/kalakaumudi/media/media_files/2025/10/19/andrew-2025-10-19-15-10-37.jpg)
ലണ്ടന്‍: ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധം വിവാദമായതിനെ തുടര്‍ന്ന് ബ്രിട്ടീഷ് രാജകുടുംബത്തിലെ സുപ്രധാന പദവികള്‍ ഉപേക്ഷിച്ച് ആന്‍ഡ്രൂ രാജകുമാരന്‍. ഡ്യൂക്ക് ഓഫ് യോര്‍ക്ക്, ഓര്‍ഡര്‍ ഓഫ് ദി ഗാര്‍ട്ടര്‍ തുടങ്ങിയ പദവികള്‍ സ്വമേധയാ തിരികെ നല്‍കാനും ഉപേക്ഷിക്കാനും അദ്ദേഹം തീരുമാനിച്ചു.
സഹോദരനും നിലവിലെ രാജാവുമായ ചാള്‍സ് മൂന്നാമന്റെ അനുവാദത്തോടെയാണ് ഈ നടപടിയെന്ന് ബക്കിംഗ്ഹാം പാലസിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കി. എലിസബത്ത് രാജ്ഞിയില്‍ നിന്ന് ലഭിച്ച യോര്‍ക്ക് ഡ്യൂക്ക് പദവിയും ആന്‍ഡ്രൂ ഉപേക്ഷിച്ചെങ്കിലും, രാജകുമാരനെന്ന പദവി നിലനില്‍ക്കുമെന്നാണ് വിവരം.
ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധം വലിയ വിവാദമായതോടെ ആന്‍ഡ്രൂ രാജകുമാരന്‍ കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു. ബക്കിംഗ്ഹാം കൊട്ടാരം അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ജനങ്ങള്‍ക്കിടയില്‍ ആവശ്യം ശക്തമായിരുന്നു.
തനിക്കെതിരായ ആരോപണങ്ങള്‍ ശക്തമായി നിഷേധിക്കുന്നുവെന്ന് ആന്‍ഡ്രൂ രാജകുമാരന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. നേരത്തെ, വര്‍ക്കിംഗ് റോയല്‍ പദവി അദ്ദേഹം ഉപേക്ഷിച്ചിരുന്നു. എന്നാല്‍, 2078 വരെ സ്വകാര്യ പാട്ടക്കരാര്‍ ഉള്ള വിന്‍ഡ്സര്‍ ഭവനമായ റോയല്‍ ലോഡ്ജില്‍ അദ്ദേഹം തുടര്‍ന്നും താമസിക്കുമെന്നാണ് വിലയിരുത്തല്‍.
വിവാദങ്ങള്‍ ആന്‍ഡ്രൂ രാജകുമാരനെ വേട്ടയാടുന്നത് തുടരുകയാണ്. വിര്‍ജീനിയ ഗിയുഫ്രെയുമായുള്ള കോടതി കേസ് ഒത്തുതീര്‍പ്പാക്കിയതും, സാമ്പത്തിക തിരിമറി ആരോപണങ്ങളും, ചൈനീസ് ചാരനുമായുള്ള ബന്ധം എന്നിവയും അദ്ദേഹത്തിനെതിരെ ഉയര്‍ന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ മുന്‍ ഭാര്യ സാറാ ഫെര്‍ഗൂസന് ഇനി ഡച്ചസ് ഓഫ് യോര്‍ക്ക് എന്ന പദവി ലഭിക്കില്ല. എന്നാല്‍, ഇവരുടെ പെണ്‍മക്കള്‍ക്ക് രാജകുമാരി എന്ന പദവിക്ക് അര്‍ഹത തുടരും.