ഇറാനെതിരായ ഇസ്രായേൽ ആക്രമണങ്ങളിലും അസദ് പങ്കാളി

സിറിയയില്‍ വിമതര്‍ അഞ്ചു പതിറ്റാണ്ടു നീണ്ട അസദ് ഭരണം അവസാനിപ്പിച്ചിരുന്നു. വിമതര്‍ തലസ്ഥാനമായ ദമസ്‌കസ് വളഞ്ഞതോടെ അസദും കുടുംബവും രാജ്യംവിട്ടു. മോസ്‌കോയിലാണ് അസദും കുടുംബവും അഭയം തേടിയത്.അതിനിടെ,അസദിനെതിരെ ഒരു ആരോപണം ഉയരുന്നുണ്ട്.

author-image
Rajesh T L
New Update
ASAD

സിറിയയില്‍ വിമതര്‍ അഞ്ചു പതിറ്റാണ്ടു നീണ്ട അസദ് ഭരണം അവസാനിപ്പിച്ചിരുന്നു. വിമതര്‍ തലസ്ഥാനമായ ദമസ്‌കസ് വളഞ്ഞതോടെ അസദും കുടുംബവും രാജ്യംവിട്ടു. മോസ്‌കോയിലാണ് അസദും കുടുംബവും അഭയം തേടിയത്. അതിനിടെ, അസദിനെതിരെ ഒരു ആരോപണം ഉയരുന്നുണ്ട്. ഇസ്രായേലുമായി അസദിന് രഹസ്യ ഇടപാടുകളുണ്ടെന്ന വിവരമാണ് പുറത്തുവരുന്നത്. ഇതു സംബന്ധിച്ച രേഖകളും പുറത്തുവന്നിട്ടുണ്ട്. അസദിന്റെ പ്രസിഡന്റ് സ്ഥാനം നഷ്ടമായതിനു പിന്നാലെയാണ് രേഖകള്‍ പുറത്തുവന്നത്. ചോര്‍ന്ന രഹസ്യരേഖകള്‍ സിറിയന്‍ മാധ്യമങ്ങളും, അറബ് മാധ്യമങ്ങളും പുറത്തുവിട്ടു.

ഇസ്രയേല്‍ വിരുദ്ധം എന്ന പ്രതിച്ഛായയാണ് അസദിന് ഉണ്ടായിരുന്നത്. എന്നാല്‍, ഇസ്രയേല്‍ വിരുദ്ധനായിരുന്നില്ല അസദ്. മാത്രമല്ല, ഇറാനിലെ ഇസ്രായേല്‍ ആക്രമണങ്ങളില്‍ അടക്കം അസദ് പങ്കാളിയായെന്നാണ് രേഖകള്‍ വെളിപ്പെടുത്തുന്നത്. ഇറാന്റെയും ഹിസ്ബുല്ലയുടെയും സൈനിക ലക്ഷ്യങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ സിറിയയോട് ആവശ്യപ്പെട്ട് കൊണ്ട് ഇസ്രായേലില്‍ നിന്ന് അയച്ച ഒരു കത്തും രേഖകളില്‍ ഉള്‍പ്പെടുന്നു.

മോസസ് എന്ന കോഡ് നാമത്തിലുള്ള ഇസ്രായേല്‍ പ്രതിനിധി മുന്‍ സിറിയന്‍ പ്രതിരോധ മന്ത്രി ലഫ്. ജനറല്‍ അലി മഹ്‌മൂദ് അബ്ബാസുമായും ആശയവിനിമയം നടത്തിയിട്ടുണ്ട്. ഹമാസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്  പ്രത്യേക മുന്നറിയിപ്പുകളും മോസസ് സിറിയന്‍ പ്രതിരോധമന്ത്രിക്ക് നല്‍കിയിട്ടുണ്ട്. ഈ കത്തുകള്‍ പിന്നീട് ദേശീയ സുരക്ഷാ ബ്യൂറോ മുന്‍ മേധാവി അലി മംലൂക്കിന് കൈമാറിയതായും ചോര്‍ന്ന രേഖകളില്‍ പറയുന്നുണ്ട്. ഇറാനുമായുള്ള ബന്ധം തുടരരുതെന്നും അസദ് ഭരണകൂടത്തിന് ഇസ്രയേല്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തുടര്‍ന്നാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ദീര്‍ഘകാലമായി സിറിയയുടെ അടുത്ത സഖ്യ കക്ഷിയായിരുന്നു ഇറാന്‍. സിറിയയിലെ ഇറാനിയന്‍ സൈനിക ശേഷി തകര്‍ക്കാനുള്ള നീക്കങ്ങള്‍ സിറിയന്‍ ഭരണകൂടവുമായി ചേര്‍ന്നാണ് ഇസ്രായേല്‍ ഏകോപിപ്പിച്ചതെന്ന അമ്പരപ്പിക്കുന്ന വിവരവും പുറത്തുവരുന്നു. ഇത്തരം ആക്രണങ്ങളില്‍ അസദ് ഭരണകൂടം സജീവമായി ഇസ്രയേലുമായി സഹകരിച്ചെന്നും രേഖകള്‍ പറയുന്നുണ്ട്. 

അതിനിടെ, സിറിയയില്‍ ഇറാന്‍ ശക്തമായ ആക്രമണമാണ് നടത്തുന്നത്. സിറിയന്‍ പ്രദേശങ്ങളിലെ ഇസ്രായേല്‍ കടന്നുകയറ്റം തടയാന്‍ യുഎന്‍ ഇടപെടല്‍ വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.ഗോലാന്‍ കുന്നുകളോട് ചേര്‍ന്നുള്ള ബഫര്‍ സോണില്‍ ഇസ്രായേല്‍ സേന നടത്തിയ കടന്നുകയറ്റം ചെറുക്കാന്‍ നടപടി വേണമെന്ന് യുഎന്നിനോട് അറബ് രാജ്യങ്ങളും ഇറാനും ആവശ്യപ്പെട്ടു.യുഎന്‍ സമാധാന സേനയെ പുനര്‍വിന്യസിച്ച് സിറിയന്‍ പ്രദേശങ്ങളില്‍ നിന്ന് ഇസ്രായേല്‍ സേനയെ പുറത്താക്കണമെന്നും രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. 

മൂന്നു ദിവസത്തിനിടെ 480 ആക്രമണങ്ങളാണ് ഇസ്രായേല്‍ സേന, സിറിയന്‍ പ്രദേശങ്ങളില്‍ നടത്തിയത്. ദമസ്‌കസ് ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ ആക്രമണങ്ങളില്‍ നിരവധി കപ്പലുകളും ആയുധകേന്ദ്രങ്ങളും ഇസ്രായേല്‍ തകര്‍ത്തു.സിറിയന്‍ സൈനിക സംവിധാനങ്ങള്‍ക്കു നേരെ ഇനിയും ആക്രമണം നടത്താന്‍ മടിക്കില്ലെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ പരസ്യമായ വെല്ലുവിളി.

rebel syria israel iran