/kalakaumudi/media/media_files/2025/10/05/air-2025-10-05-14-34-58.jpg)
ബര്‍മിങ്ങാം: എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ വിമാനത്തിന്റെ റാം എയര്‍ ടര്‍ബൈന്‍ (റാറ്റ്) പറക്കലിനിടെ പുറത്തേക്കു വന്നു. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. ഇന്നലെ അമൃത്സറില്‍നിന്നും ബര്‍മിങ്ങാമിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എഐ117 വിമാനത്തിന്റെ റാറ്റ് ആണ് ലാന്‍ഡിങ്ങിനു മുന്‍പ് 400 അടി ഉയരത്തില്‍ വച്ച് പുറത്തേക്ക് വന്നത്. വിമാനത്തില്‍ സുരക്ഷാ പരിശോധനകള്‍ നടത്തി.
എല്ലാ വൈദ്യുതി സ്രോതസുകളും പ്രവര്‍ത്തനരഹിതമാകുമ്പോഴാണ് വിമാനത്തിന്റെ അടിയില്‍നിന്ന് റാറ്റ് തനിയെ പുറത്തു വരുന്നത്. റാറ്റ് പ്രവര്‍ത്തിച്ചു തുടങ്ങണമെങ്കില്‍ ജനറേറ്ററും എപിയുവും (ആക്‌സിലറി പവര്‍ യൂണിറ്റ്) ബാറ്ററികളും തകരാറിലാകണം. കാറ്റില്‍ കറങ്ങിയാണ് റാറ്റ് പ്രവര്‍ത്തിക്കുന്നത്. അത്യാവശ്യ കാര്യങ്ങള്‍ക്കുള്ള വൈദ്യുതി മാത്രമേ റാറ്റിന് നല്‍കാനാകൂ.
മറ്റു വിമാനങ്ങളിലേതുപോലെ പൈലറ്റുമാര്‍ വിചാരിച്ചാല്‍ ഡ്രീംലൈനര്‍ വിമാനത്തിലെ റാറ്റ് സംവിധാനം ഓണ്‍ ആക്കാന്‍ കഴിയില്ല. അപകട ഘട്ടത്തില്‍ തനിയെ ഓണാകുകയാണ് ചെയ്യുക. മുന്‍പ് അഹമ്മദാബാദ് വിമാനാപകടത്തിലും നിലംപതിക്കുന്നതിനു തൊട്ടുമുന്‍പ് റാറ്റ് പുറത്തേക്ക് വന്നിരുന്നു. റാറ്റ് പ്രവര്‍ത്തിച്ചാലും വിമാനത്തിന് സുരക്ഷിതമായി ലാന്‍ഡ് ചെയ്യാന്‍ കഴിയണമെന്നില്ല.
വിമാനത്തിന്റെ എല്ലാ ഇലക്ട്രിക്കല്‍, ഹൈഡ്രോളിക് സംവിധാനങ്ങളും സാധാരണ അവസ്ഥയിലാണെന്ന് എയര്‍ ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു. കൂടുതല്‍ പരിശോധനകള്‍ നടക്കുകയാണ്. അതിനാല്‍, ബര്‍മിങ്ങാമില്‍നിന്നു ഡല്‍ഹിയിലേക്കുള്ള എഐ114 വിമാനം റദ്ദാക്കി. യാത്രക്കാര്‍ക്കായി ബദല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്നും എയര്‍ ഇന്ത്യ അറിയിച്ചു.