ചാറ്റ് ജിപിടിക്ക് എതിരാളി; വരുന്നൂ ആന്ത്രോപിക്ക്

ആന്ത്രോപിക്കിലേക്ക് 2.75 ബില്യണ്‍ ഡോളര്‍ അധികമായി നല്‍കുമെന്ന് അറിയിച്ചിരിക്കുകയാണ് ആമസോണ്‍

author-image
Rajesh T L
New Update
chat gpt

ആന്ത്രോപിക്ക്

Listen to this article
0.75x 1x 1.5x
00:00 / 00:00

കഴിഞ്ഞ കുറച്ച് നാളുകളായി വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ് ചാറ്റ് ജിപിടി. എന്നാല്‍ എന്താണ് ചാറ്റ് ജിപിടി എന്ന് ചോദിച്ചാല്‍ പലര്‍ക്കും അറിയില്ല. ചോദ്യങ്ങള്‍ക്ക് ഉത്തരം തരുന്നൊരു സേവനമാണെന്ന് അറിയാം. അപ്പോള്‍ നേരത്തെ തന്നെ ഗൂഗിള്‍ അസിസ്റ്റന്റും അലക്‌സയുമൊക്കെ ചെയ്യുന്നതും അത് തന്നെയാണല്ലോ, അവയില്‍നിന്ന് എന്താണ് ചാറ്റ് ജിപിടിയെ വ്യത്യസ്തമാക്കുന്നത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ എപ്പോഴും മനുഷ്യന്റെ ബുദ്ധിയുമായാണ് താരതമ്യം ചെയ്യുന്നത്. മനുഷ്യന്റെ ബുദ്ധിയോടാണ് ആ സാങ്കേതിക വിദ്യാരംഗം മത്സരിച്ചുകൊണ്ടിരിക്കുന്നതും. മനുഷ്യന് സ്വന്തം ബുദ്ധിയും ശക്തിയും ശരീരവും ഉപയോഗിച്ച് എന്തെല്ലാം ചെയ്യാന്‍ സാധിക്കുമോ അതെല്ലാം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് സാധ്യമാക്കാനാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ലോകത്തെ മുന്‍നിര കമ്പനികളെല്ലാം തന്നെ ഈ രംഗത്ത് പ്രവര്‍ത്തിച്ചുവരുന്നുണ്ട്. മനുഷ്യനെ പോലെ എഴുതാനും വായിക്കാനും ചാറ്റ് ചെയ്യാനുമെല്ലാം സാധിക്കുന്ന നിര്‍മിതബുദ്ധി അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യയാണ് ചാറ്റ് ജിപിടി. ജനറേറ്റീവ് പ്രീ ട്രെയ്ന്‍ഡ് ട്രാന്‍സ്‌ഫോര്‍മര്‍ എന്നാണ് ജിപിടി അര്‍ത്ഥമാക്കുന്നത്. എന്നാല്‍ സാക്ഷാല്‍ ചാറ്റ് ജിപിടിയെ തന്നെ വെല്ലുന്ന സംവിധാനം ഒരുക്കുകയാണ് ആന്ത്രോപിക്ക്.

ചാറ്റ് ജി പി ടി നിര്‍മ്മാതാക്കളായ ഓപ്പണ്‍ എ ഐയുടെ എതിരാളിയായ ആന്ത്രോപിക്കിലേക്ക് 2.75 ബില്യണ്‍ ഡോളര്‍ അധികമായി നല്‍കുമെന്ന് അറിയിച്ചിരിക്കുകയാണ് ആമസോണ്‍. ഓപ്പണ്‍എഐയുടെ മുന്‍ അംഗങ്ങള്‍ സ്ഥാപിച്ച സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായുള്ള അമേരിക്കന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ആന്ത്രോപിക്. ഈ നിക്ഷേപത്തോടെ ആന്ത്രോപിക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പിലെ ആമസോണിന്റെ മൊത്തം നിക്ഷേപം 4 ബില്യണ്‍ ഡോളറിലെത്തും.

'ജനറേറ്റീവ് എ ഐ നമ്മുടെ കാലത്തെ ഏറ്റവും നൂതന സാങ്കേതികവിദ്യയായി മാറുകയാണ്, ആന്ത്രോപിക്കുമായുള്ള ആമസോണിന്റെ സഹകരണം ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുമെന്ന് വിശ്വസിക്കുന്നുവെന്നാണ് ആമസോണ്‍ പറയുന്നത്.

2023 സെപ്റ്റംബറിലാണ് ആമസോണ്‍ ആന്ത്രോപിക്കില്‍ 1.25 ബില്യണ്‍ ഡോളര്‍ പ്രാരംഭ നിക്ഷേപം നടത്തിയത്. തുടര്‍ന്ന് 4 ബില്യണ്‍ ഡോളര്‍ വരെ നിക്ഷേപിക്കാന്‍ പദ്ധതിയുണ്ടെന്ന് സൂചിപ്പിക്കുകയും ചെയ്തിരുന്നു.

ആഗോള ശ്രദ്ധ പിടിച്ചുപറ്റിയ ജനറേറ്റീവ് എ ഐ സിസ്റ്റങ്ങള്‍ക്ക് അടിവരയിടുന്ന ഫൗണ്ടേഷന്‍ മോഡലുകള്‍ വികസിപ്പിക്കാന്‍ ഇരു കമ്പനികളും സഹകരിക്കാന്‍ പോവുകയാണ്. കരാര്‍ പ്രകാരം, ആന്ത്രോപിക് ആമസോണ്‍ വെബ് സര്‍വീസസിനെ പ്രാഥമിക ക്ലൗഡ് ദാതാവായി ഉപയോഗിക്കുകയും എ ഐ മോഡലുകള്‍ നിര്‍മ്മിക്കാനും പരിശീലിപ്പിക്കാനും വിന്യസിക്കാനും ആമസോണിന്റെ ചിപ്പുകള്‍ ഉപയോഗിക്കും.

ബെഡ്‌റോക്ക് എന്ന ആമസോണ്‍ സേവനത്തിലെ മോഡലുകളിലേക്കുള്ള ആക്‌സസ്, കൂടുതലും ബിസിനസുകളായ ആമസോണ്‍ വെബ് സര്‍വീസസ് ഉപഭോക്താക്കള്‍ക്കും ഇത് നല്‍കും. ഡെല്‍റ്റ എയര്‍ ലൈന്‍സ്, സീമെന്‍സ് തുടങ്ങിയ കമ്പനികള്‍ ഇതിനകം തന്നെ ആന്ത്രോപിക്കിന്റെ എ ഐ മോഡലുകള്‍ ആക്‌സസ് ചെയ്യാന്‍ ബെഡ്‌റോക്ക് ഉപയോഗിക്കുന്നുണ്ട്.

സാങ്കേതികവിദ്യയില്‍ ബിസിനസ്സ് താല്‍പ്പര്യത്തിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി വന്‍കിട ടെക് കമ്പനികള്‍ എങ്ങനെ പണം ചെലവഴിക്കുന്നു എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ആമസോണിന്റെ ഈ നിക്ഷേപം. 

മൈക്രോസോഫ്റ്റ് പ്രധാന നിക്ഷേപകരായ ഓപ്പണ്‍ എഐ എന്ന സ്ഥാപനം വികസിപ്പിച്ച ഒരു ഭാഷാ മോഡലാണ് ചാറ്റ് ജിപിടി. ഗൂഗിളിന്റെ ലാംഡ എഐ, ബെര്‍ട്ട്, ഫെയ്‌സ്ബുക്കിന്റെ റോബേര്‍ട്ട് എന്നിവ ഇക്കൂട്ടത്തില്‍പ്പെടുന്ന മറ്റ് സാങ്കേതിക വിദ്യകളാണ്. മനുഷ്യന്റെ സ്വാഭാവികമായ ഭാഷ മനസിലാക്കാനും അതിനനുസരിച്ച് സംഭാഷണങ്ങളിലേര്‍പ്പെടാനുമാണ് ചാറ്റ് ജിപിടിയെ പരിശീലിപ്പിച്ചിരിക്കുന്നത്. ഇന്റര്‍നെറ്റില്‍ ലഭ്യമായതും അച്ചടിച്ച പുസ്തകങ്ങളില്‍ ലഭ്യമായതുമായ അനേകായിരം എഴുത്തുകള്‍ ഉപയോഗിച്ചാണ് ചാറ്റ് ജിപിടിയെ പരിശീലിപ്പിച്ചിരിക്കുന്നത്. 

വലിയ വായനാശീലമുള്ള ഒരു ബുദ്ധിജീവിയെ പോലെയാണ് ചാറ്റ് ജിപിടി. ആര് എന്ത് സംശയം ചോദിച്ചാലും എന്തിനെ കുറിച്ച് അഭിപ്രായം ചോദിച്ചാലും അതേ കുറിച്ച് എന്തെങ്കിലുമൊക്കെ പറയാന്‍ അതിനറിയാം. 

ഇവിടെ ചാറ്റ് ജിപിടിയെ പരിശീലിപ്പിച്ച ഡാറ്റയില്‍ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിക്കപ്പെട്ട അസംഖ്യം വിവരങ്ങള്‍ ഉള്‍പ്പെടുന്നു. മനുഷ്യന് തന്റെ ജീവിതകാലത്തില്‍ വായിച്ചും കണ്ടും പഠിക്കാനാവാത്ത അത്രയും വിവരങ്ങള്‍ ചാറ്റ് ജിപിടി പഠിച്ചിട്ടുണ്ട്. ഈ വിവരങ്ങളെ ആവശ്യാനുസരണം വിശകലനം ചെയ്യാനും ഏത് രൂപത്തില്‍ വേണമെങ്കില്‍ അവതരിപ്പിക്കാനും ജിപിടിയ്ക്ക് സാധിക്കും.ഈ സംവിധാനത്തെ അപ്പാടെ പൊളിച്ചെഴുതാനാണ് ആന്ത്രോപിക് ശ്രമിക്കുന്നത്.

 

 

amazon technology chatgpt Anthropic AI