/kalakaumudi/media/media_files/NPo6GvNB9BgjI4QWDZM7.jpg)
Joe Biden Shehbaz Sharif
ന്യൂയോര്‍ക്ക്: ഇറാനുമായി ഒപ്പുവച്ച വ്യാപാര കരാറുകളുമായി ബന്ധപ്പെട്ട് പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് അമേരിക്ക. ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ സന്ദര്‍ശനത്തിന് പിന്നാലെയാണ് ഉപരോധ സാധ്യതകളെ കുറിച്ചുള്ള മുന്നറിയിപ്പ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേല്‍ നല്‍കിയത്. റെയ്സിയുടെ പാക് സന്ദര്‍ശനത്തിനിടെ രാഷ്ട്രീയ, സാമ്പത്തിക, വ്യാപാര, സാംസ്‌കാരിക ബന്ധം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തില്‍ എട്ട് ഉഭയകക്ഷി കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവച്ചത്. എട്ട് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇറാന്‍ പ്രസിഡന്റ് പാകിസ്ഥാനിലെത്തുന്നത്.
പല തീവ്രവാദ സംഘടനകള്‍ക്കും നേരിട്ട് സാമ്പത്തിക സഹായം ഉള്‍പ്പെടെ നല്‍കുന്നതുമായി ബന്ധപ്പെട്ട് ഇറാന് മേല്‍ അമേരിക്ക പല ഉപരോധങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ പാകിസ്ഥാനും അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പാകിസ്ഥാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയിലേക്ക് സാധനങ്ങള്‍ വിതരണം ചെയ്തതിന് പിന്നാലെ ചൈനയില്‍ നിന്നും ബെലാറസില്‍ നിന്നുമുള്ള ചില സ്ഥാപനങ്ങള്‍ക്ക് യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയതായും പട്ടേല്‍ വെളിപ്പെടുത്തുന്നുണ്ട്.
'പാകിസ്ഥാന്‍ വിദേശനയം അവരുടെ സ്വന്തം കാര്യമാണ്. എന്നാല്‍ ഇറാനുമായി വ്യാപാര ഇടപാടുകള്‍ നടത്താന്‍ ആഗ്രഹിക്കുന്ന ഏതൊരു രാജ്യത്തേയും ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ആഗ്രഹിക്കുകയാണ്. ആയുധങ്ങള്‍ സംഭരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടി എടുക്കുന്നത് തുടരുമെന്നും'' പട്ടേല്‍ വ്യക്തമാക്കി.
ഇറാനില്‍ നിന്നുള്ള ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതി പുനരാരംഭിക്കാനും പാകിസ്ഥാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇറാന്റെ സൗത്ത് ഫാര്‍സ് ഗ്യാസ് ഫീല്‍ഡില്‍ നിന്ന് പാകിസ്ഥാന്റെ തെക്കന്‍ പ്രവിശ്യകളായ ബലൂചിസ്ഥാനിലേക്കും സിന്ധിലേക്കും പൈപ്പ് ലൈന്‍ നിര്‍മ്മിക്കുന്നതിന് 2010ല്‍ ഒപ്പുവച്ച വാതക കരാറാണിത്. യുഎസ് ഉപരോധത്തിന്റെ പേരിലാണ് പദ്ധതിയുടെ തുടര്‍ നീക്കങ്ങള്‍ നിലച്ചത്.
അതേസമയം ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ പാകിസ്ഥാന്‍ സന്ദര്‍ശന വേളയിലാണ് പതിവ് പോലെ കശ്മീര്‍ വിഷയം എടുത്തിട്ട പാകിസ്ഥാന്‍ നാണംകെട്ടിരുന്നു. ഇന്ത്യക്കെതിരെയോ കാശ്മീരിനെ പരാമര്‍ശിച്ചോ ഒരക്ഷരം മിണ്ടാതെ, ഇന്ത്യയുടെ സുഹൃത് രാഷ്ട്രം തന്നെയാണ് ഞങ്ങളെന്ന് തെളിയിച്ചിരിക്കുകയാണ് ഇറാന്‍.