/kalakaumudi/media/media_files/2025/05/16/cPFwCKKyNQXuJihm2m7W.png)
മുംബൈ: ഇന്ത്യക്കെതിരേ യുദ്ധത്തിൽ പാകിസ്താനെ പിന്തുണച്ച തുർക്കിയിലും അസർബൈജാനിലും സിനിമാചിത്രീകരണം അടക്കം എല്ലാപ്രവർത്തനങ്ങളും നിർത്തിവെക്കാൻ ഓൾ ഇന്ത്യാ സിനി വർക്കേഴ്‌സ് അസോസിയേഷൻ. ചിത്രീകരണങ്ങൾ, ടെലിവിഷൻ ഷോ, ഡിജിറ്റൽ ഉള്ളടക്കങ്ങൾ എന്നിവയടക്കം എല്ലാജോലികൾക്കും നിരോധനം പ്രഖ്യാപിച്ചിട്ടുണ്ട്.
ചലച്ചിത്രരംഗത്ത് പ്രവർത്തിക്കുന്ന മറ്റ് യൂണിയനുകളും ഇതിന് പിന്തുണ പ്രഖ്യാപിച്ചു. തുർക്കിയിലെ കലാകാരന്മാരുമായോ നിർമാണസ്ഥാപനങ്ങളുമായോ ഒരുതരത്തിലുള്ള സഹകരണവും വേണ്ടെന്ന് അസോസിയേഷൻ പറഞ്ഞു.
‘രാജ്യത്തിന്റെ പരമാധികാരം ചോദ്യംചെയ്യുന്ന ഒരു രാജ്യത്തേയും ഇന്ത്യൻ ചലച്ചിത്രവ്യവസായം പിന്തുണയ്ക്കില്ല. അവരുമായി സഹകരിക്കുകയുമില്ല. പാകിസ്താനുമായുള്ള തുർക്കിയുടെ തുറന്നസഖ്യം അവഗണിക്കാൻ കഴിയാത്തതാണ്. ഈ തീരുമാനം ലംഘിക്കുന്നവർക്കെതിരേ അസോസിയേഷൻ അച്ചടക്കനടപടി സ്വീകരിക്കും’ -അസോസിയേഷൻ വ്യക്തമാക്കി.
രാജ്യത്തെ വലിയ സിനിമാ തൊഴിലാളി സംഘടനകളിലൊന്നായ ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യാ സിനി എംപ്ലോയീസും ഇതേ നിലപാട് പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് തുർക്കി വിരോധവികാരം ശക്തിപ്പെടുന്ന സാഹചര്യത്തിലാണ് സിനിമാ മേഖലയും ഈ സമീപനം കൈക്കൊള്ളുന്നത്.
തുർക്കിയിൽനിന്നുള്ള മാർബിൾ, ആപ്പിൾ തുടങ്ങി പല ഉത്പന്നങ്ങളും ഇറക്കുമതി ചെയ്യേണ്ടെന്ന് രാജ്യത്തിന്റെ പല ഭാഗത്തുനിന്നുള്ള കച്ചവടക്കാർ തീരുമാനമെടുത്തിരുന്നു. തുർക്കിയിലേക്കും അസർബൈജാനിലേക്കുമുള്ള വിനോദ യാത്രകളും വ്യാപകമായി റദ്ദാക്കിയിട്ടുണ്ട്.