കാലിഫോർണിയ : യുഎസിനെ ആശങ്കയിലാഴ്ത്തി വീണ്ടും കാട്ടുതീ പടരുന്നു.ലോസ് ഏഞ്ചല്‍സിന്റെ വടക്കാണ് ബുധനാഴ്ച വീണ്ടും കാട്ടുതീ പടര്‍ന്നുപിടിച്ചത്.വളരെ വേഗം പടര്‍ന്നുപിടിച്ച തീ 9,400 കിലോമീറ്റര്‍ പ്രദേശത്തെ വിഴുങ്ങിയതായാണ് റിപ്പോര്‍ട്ട്. കനത്ത കാറ്റും കുറ്റിച്ചെടികളും തീപിടിത്തത്തിന്റെ ആക്കം കൂട്ടിയിട്ടുണ്ട്. 31,000-ല്‍ പേര്‍ക്ക് സ്വമേധയാ ഒഴിഞ്ഞുപോകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ലോസ് ഏഞ്ചല്‍സില്‍ നിന്ന് 50 മൈലുകള്‍ അകലെ പൊട്ടിപ്പുറപ്പെട്ട ഹ്യൂസ് തീപിടുത്തം അണയ്ക്കാന്‍ അഗ്നിശമന സേനയെ നിയോഗിച്ചിട്ടുണ്ട്. കനത്ത രണ്ട് തീപിടിത്തത്തെ നിയന്ത്രണ വിധേയമാക്കിയ സേനയെയാണ് ഇവിടെ വിന്യസിച്ചിട്ടുള്ളത്.
ബുധനാഴ്ച കുറച്ചു മണിക്കൂറുകള്‍ കൊണ്ട് തന്നെ പുതിയ തീപിടിത്തം ആളിപ്പടര്‍ന്നു. ലോസ് ഏഞ്ചല്‍സ് മേഖലയെ വിഴുങ്ങിയ രണ്ടു ഭീമാകാരങ്ങളായ തീപിടിത്തങ്ങളിലൊന്നായ ഈറ്റന്‍ തീയേക്കാള്‍ മൂന്നില്‍ രണ്ടു മടങ്ങ് വ്യാപ്തിയിലാണ് പുതിയ തീപിടിത്തം ഉണ്ടായിരിക്കുന്നത്. യുഎസിനെ ആശങ്കപ്പെടുത്തുന്നതും ഇതാണ്.
ലോസ് ഏഞ്ചല്‍സ് കൗണ്ടിയിലെ കാസ്‌റ്റൈക് തടാക പ്രദേശത്തുള്ള ആളുകള്‍ക്ക് അപകട മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തെക്കന്‍ കാലിഫോര്‍ണിയയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും തീവ്ര തീപിടിത്ത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശക്തമായ വരണ്ട കാറ്റാണ് തീ ആളിപ്പടര്‍ത്തുന്നത്.31,000 പേര്‍ക്ക് നിര്‍ബന്ധിത ഒഴിപ്പിക്കല്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 23,000 പേര്‍ ഒഴിപ്പിക്കല്‍ ഭീഷണിയിലുമാണെന്ന് ലോസ് ഏഞ്ചല്‍സ് കൗണ്ടി അധികൃതര്‍ അറിയിച്ചു.
സാന്‍ ഗബ്രിയേല്‍ പര്‍വതനിരകളിലെ 700,000 ഏക്കര്‍ പാര്‍ക്ക് തീപിടിത്ത ഭീഷണിയെ തുടര്‍ന്ന് അടച്ചു. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ദക്ഷിണ കാലിഫോര്‍ണിയയില്‍ ഏകദേശം 1,100 അഗ്‌നിശമന സേനാംഗങ്ങളെ വിന്യസിച്ചതായി കാലിഫോര്‍ണിയ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫോറസ്ട്രി ആന്‍ഡ് ഫയര്‍ പ്രൊട്ടക്ഷന്‍ അറിയിച്ചു. 4,000-ലധികം അഗ്‌നിശമന സേനാംഗങ്ങള്‍ ഹ്യൂസ് തീപിടുത്തം അണയ്ക്കുന്നതിനായി പരിശ്രമിക്കുന്നുണ്ടെന്നും ഏഞ്ചല്‍സ് കൗണ്ടി ഫയര്‍ ചീഫ് ആന്റണി മാരോണ്‍ പറഞ്ഞു.തെക്കന്‍ കാലിഫോര്‍ണിയയില്‍ ഒമ്പത് മാസമായി കാര്യമായ മഴയില്ലായിരുന്നു. ഇത് അപകടകരമായ സാഹചര്യം ഉണ്ടാക്കിയത്. ശനിയാഴ്ച മുതല്‍ തിങ്കള്‍ വരെ മഴ ലഭിച്ചേക്കാമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.