രഹസ്യ രേഖകള്‍ ചോര്‍ത്തി; യുഎസ് പ്രതിരോധ വിദഗ്ദ്ധന്‍ അറസ്റ്റില്‍

എഫ്ബിഐ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍, ടെല്ലിസ് കഴിഞ്ഞ വര്‍ഷങ്ങളില്‍ നിരവധി തവണ ചൈനീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതായി സൂചിപ്പിക്കുന്നു.

author-image
Biju
New Update
us def

വാഷിങ്ടണ്‍: ദേശീയ പ്രതിരോധവുമായി ബന്ധപ്പെട്ട രഹസ്യ രേഖകള്‍ അനധികൃതമായി കൈവശം വെച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഇന്ത്യന്‍ വംശജനായ യുഎസ് പ്രതിരോധ വിദഗ്ദ്ധനും വിദേശനയ പണ്ഡിതനുമായ ആഷ്ലി ജെ ടെല്ലിസിനെ എഫ്ബിഐ അറസ്റ്റ് ചെയ്തു. 64 കാരനായ ടെല്ലിസ് കാര്‍നെഗീ എന്‍ഡോവ്മെന്റ് ഫോര്‍ ഇന്റര്‍നാഷണല്‍ പീസിലെ സീനിയര്‍ ഫെലോയും ടാറ്റാ ചെയര്‍ ഫോര്‍ സ്ട്രാറ്റജിക് അഫയേഴ്‌സുമാണ്.

യുഎസ് അറ്റോര്‍ണി ലിന്‍ഡ്‌സെ ഹാലിഗന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍, ടെല്ലിസിന്റെ പ്രവര്‍ത്തനം ദേശിയ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്നതാണെന്ന് പറഞ്ഞു. ഫെഡറല്‍ സുരക്ഷാ പ്രോട്ടോക്കോളുകള്‍ ലംഘിച്ചാണ് അദ്ദേഹം പ്രതിരോധവുമായി ബന്ധപ്പെട്ട രേഖകള്‍ കൈവശം വെച്ചതെന്നും അധികൃതര്‍ ആരോപിക്കുന്നു.

കോടതി രേഖകള്‍ പ്രകാരം, ടെല്ലിസ് വ്യോമസേനയുടെ തന്ത്രങ്ങളും സാങ്കേതികവിദ്യകളും സംബന്ധിച്ച രേഖകള്‍ അനധികൃതമായി കൈകാര്യം ചെയ്തുവെന്നാണ് ആരോപണം. 2023 ഏപ്രിലില്‍ വാഷിങ്ടണ്‍ സമീപത്തുള്ള ഒരു അത്താഴവിരുന്നില്‍ ചൈനീസ് ഉദ്യോഗസ്ഥരുമായി ടെല്ലിസ് പങ്കെടുത്തതായും എഫ്ബിഐ കണ്ടെത്തി. വിരുന്നിനിടെ ടെല്ലിസ് രഹസ്യ രേഖകള്‍ അടങ്ങിയ കവറുമായി എത്തിയതായും, തിരികെ പോകുമ്പോള്‍ അത് കാണാതായതുമായാണ് റിപോര്‍ട്ട്.

എഫ്ബിഐ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍, ടെല്ലിസ് കഴിഞ്ഞ വര്‍ഷങ്ങളില്‍ നിരവധി തവണ ചൈനീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതായി സൂചിപ്പിക്കുന്നു. ഇവയില്‍ ചിലത് അക്കാദമിക് അല്ലെങ്കില്‍ നയരൂപീകരണ ചര്‍ച്ചകളെന്ന പേരിലാണ് നടന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ചാരവൃത്തി നടന്നതായി വ്യക്തമായ തെളിവില്ലെങ്കിലും, രഹസ്യ വിവരങ്ങള്‍ കൈകാര്യം ചെയ്തത് തന്നെ ഫെഡറല്‍ നിയമലംഘനമാണെന്ന് പ്രോസിക്യൂട്ടര്‍മാര്‍ വാദിക്കുന്നു.

ടെല്ലിസ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ശമ്പളമില്ലാത്ത ഉപദേഷ്ടാവായും പെന്റഗണിന്റെ സുരക്ഷാ വിഭാഗത്തിലെ കരാര്‍ ജീവനക്കാരനായും പ്രവര്‍ത്തിച്ചിരുന്നു. യുഎസ്-ഇന്ത്യ സിവില്‍ ആണവ കരാറില്‍ പ്രധാന പങ്കുവഹിച്ച അദ്ദേഹം മുന്‍പ് പ്രസിഡന്റ് ജോര്‍ജ്ജ് ഡബ്ല്യു ബുഷിന്റെ പ്രത്യേക സഹായിയായും ദേശീയ സുരക്ഷാ കൗണ്‍സിലിലെ സ്ട്രാറ്റജിക് പ്ലാനിങ് ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കുറ്റം തെളിഞ്ഞാല്‍, ടെല്ലിസിന് പരമാവധി പത്ത് വര്‍ഷം തടവും 2,50,000 ഡോളര്‍ (ഏകദേശം 2.2 കോടി) പിഴയും ലഭിക്കാമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം, കേസ് അന്വേഷണം പുരോഗമിക്കുകയാണെന്നും, കുറ്റം തെളിയിക്കപ്പെടുന്നതുവരെ ടെല്ലിസിനെ നിരപരാധിയായി കണക്കാക്കുമെന്നും യുഎസ് സര്‍ക്കാര്‍ വ്യക്തമാക്കി.

donald trump