അമേരിക്കയില്‍ സ്‌കൂളില്‍ വെടിവെയ്പ്പ്; അക്രമിയടക്കം മൂന്നു പേര്‍ മരിച്ചു; 20 പേര്‍ക്ക് പരിക്ക്

സംഭവത്തിനു ശേഷം അജ്ഞാതനായ അക്രമി സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. മിനിയാപൊളിസില്‍ 24 മണിക്കൂറിനുള്ളില്‍ നടക്കുന്ന നാലാമത്തെ വെടിവയ്പ്പാണിതെന്ന് എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ടു ചെയ്തു

author-image
Biju
New Update
american school

മിനിയാപൊളിസ്: അമേരിക്കയിലെ മിനിസോട്ടയിലെ സ്‌കൂളിലുണ്ടായ വെടിവെയ്പ്പില്‍ അക്രമിയടക്കം മൂന്നു പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ബുധനാഴ്ച രാവിലെ മിനിയാപൊളിസിലെ അനണ്‍സിയേഷന്‍ കാത്തലിക് സ്‌കൂളിലാണ് വെടിവയ്പ്പുണ്ടായത്. 395 വിദ്യാര്‍ഥികളുള്ള ഒരു സ്വകാര്യ എലിമെന്ററി സ്‌കൂളാണിത്.

സംഭവത്തില്‍ അക്രമി ഉള്‍പ്പെടെ മൂന്നു പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥന്‍ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. സംഭവത്തിനു ശേഷം അജ്ഞാതനായ അക്രമി സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. മിനിയാപൊളിസില്‍ 24 മണിക്കൂറിനുള്ളില്‍ നടക്കുന്ന നാലാമത്തെ വെടിവയ്പ്പാണിതെന്ന് എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ടു ചെയ്തു.

ഏകദേശം 20 വയസു പ്രായം തോന്നിക്കുന്നയാളാണ് ആക്രമണം നടത്തിയത്. ആക്രമണത്തിനു പിന്നിലെ കാരണം കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പ്രാര്‍ഥനയ്ക്കിടയില്‍ വെടിവയ്പ്പുണ്ടായതെന്ന് മിനിയാപൊളിസ് പൊലീസ് മേധാവി ബ്രയാന്‍ ഒ'ഹാര പറഞ്ഞു. വെടിവെയ്പില്‍ പരിക്കേറ്റ അഞ്ചു പേരെ ചില്‍ഡ്രന്‍സ് മിനസോട്ട - മിനിയാപൊളിസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 

വെടിവെയ്പ്പിനെക്കുറിച്ച് വിവരം ലഭിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. എഫ്ബിഐ സ്ഥലത്തെത്തിയിട്ടുണ്ടെന്നും, വൈറ്റ് ഹൗസ് സാഹചര്യം നിരീക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിന് ഇരയായ എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും തന്റെ പ്രാര്‍ത്ഥനയില്‍ ഒപ്പം ചേരാനും, ട്രംപ് ട്രൂത്ത് സോഷ്യലില്‍ പറഞ്ഞു.

donald trump