മെക്‌സിക്കന്‍ നടന്‍ ഹെറാര്‍ഡോ ടരസെന അന്തരിച്ചു

മെല്‍ ഗിബ്സണിന്റെ അപ്പോക്കലിപ്റ്റോയില്‍ 'മിഡില്‍ ഐ' എന്ന പ്രതിനായക കഥാപാത്രത്തെ അവിസ്മരണീയമാക്കിയത് ടരസെനയ്ക്ക് വലിയ ആരാധകവൃന്ദത്തെ നേടിക്കൊടുത്തു

author-image
Biju
New Update
terado

മെക്സിക്കോ സിറ്റി: വിഖ്യാത ചിത്രം 'അപ്പോക്കലിപ്റ്റോ'യിലൂടെയും നെറ്റ്ഫ്‌ളിക്‌സ് പരമ്പരയായ 'നാര്‍ക്കോ: മെക്‌സിക്കോ'യിലൂടെയും ആഗോളശ്രദ്ധ നേടിയ മെക്‌സിക്കന്‍ നടന്‍ ഹെറാര്‍ഡോ ടരസെന (55) അന്തരിച്ചു. ജനുവരി 31-ന് ടരസെന അന്തരിച്ചവിവരം മെക്‌സിക്കന്‍ ഫിലിം അക്കാദമിയാണ് പുറംലോകത്തെ അറിയിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

1970-ല്‍ മെക്‌സിക്കോ സിറ്റിയിലാണ് ജനനം. തിയേറ്റര്‍ ആര്‍ട്സില്‍ ബിരുദം നേടിയ അദ്ദേഹം നാടകങ്ങളിലൂടെയാണ് സിനിമയിലെത്തിയത്. 1990-കളില്‍ സിനിമയില്‍ സജീവമായി.മെല്‍ ഗിബ്സണിന്റെ അപ്പോക്കലിപ്റ്റോയില്‍ 'മിഡില്‍ ഐ' എന്ന പ്രതിനായക കഥാപാത്രത്തെ അവിസ്മരണീയമാക്കിയത് ടരസെനയ്ക്ക് വലിയ ആരാധകവൃന്ദത്തെ നേടിക്കൊടുത്തു.

ക്രൂരതയുടെയും വന്യതയുടെയും പര്യായമായിരുന്നു ആ കഥാപാത്രം. 2018-20 കാലത്ത് സംപ്രേഷണം ചെയ്ത 'നാര്‍ക്കോസ്: മെക്‌സിക്കോ' എന്ന പരമ്പരയിലെ 'പാബ്ലോ അക്കോസ്റ്റ' എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു.

'മെക്‌സിക്കന്‍ ഓസ്‌കര്‍' എന്നറിയപ്പെടുന്ന 'ഏരിയര്‍' പുരസ്‌കാരത്തിന് മൂന്നുതവണ നാമനിര്‍ദേശം ലഭിച്ചിട്ടുണ്ട്. 'ക്യൂന്‍ ഓഫ് ദ സൗത്ത്', 'ദ വയലിന്‍', 'സര്‍വൈവിങ് മൈ ക്വിന്‍സീ എറ', 'ടെക്‌സസ് റൈസിങ്', 'സിന്‍ നോംബ്രെ', 'മാന്‍ ഓണ്‍ ഫയര്‍', 'ദ മെക്‌സിക്കന്‍', 'സേവിങ് പ്രൈവറ്റ് പെരെസ്' തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു. 30-ലേറെ നാടകങ്ങളിലും അഭിനയിച്ചു. നൃത്തസംഘത്തിന്റെ ഭാഗമായി വിവിധ ചലച്ചിത്രമേളകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.