ഇസ്രയേൽ , ഇറാനെ ആക്രമിച്ചതിനു പിന്നാലെ ശക്തമായ പ്രതികരണവുമായി അറബ് രാജ്യങ്ങള്‍ രംഗത്ത് എത്തിയിരുന്നു. ഇസ്രയേലുമായി സൗഹൃദം പുലര്‍ത്തുന്ന സൗദി പോലും അതിരൂക്ഷമായാണ് സംഭവത്തോട് പ്രതികരിച്ചത്. മാത്രമല്ല, സൗദിയുടെ നേതൃത്വത്തില്‍ അറബ് രാജ്യങ്ങളുടെ കൂട്ടായ്മ ഇസ്രയേലിനെതിരെ വരുന്നുവെന്ന റിപ്പോര്‍ട്ടുമുണ്ട്.
എന്നാല്‍,ദിവസങ്ങള്‍ പിന്നിടുമ്പോള്‍ വലിയ ട്വിസ്റ്റാണ് ഉണ്ടായിരിക്കുന്നത്. അറബ് രാജ്യങ്ങള്‍ സഖ്യ രൂപീകരണത്തില്‍ നിന്ന് മുഖം തിരിച്ചുനില്‍ക്കുന്നു എന്ന റിപ്പോര്‍ട്ടാണ് വരുന്നത്. എന്തു സംഭവിച്ചു എന്ന അമ്പരപ്പിലാണ് ലോകം.ഇറാന്‍ തിരിച്ചടിക്കുമെന്ന ആശങ്കയ്ക്കിടെ,അറബ് രാജ്യങ്ങളുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആശയവിനിമയം നടത്തിയെന്നാണ് വിവരം. അറബ് രാജ്യങ്ങളുമായി സമാധാനത്തില്‍ മുന്നോട്ടുപോകുമെന്നാണ് ഒക്ടോബര്‍ 28 ന് നെതന്യാഹു പ്രഖ്യാപിച്ചത്.
അറബ് രാജ്യങ്ങള്‍ അമേരിക്കയെ കൈവിട്ടതോടെ, ഇസ്രയേല്‍ പരിഭ്രാന്തിയിലോ? തിരക്കിട്ട് ഈ രാജ്യങ്ങളുമായി ആശയവിനിമയം നടത്തിയതിനു കാരണം ഈ ഭയമാവാം. അറബ് ലോകം മുഴുവന്‍ എതിര്‍ത്തപ്പോഴും ഇസ്രയേലുമായി സൗഹൃദത്തില്‍ മുന്നോട്ടുപോയ രാജ്യമാണ് സൗദി. ഇതിന്റെ പേരില്‍ സൗദി പ്രധാനമന്ത്രിയും രാജകുമാരനും കിരിടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാല്‍ ഏറെ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. ഇസ്രയേല്‍ ബന്ധത്തിന്റെ പേരില്‍ താന്‍ കൊല്ലപ്പെട്ടേക്കും എന്നുപോലും സല്‍മാന്‍ രാജകുമാരന്‍ ആശങ്കപ്പെട്ടിരുന്നു.
ലബനനിലെയും ഗാസയിലെയും ശ്രദ്ധ കുറച്ച് ഇറാന്‍ ആക്രമണത്തില്‍ ശ്രദ്ധ തിരിക്കാന്‍ പോകുകയാണ് ഇസ്രയേല്‍ എന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഹമാസിനെയോ ഹിസ്ബുള്ളയെയോ പോലെയല്ല ഇറാന്‍ എന്ന ബോധ്യം നെതന്യാഹുവിനുണ്ട്. മാത്രമല്ല, അടുത്തിടെ നടത്തിയ ആക്രമണം ഇസ്രയേല്‍ കാര്യക്ഷമായി പ്രതിരോധിക്കുകയും ചെയ്തു. ആണവ ശേഷിയുള്ള ഇറാന്‍ വലിയ അപകടകാരിയാണെന്ന തിരിച്ചറിവും നെതന്യാഹുവിനുണ്ട്. മറ്റു അറബ് രാജ്യങ്ങള്‍ കൂടി എതിരായാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് നെതന്യാഹുവിന് നന്നായി അറിയാം.അതുകൊണ്ടാണ് സൗദി ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളെ കൂടെ നിര്‍ത്താല്‍, കുറഞ്ഞ പക്ഷം ശത്രുപക്ഷത്ത് വരാതിരിക്കാനെങ്കിലും ഇസ്രയേല്‍ ശ്രമിക്കുന്നത്. മിഡില്‍ ഈസ്റ്റ് മുഴുവന്‍ തങ്ങള്‍ക്ക് എതിരാകുന്നതിനെ ഇസ്രയേല്‍ ഭയപ്പെടുന്നു എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതുകൊണ്ടാണ് ഇറാന്‍ തിരിച്ചടിക്കുമെന്ന ആശങ്കയ്ക്കിടെ അറബ് രാജ്യങ്ങളുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ആശയവിനിമയം നടത്തിയത്.
എന്നാല്‍, ഏതൊക്കെ രാജ്യങ്ങളുമായാണ് ആശയവിനിമയം നടത്തിയതെന്നു വ്യക്തമല്ല. നെതന്യാഹു രാജ്യങ്ങളുടെ പേര് വെളിപ്പെടുത്തിയിട്ടുമില്ല.സൗദി, യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇസ്രയേല്‍ അതിക്രമം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.മേഖലയില്‍ സമാധാനം നിലനിര്‍ത്തണമെന്നും രാജ്യങ്ങള്‍ ആവശ്യപ്പെട്ടു.
സൗദി ഇസ്രയേലിന്റെ ആക്രമണത്തെ ശക്തമായി അപലപിച്ചു. ഇറാന്റെ പരാമാധികാരത്തിനു നേരെയുണ്ടായ കടന്നു കയറ്റമായാണ് ഇസ്രയേല്‍ ആക്രമണത്തെ സൗദി വിശേഷിപ്പിച്ചത്. ആക്രമണത്തില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്നും സംയമനം പാലിക്കണമെും സൗദി ആവശ്യപ്പെട്ടു. ആക്രമണത്തില്‍ അതിശക്തമായ ആശങ്ക യുഎഇ രേഖപ്പെടുത്തി. ആക്രമണം എത്രയും വേഗം അവസാനിപ്പിക്കണമെന്നാണ് മലേഷ്യ ആവശ്യപ്പെട്ടത്. ഇസ്രയേലിന്റെ പ്രവൃത്തികള്‍ പശ്ചിമേഷ്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അതിര്‍ത്തി സംഘര്‍ഷത്തിലേക്ക് ഇത് നയിക്കുമെന്നും മലേഷ്യ വ്യക്തമാക്കി.
സംഘര്‍ഷങ്ങളുടെ കാരണം കണ്ടെത്തി പരിഹരിക്കണമെന്നാണ് ഒമാന്‍ ലോക രാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടത്. ഇസ്രയേല്‍ ആക്രമണം അവസാനിപ്പിച്ച്, സമാധാനം പുനസ്ഥാപിക്കാന്‍ ഇടപെടണമെന്ന് പാകിസ്ഥാന്‍ യുഎന്‍ സുരക്ഷാ സമിതിയോട് ആവശ്യപ്പെട്ടു. സിറിയ, ഇറാഖ്, ജോര്‍ദാന്‍, കുവൈറ്റ്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളും ഇസ്രയേലിന്റെ ആക്രമണത്തെ അപലപിച്ചു.നേരത്തെ അറബ് രാജ്യങ്ങളുടെ കുട്ടായ്മ വേണമെന്ന് തുര്‍ക്കി പ്രസിഡന്റ് എര്‍ദഗോന്‍ ആവശ്യപ്പെട്ടിരുന്നു.