as israels gaza genocide marks 250 days 15694 children killed
ഗാസ: യുദ്ധക്കെടുതിയുടെ സ്ഥിതിവിവരക്കണക്കുകൾ പുറത്തുവിട്ട് ഗാസ ആരോഗ്യമന്ത്രാലയം.യുദ്ധം ഇന്നലെ 250 ദിവസം പൂർത്തിയാക്കിയതുമായി ബന്ധപ്പെട്ടാണ് ആരോഗ്യമന്ത്രാലയം സമഗ്ര കണക്കുകൾ പുറത്തുവിട്ടത്.യുദ്ധത്തിൽ ഇതുവരെ
37,202 പലസ്തീൻകാരാണ് കൊല്ലപ്പെട്ടത്.മാത്രമല്ല പതിനായിരത്തോളം പേരെക്കുറിച്ച് യാതൊരു വിവരവുമില്ല.കൊല്ലപ്പെട്ടവരിൽ 15,694 പേർ കുട്ടികളാണെന്നത് ഞെട്ടിക്കുന്ന കണക്കാണ്.
മരിച്ചവരിൽ 70% പേരും സ്ത്രീകളും കുട്ടികളുമാണ്.ആരോഗ്യപ്രവർത്തകരിൽ 498 പേർ കൊല്ലപ്പെട്ടു.150 മാധ്യമപ്രവർത്തകർക്കു ജീവൻ നഷ്ടമായി. അതെസമയം പട്ടിണി മൂലം ഗാസയിൽ മരണപ്പെട്ടത് 33 പേരാണ്.മാതാപിതാക്കളെ നഷ്ടമായവരും ആരെങ്കിലും ഒരാൾക്കൊപ്പം മാത്രമായി തങ്ങുന്ന വീടില്ലാത്ത 17,000 കുട്ടികളാണ് ഗാസയിലുള്ളത്.അതെസമയം യുദ്ധം കാരണം ഗാസയിൽ 3300 കോടി ഡോളറിന്റെ നാശനഷ്ടമുണ്ടായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
രക്ഷാസമിതി പാസാക്കിയ വെടിനിർത്തൽ പദ്ധതിയിൽ ഒട്ടേറെ മാറ്റങ്ങളാണ് ഹമാസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിൽ ചിലത് സാധ്യമല്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഖത്തറിൽ വ്യക്തമാക്കി. ഹമാസ് ആവശ്യപ്പെട്ട ഭേദഗതികൾ എന്തൊക്കെയെന്ന് അദ്ദേഹം പറഞ്ഞില്ല. നിസ്സാര ഭേദഗതികളാണെന്നാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സളിവൻ വൈറ്റ്ഹൗസിലെ മാധ്യമസമ്മേളനത്തിൽ സൂചിപ്പിച്ചത്. ഇസ്രയേലാണ് ഈ വെടിനിർത്തൽ പദ്ധതിയുടെ കരട് തയാറാക്കിയത്. അതിനാൽ, ഇസ്രയേൽ സ്വാഭാവികമായും ഇതിനെ പിന്തുണയ്ക്കുന്നെന്നാണ് യുഎസ് നിലപാട്. പ്രമേയം അംഗീകരിക്കുന്നതായി ഹമാസ് അറിയിച്ചെങ്കിലും ഇസ്രയേൽ അന്തിമതീരുമാനം പറഞ്ഞിട്ടില്ല.
തെക്കൻ ലെബനനിൽ മുതിർന്ന കമാൻഡർ ഉൾപ്പെടെ 4 പേരെ വധിച്ച ഇസ്രയേൽ സൈന്യത്തോടു പകരം വീട്ടുമെന്ന് ഹിസ്ബുല്ല പ്രഖ്യാപിച്ചു. തുടർന്നു റോക്കറ്റ് ആക്രമണം രൂക്ഷമാക്കി. ഇതിനിടെ, ഹമാസും ഇസ്രയേലും തുടക്കം മുതലേ ചെയ്തുവന്നതു യുദ്ധക്കുറ്റങ്ങളാണെന്ന് യുദ്ധാരംഭം മുതലുള്ള സംഭവങ്ങൾ മുൻനിർത്തി യുഎൻ അന്വേഷണ റിപ്പോർട്ട് പ്രഖ്യാപിച്ചു.