മുട്ടനാടുകളെ തമ്മിലടിപ്പിച്ച് ചോര കുടിക്കുന്ന കുറുക്കന്റെ കഥ കേട്ടിട്ടില്ലേ? അതുപോലെയാണ് അമേരിക്കയും.ലോകത്തെവിടെ സംഘര്‍ഷമുണ്ടായാലും ഒരു ചേരിയില്‍ അമേരിക്കയുണ്ടാവും. റഷ്യ-യുക്രൈന്‍ യുദ്ധം, ഇസ്രയേല്‍-ഹമാസ് യുദ്ധം, സിറിയയിലെ ആഭ്യന്തര സംഘര്‍ഷം ഇങ്ങനെ ചുക്കില്ലാത്ത കഷായമില്ല എന്നു പറയുന്ന പോലെ അമേരിക്കയില്ലാത്ത സംഘര്‍ഷവും ഇല്ല. കഴിഞ്ഞ ദിവസം ചൈനയും തായ്വാനും തമ്മിലുള്ള തര്‍ക്കത്തിലും ഒരു ഭാഗത്ത് അമേരിക്കയുണ്ട്.
ഈ സംഘര്‍ഷങ്ങളില്‍ കുറുക്കന്‍ തന്നെയാണ് അമേരിക്ക. ലോകം യുദ്ധങ്ങളായും സംഘര്‍ഷങ്ങളാലും നിറയുമ്പോള്‍ ചീര്‍ത്തുവീര്‍ക്കുന്നത് അമേരിക്കയിലെ ആയുധ നിര്‍മാണ കമ്പനികളാണ്. ലോകത്തെ ആയുധ വ്യാപാരത്തിന്റെ 50 ശതമാനവും കൈയാളുന്നത് അമേരിക്കന്‍ കമ്പനികളാണ്. 2023 മൊത്തം 317 ബില്യന്‍ ഡോളറിന്റെ ആയുധ വ്യാപാരമാണ് അമേരിക്ക മാത്രം നടത്തിയത്.
അതായത്, ലോകത്തെ മൊത്തം ആയുധ വ്യാപാരത്തിന്റെ 50 ശതമാനം വരുമിത്. റഷ്യ-യുക്രൈന്‍ യുദ്ധവും ഇസ്രയേല്‍-ഹമാസ് യുദ്ധവുമാണ് ആയുധത്തിന്റെ ഡിമാന്‍ഡ് വര്‍ദ്ധിപ്പിച്ചത്. യുക്രൈനിലും ഗസയിലും എന്താണ് അമേരിക്കയുടെ താല്‍പര്യമെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്.
2023-ല്‍ 100 പ്രതിരോധ കമ്പനികളുടെ മൊത്തം വരുമാനം 632 ബില്യന്‍ ഡോളറാണ്. 2022 വര്‍ഷത്തില്‍ നിന്ന് 4.2 ശതമാനം വളര്‍ച്ചയാണിത്. ആയുധ വ്യാപാരത്തില്‍ യുഎസ് പ്രതിരോധ വകുപ്പ് പുതിയ റെക്കോഡാണ് സൃഷ്ടിച്ചത്. പ്രധാനമായും യുഎസിന്റെ യൂറോപ്പിലെ സഖ്യ രാജ്യങ്ങള്‍ക്കാണ് ആയുധം നല്‍കിയത്. ഈ കാലയളവില്‍ ഏറ്റവും അധികം നേട്ടമുണ്ടാക്കിയത് ലോക്ഹീഡ് മാര്‍ട്ടിന്‍, ആര്‍ടിഎക്‌സ്, നോര്‍ത്ത് റോപ്, ബോയിംഗ്, ജനറല്‍ ഡൈനാമിക്‌സ് തുടങ്ങിയ പ്രതിരോധ കമ്പനികളാണ്. യക്രൈന്‍-റഷ്യ, ഇസ്രയേല്‍-ഇറാന്‍, ഇസ്രയേല്‍-ഹമാസ്, ഇസ്രയേല്‍-ഹൂതികള്‍ ഇങ്ങനെ ലോകം സംഘര്‍ഷങ്ങളുടെ പിടിയിലാണ്. നിലവിലെ സാഹചര്യത്തില്‍ ആയുധ നിര്‍മാണ കമ്പനികളും തടിച്ചുകൊഴുക്കുന്നു. ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സാഹചര്യം.
അതിനിടെയാണ് യുഎസ് കമ്പനികള്‍ക്ക് ചൈന ഉപരോധം ഏര്‍പ്പെടുത്തിയെന്ന വാര്‍ത്ത വരുന്നത്. 13 യുഎസ് ആയുധ കമ്പനികള്‍ക്കാണ് ചൈനയുടെ ഉപരോധം. തായ്വാന് ആയുധം നല്‍കാനുള്ള തീരുമാനമാണ് ചൈനയെ ചൊടിപ്പിച്ചതെന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉപരോധിച്ചവയില്‍ ഭൂരിഭാഗവും ഡ്രോണ്‍ നിര്‍മാണ രംഗത്തെ മുന്‍നിര കമ്പനികളാണ്.
ചൈനീസ് വിദേശകാര്യ മന്ത്രാലയമാണ് ഉപരോധം പ്രഖ്യാപിച്ചത്. തായ്വാനുമായുള്ള 385 മില്യന്‍ ഡോളറിന്റെ ആയുധ കരാറിനു അടുത്തിടെ യുഎസ് ഭരണകൂടം അംഗീകാരം നല്‍കിയിരുന്നു.ആയുധ സ്‌പെയര്‍ പാര്‍ട്‌സുകള്‍, എഫ്-16 ജെറ്റുകള്‍ക്കു വേണ്ട സാധന സാമഗ്രികള്‍, റഡാര്‍ സംവിധാനങ്ങള്‍ എന്നിവ നല്‍കാനാണ് കരാര്‍. യുഎസിന്റെ നടപടിയില്‍ ചൈന ശക്തമായ എതിര്‍പ്പ് അറിയിക്കുകയും ചെയ്തിരുന്നു.
ടെഡെലൈന്‍ ബ്രൗണ്‍ എന്‍ജിനീയറിങ്, ബ്രിന്‍ക് ഡ്രോണ്‍സ്, ഷീല്‍ഡ് എഐ എന്നിവയാണ് ഡ്രോണ്‍ നിര്‍മാണരംഗത്തുള്ള ഉപരോധം ഏര്‍പ്പെടുത്തിയിട്ടുള്ള കമ്പനികള്‍. റാപ്പിഡ് ഫ്‌ളൈറ്റ് എല്‍എല്‍സി, റെഡ് സിക്‌സ് സൊല്യൂഷന്‍സ്, സിനെക്‌സസ്, ഫയര്‍സ്റ്റോം ലാബ്‌സ്, ക്രാറ്റോസ് അണ്‍മാന്‍ഡ് ഏരിയല്‍ സിസ്റ്റംസ്, ഹാവോക് എഐ, നെറോസ് ടെക്‌നോളജീസ്, സൈബര്‍ലക്‌സ് കോര്‍പറേഷന്‍, ഡോമോ ടാക്ടിക്കല്‍ കമ്യൂണിക്കേ,ന്‍സ്, ഗ്രൂപ്പ് ഡബ്ല്യു എന്നിവയാണ് ഉപരോധ പട്ടികയിലുള്ള മറ്റ് കമ്പനികള്‍.
ഇതിനു പുറമെ മറ്റ് ആറു കമ്പനികളുടെ എക്‌സിക്യൂട്ടീവുകളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നും ചൈന അറിയിച്ചിട്ടുണ്ട്. റേതിയോണ്‍, ബിഎഇ സിസ്റ്റംസ്, യുനൈറ്റഡ് ടെക്‌നോളജീസ് എന്നീ കമ്പനികളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയാകും നടപടി. ഇവര്‍ക്ക് ചൈനയിലേക്കു വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.v