മോസ്‌കോ: മുൻ സിറിയൻ പ്രസിഡന്റ് ബാഷര്‍ അല്‍-അസദിന്റെ ഭാര്യ അസ്മ അല്‍ അസദിന് രക്താര്‍ബുദമെന്ന് റിപ്പോര്‍ട്ട്. അസ്ഥിമജ്ജയിലും രക്തത്തിലും ബാധിക്കുന്ന മാരകമായ ലുക്കീമിയയോട് അവര്‍ പോരാടുകയാണെന്നും അതിജീവിക്കാന്‍ 50-50 സാധ്യത മാത്രമാണുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിനായി അസ്മയെ ഐസൊലേറ്റ് ചെയ്ത് ചികിത്സ നല്‍കി വരികയാണെന്നാണ് വിവരം.
ബ്രിട്ടനില്‍ ജനിച്ച അസ്മ മുൻപ് 2019 ല്‍ സ്തനാര്‍ബുദത്തിനെതിരെ പോരാടിയിരുന്നു. ഒരു വര്‍ഷത്തെ ചികിത്സ കൊണ്ട് രോഗം ഭേദമായി. എന്നാല്‍ ഒരു ഇടവേളയ്ക്ക് ശേഷം കടുത്തവെല്ലുവിളി ഉയർത്തി അവര്‍ക്ക് രക്താര്‍ബുദം പിടിപെട്ടതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
1975ല്‍ ലണ്ടനിലാണ് അസ്മ ജനിച്ചത്. മാതാപിതാക്കള്‍ സിറിയക്കാരാണ്. അസ്മയ്ക്ക് ബ്രിട്ടീഷ്-സിറിയന്‍ പൗരത്വമുണ്ട്. ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിങ്ങില്‍ കരിയര്‍ പിന്തുടരുന്നതിന് മുമ്പ് ലണ്ടനിലെ കിംഗ്‌സ് കോളജില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സിലും ഫ്രഞ്ച് സാഹിത്യത്തിലും ബിരുദം പൂര്‍ത്തിയാക്കി. അസ്മ 2000 ഡിസംബറിലാണ് ബാഷര്‍ അല്‍-അസദിനെ വിവാഹം കഴിച്ചത്. ദമ്പതികള്‍ക്ക് മൂന്ന് കുട്ടികളുണ്ട്.
സിറിയന്‍ കലാപം ആരംഭിച്ചതുമുതല്‍ തന്റെ കുട്ടികളോടൊപ്പം ലണ്ടനിലേക്ക് പോകാന്‍ അസ്മ ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അതിനിടെ ബാഷര്‍ അസദില്‍ നിന്നും അസ്മ വിവാഹമോചനം ആവശ്യപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുകൾ പുറത്തുവന്നിരുന്നു. റഷ്യയിലെ ജീവിതത്തില്‍ തൃപ്തയാകാത്തതിനെത്തുടര്‍ന്ന് അസ്മ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയതായി തുര്‍ക്കി, അറബ് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.ഡിസംബർ എട്ടിന് വിമത സേന സിറിയ പിടിച്ചടക്കിയതിനെത്തുടര്‍ന്ന് കുടുംബത്തോടൊപ്പമാണ് ബാഷര്‍ അസദ് റഷ്യയില്‍ അഭയം തേടിയത്.