/kalakaumudi/media/media_files/2025/02/01/ENywisn63HctTJeYND6t.jpg)
U S Flight Accident
വാഷിങ്ടണ്‍: അമേരിക്കയിലെ ഫിലാഡല്‍ഫിയയില്‍ ചെറുവിമാനം തകര്‍ന്നുവീണ് അപകടം. രോഗിയേയും കൊണ്ടുപോയ ചെറുവിമാനമാണ് അപകടത്തില്‍പ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. നോര്‍ത്ത് ഈസ്റ്റ് ഫിലാഡല്‍ഫിയ എയര്‍പോര്‍ട്ടില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം മിസോറിയിലെ സ്പ്രിംഗ്ഫീല്‍ഡ്-ബ്രാന്‍സണ്‍ നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്നു. വിമാനത്തില്‍ ആറ് യാത്രക്കാര്‍ ഉണ്ടായിരുന്നു. അവരുടെ വിവരങ്ങള്‍ സംബന്ധിച്ച് വ്യക്തതയില്ല. ആരെങ്കിലും രക്ഷപെട്ടോ എന്നത് സംബന്ധിച്ച വിവരങ്ങളും പുറത്തുവന്നിട്ടില്ല.
പൊലീസും അഗ്‌നിരക്ഷാ സേന അംഗങ്ങളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. തിരക്കുള്ള മേഖല ആയതിനാല്‍ പ്രദേശം പൂര്‍ണമായും അടച്ചാണ് രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്. വിമാനം തകര്‍ന്നുവീണയുടന്‍ തന്നെ തീഗോളമായി മാറുകയായിരുന്നു. അപകടത്തിന് പിന്നിലെ കാരണം ഇതുവരെ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. വാഷിങ്ടണിലെ റീഗന്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ യാത്രാ വിമാനവും സൈനിക ഹെലികോപ്റ്ററും കൂട്ടിയിടിച്ച് 67 പേരും മരിച്ചതിന് പിന്നാലെയാണ് ഈ അപകടം ഉണ്ടായത്.
കാറിന്റെ ഡാഷ് ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പ്രദേശവാസികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. വിമാനം തകര്‍ന്നുവീണപ്പോള്‍ റൂസ്വെല്‍റ്റ് മാളിന് സമീപം റോഡിരികിലും മറ്റും ഉണ്ടായിരുന്ന നിരവധി പേര്‍ക്ക് പരുക്കേറ്റതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.