്‌സലില്‍ ബാള്‍ഡ്വിന്‍ ഉപയോഗിച്ച റിവോള്‍വര്‍ അബദ്ധത്തില്‍ പൊട്ടി ഛായാഗ്രാഹക ഹലീന ഹച്ചിന്‍സ് കൊല്ലപ്പെട്ടു. നിറതോക്കായിരുന്നെന്ന് തനിക്കറിയില്ലായിരുന്നുവെന്ന് ബാള്‍ഡ്വിന്‍ പറഞ്ഞിരുന്നു.ഷൂട്ടിങ്ങിന് ആയുധങ്ങള്‍ എത്തിച്ചിരുന്ന ഹന്ന ഗുട്ടറസ് ഇതേ കേസില്‍ മനപ്പൂര്‍വമല്ലാത്ത നരഹത്യക്കുറ്റം ചുമത്തപ്പെട്ട് ജയിലില്‍ കഴിയുകയാണ്.