സിറിയയില്‍ വിമതരുടെ നിയന്ത്രണം വന്നതോടെ അസദ് ഭരണകാലത്തെ നിഗൂഢതകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. അസദ് ഭരണകൂടം ജയിലിലടച്ചവരെ കഴിഞ്ഞ ദിവസങ്ങളില്‍ വിമതര്‍ സ്വതന്ത്രമാക്കിയിരിക്കുന്നു. സര്‍ക്കാരിനെ എതിര്‍ത്തവരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. അസദിനെ ചോദ്യം ചെയ്തവരെ തീവ്രവാദികളായി മുദ്രകുത്തി ജയിലിലടച്ചെന്ന ആരോപണമാണ് ഉയരുന്നത്. ജയിലില്‍ അനുഭവിച്ച ക്രൂരതകളെ കുറിച്ചാണ് മോചിതരായവര്‍ വിവരിച്ചത്.
സിറിയയിലെ രഹസ്യ ജയിലുകളെ കുറിച്ചും തടങ്കല്‍ കേന്ദ്രങ്ങളെയും കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. സിറിയയിലെ രഹസ്യ ജയിലുകളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് സിറിയയിലും തുര്‍ക്കിയിലും പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ വൈറ്റ് ഹെല്‍മെറ്റ്സ് സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്.
തടങ്കല്‍ കേന്ദ്രങ്ങളുടെയും രഹസ്യ ജയിലുകളുടെയും വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 3000 ഡോളറാണ് സംഘടന പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.രഹസ്യ ജയിലുകളെ കണ്ടെത്താനായി ഈ ജയിലുകളില്‍ പ്രവര്‍ത്തിച്ചിരുന്ന മുന്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായവും സംഘടന തേടിയിട്ടുണ്ട്.
പ്രസിഡന്റ് അസദിന്റെ ഭരണം അട്ടിമറിച്ച വിമതര്‍ നിരവധി ഭൂഗര്‍ഭ രഹസ്യ ജയിലുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ ജയിലുകളില്‍ അനധികൃതമായി തടങ്കലിലാക്കിയിരുന്ന നിരവധി പേരെ സ്വതന്ത്രരാക്കുകയും ചെയ്തു. കൂടുതല്‍ രഹസ്യ അറകള്‍ കണ്ടെത്താനുള്ള ശ്രമമാണ് നടത്തുന്നത്.
അസദിന്റെ ജയിലുകള്‍ കശാപ്പ് ശാലകളായിരുന്നുവെന്നാണ് വൈറ്റ് ഹെല്‍മെറ്റ്സ് തലവന്‍ റഈദ് അല്‍ സലാഹ് വെളിപ്പെടുത്തിയത്. വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ കഴിയുന്നതിനും അപ്പുറമാണ് ഈ ജയിലുകളിലെ അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു. ഈ ജയിലുകള്‍ക്കുള്ളില്‍ നരക ജീവിതമായിരുന്നു. ജയിലുകളില്‍ അതിക്രൂരമായ പീഡനങ്ങളാണ് നടത്തിയിരുന്നത്. ജയിലുകളില്‍ കണ്ടെത്തിയ പലരുടെയും അവസ്ഥ വളരെ ദയനീയമാണ്. പലരുടെയും മാനസിക ആരോഗ്യ നില മോശമായിരുന്നു. ഈ ജയിലുകളില്‍ ആളുകളെ കൊല്ലുകയും ചെയ്യുമായിരുന്നതായി വെറ്റ് ഹെല്‍മെറ്റ് തലവന്‍ വെളിപ്പെടുത്തി.
ജയിലുകളില്‍ നിന്ന് നിരവധി മൃതദേഹങ്ങളും കണ്ടെത്തിയിട്ടുണ്ട്. വൈറ്റ് ഹെല്‍മറ്റ്സ് രക്ഷപ്പെടുത്തിയതില്‍ ഒരാള്‍ വധിക്കാന്‍ വിധിച്ചിരുന്നയാളായിരുന്നു. ഇത്തരത്തില്‍ നിരവധി പേരാണ് ജയിലുകളില്‍ കഴിഞ്ഞിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ദമസ്കസ് നഗരത്തിലെ സെദ്നായിലുള്ള ജയിലില്‍ ദിവസവും 50 മുതല്‍ 100 പേരെയാണ് കൊല്ലുന്നതെന്നും വൈറ്റ് ഹെല്‍മറ്റ്സ് വ്യക്തമാക്കുന്നു.
തിങ്കളാഴ്ച 50,000ത്തോളം പേരെയാണ് വിവിധ ജയിലുകളില്‍ നിന്ന് മോചിപ്പിച്ചത്. ഒന്നര ലക്ഷത്തോളം പേരെയാണ് പല സമയങ്ങളിലായി അറസ്റ്റ് ചെയ്തിട്ടുള്ളത്. അസദിന്റെ സൈന്യം പിടികൂടിയ ഒരു ലക്ഷത്തോളം പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇതിലും പലരും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരമെന്നും വൈറ്റ് ഹെല്‍മറ്റ്സ് വെളിപ്പെടുത്തുന്നു.