പാക് സംയുക്ത സേനാ മേധാവിയായി അസിം മുനീറിനെ നിയമിച്ചു

അസിം മുനീറിനെ സിഡിഎഫ് മേധാവിയായി നിയമിക്കാനുള്ള പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ശുപാർശ പാക് പ്രസിഡന്റ് ആസിഫ് അലി സർദാരി അംഗീകരിക്കുകയായിരുന്നു.

author-image
Devina
New Update
asim muneer

ഇസ്ലാമാബാദ്: പാകിസ്ഥാന്റെ സംയുക്ത പ്രതിരോധ സേന മേധാവിയായി (ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് സിഡിഎഫ്) കരസേന മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിനെ നിയമിച്ചു.

പാക് ചരിത്രത്തിലെ ആദ്യ സർവ സൈന്യാധിപനാണ്.

 അസിം മുനീറിനെ സിഡിഎഫ് മേധാവിയായി നിയമിക്കാനുള്ള പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ശുപാർശ പാക് പ്രസിഡന്റ് ആസിഫ് അലി സർദാരി അംഗീകരിക്കുകയായിരുന്നു.

അഞ്ച് വർഷത്തേക്കാണ് നിയമനം. ചരിത്രത്തിലെ ഏറ്റവും ശക്തനായ സൈനിക മേധാവിയായി അസിം മുനീർ പദവി ഏറ്റെടുക്കുന്നത് തടയാനാണ് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് രാജ്യം വിട്ടതെന്ന റിപ്പോർട്ട് ശക്തമാകുകയാണ്.

 സി ഡി എഫ് പദവി സംബന്ധിച്ച വിജ്ഞാപനം നവംബർ 29 ന് ഇറങ്ങേണ്ടിയിരുന്നെങ്കിലും അന്ന് അത് സംഭവിച്ചിരുന്നില്ല.

 ഇതിന് പിന്നാലെ ഷെഹ്ബാസ് ആദ്യം ബഹ്റൈനിലേക്കും പിന്നീട് ലണ്ടനിലേക്കും പോയതായി നാഷണൽ സെക്യൂരിറ്റി അഡൈ്വസറി ബോർഡ് മുൻ അംഗം തിലക് ദേവാഷർ വെളിപ്പെടുത്തിയിരുന്നു.

 അസീം മുനീർ സി ഡി എഫ് മേധാവിയാകുന്ന വിജ്ഞാപനത്തിൽ ഒപ്പിടേണ്ട ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള പാക് പ്രധാനമന്ത്രിയുടെ നീക്കമെന്നായിരുന്നു റിപ്പോർട്ടുകൾ.