/kalakaumudi/media/media_files/2025/12/30/khalidha-siya-2025-12-30-10-17-00.jpg)
ധാക്ക: മൂന്നു തവണ ബംഗ്ലാദേശ് പ്രധാനമന്ത്രിയായിരുന്ന ബീഗം ഖാലിദ സിയയുടെ ജീവിതം വളരെയധികം സംഭവബഹുലമാണ്.
ഭർത്താവിന്റെ മരണത്തെത്തുടർന്ന് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ കടിഞ്ഞാൺ ഏറ്റെടുത്ത ഖാലിദ സിയ എന്ന വീട്ടമ്മ ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിക്കസേരയിലെത്തിയ ഖാലിദ സിയയുടെ ജീവിതം ഒരു പ്രചോദനം തന്നെയാണ് .
മൂന്നു തവണയാണ് ഖാലിദ ബംഗ്ലാദേശ് പ്രധാനമന്ത്രിയായത്. ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രി, മുസ്ലിം ലോകത്ത് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട രണ്ടാമത്തെ വനിതാ പ്രധാനമന്ത്രി എന്നീ ബഹുമതികളും ഖാലിദ സിയക്കാണ്.
1991 മാർച്ചിലാണ് ഖാലിദ സിയ ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ആദ്യം ചുമതലയേൽക്കുന്നത്.
1996 ഫെബ്രുവരി വരെ പ്രധാനമന്ത്രിയായി തുടർന്നു. 1996 ൽ നടന്ന പൊതു തെരഞ്ഞെടുപ്പ് പ്രതിപക്ഷ കക്ഷികൾ ബഹിഷ്‌കരിച്ചപ്പോൾ ഖാലിദയുടെ പാർട്ടി വിജയിച്ചു.
വീണ്ടും പ്രധാനമന്ത്രിയായി ചുമതലയേറ്റെങ്കിലും, 90 ദിവസത്തിനകം പാർലമെന്റ് പിരിച്ചു വിട്ട് വീണ്ടും തെരഞ്ഞെടുപ്പ് നടത്തി.
എന്നാൽ ഷെയ്ഖ് ഹസീനയുടെ പാർട്ടിയോട് പരാജയപ്പെട്ടു. 2001 മുതൽ 2006 വരെയാണ് മൂന്നാമത് ബംഗ്ലാദേശ് പ്രധാനമന്ത്രിയാകുന്നത്.
1945ൽ ബ്രിട്ടീഷ് ഇന്ത്യയിലെ ബംഗാൾ പ്രവിശ്യയിലെ ജയ്പാൽഗുഡിയിൽ ഇന്നത്തെ ബംഗ്ലാദേശിലെ ഫുൾഗാസിയിൽ നിന്നുള്ള ബംഗാളി മുസ്ലീം കുടുംബത്തിലാണ് ഖാലിദ സിയയുടെ ജനനം.
തേയില വ്യവസായി ഇസ്‌കന്ദർ അലി മജുംദാറിന്റെയും തയ്യബ മജുംദാറിന്റെയും അഞ്ച് മക്കളിൽ മൂന്നാമത്തേതായിരുന്നു ഖാലിദ.
1947-ലെ ഇന്ത്യാ വിഭജനത്തിനുശേഷം, അവർ ദിനാജ്പൂർ പട്ടണത്തിലേക്ക് (ഇപ്പോൾ ബംഗ്ലാദേശിൽ) കുടിയേറി.
1960 ൽ പാകിസ്ഥാൻ സൈന്യത്തിൽ ക്യാപ്റ്റനായിരുന്ന സിയാവുർ റഹ്മാനെ വിവാഹം കഴിച്ചു.
തുടർന്ന് ഭർത്താവിനൊപ്പം പാകിസ്ഥാനിലേക്ക് താമസം മാറി.1981 മെയ് 30 ന് ഖാലിദ സിയയുടെ ഭർത്താവും അന്നത്തെ ബംഗ്ലാദേശ് പ്രസിഡന്റുമായിരുന്ന സിയാവുർ റഹ്മാൻ കൊല്ലപ്പെട്ടു.
തുടർന്ന് 1982 ജനുവരി 2 ന്, ഭർത്താവ് സിയാവുർ റഹ്മാൻ സ്ഥാപിച്ച ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയിൽ (ബിഎൻപി) അംഗത്വമെടുത്ത് രാഷ്ട്രീയത്തിൽ പ്രവേശിച്ചു.
1983 മാർച്ചിൽ ബിഎൻപിയുടെ വൈസ് ചെയർമാനായി.
1982 മാർച്ചിൽ, അന്നത്തെ ബംഗ്ലാദേശ് സൈനിക മേധാവിയായിരുന്ന ഹുസൈൻ മുഹമ്മദ് എർഷാദ്, ബിഎൻപി നേതാവും പ്രസിഡന്റുമായ അബ്ദുസ് സത്താറിന്റെ ഭരണം അട്ടിമറിക്കുകയും, രാജ്യത്തിന്റെ ചീഫ് മാർഷൽ ലോ അഡ്മിനിസ്‌ട്രേറ്റർ (സിഎംഎൽഎ) ആയി അവരോധിക്കപ്പെടുകയും ചെയ്തു.
ഒമ്പതു വർഷം നീണ്ട സൈനിക ഭരണത്തിനെതിരായ പോരാട്ടത്തിലൂടെയാണ് ഖാലിദ സിയ ബംഗ്ലാ രാഷ്ട്രീയത്തിൽ കരുത്തയായ നേതാവായി മാറുന്നത്.
സൈനിക ഭരണകൂടത്തിനെതിരെയുള്ള പ്രക്ഷോഭത്തെത്തുടർന്ന് പലതവണ തടവിലായി.
വിട്ടുവീഴ്ചയില്ലാത്ത മനോഭാവവും സൈനിക സ്വേച്ഛാധിപത്യത്തോടുള്ള കടുത്ത നിലപാടും ജനങ്ങളുടെ കണ്ണിൽ ഖാലിദ സിയയെ 'വിട്ടുവീഴ്ചയില്ലാത്ത നേതാവാക്കി' മാറ്റി.
പ്രതിപക്ഷ പ്രതിഷേധങ്ങൾക്കൊടുവിൽ 1990 ഡിസംബറിൽ എർഷാദ് രാജിവെക്കുകയായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം എല്ലാവർക്കും സൗജന്യവും നിർബന്ധിതവുമാക്കിയതും, പത്താം ക്ലാസ് വരെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം സൗജന്യമാക്കിയതും ഖാലിദയുടെ നേതൃത്വത്തിലുള്ള 1991ലെ സർക്കാരായിരുന്നു.
മൂല്യവർധിത നികുതി, ബാങ്ക് കമ്പനി നിയമം തുടങ്ങി പല സുപ്രധാന നിയമനിർമ്മാണങ്ങളും നടപ്പാക്കി.
നിരവധി അഴിമതിക്കേസുകളിൽ ഖാലിദ സിയ പ്രതിയായിരുന്നു.
2025 ൽ എല്ലാ അഴിമതി കേസിലും ഖലിദ സിയയെ ബംഗ്ലാദേശ് സുപ്രീം കോടതി കുറ്റവിമുക്തയാക്കി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
