/kalakaumudi/media/media_files/2025/07/20/ga-2025-07-20-14-48-19.jpg)
സിയോള്‍: ദക്ഷിണ കൊറിയയില്‍ കനത്ത മഴയാല്‍ ഉണ്ടാകുന്ന വെള്ളപ്പൊക്കങ്ങളും മണ്ണിടിച്ചിലുകളും മൂലം കുറഞ്ഞത് 14 പേര്‍ മരിച്ചുവെന്ന് രാജ്യത്തിന്റെ ദുരന്ത മാനേജ്‌മെന്റ് ഓഫീസ് അറിയിച്ചു. അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനാല്‍ മരിച്ചവരുടെ എണ്ണം ഉയരാന്‍ സാധ്യതയുണ്ട്. 12 പേരെ കാണാതായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇന്ന് രാവിലെ ഉണ്ടായ കനത്ത മണ്ണിടിച്ചിലില്‍ ഗാപ്യോംഗ് റിസോര്‍ട്ട് നഗരത്തില്‍ മണ്ണിലും ചെളിയിലും കുടുങ്ങിയവര്‍ രക്ഷപ്പെടാന്‍ പാടുപെടുന്നതായുള്ള ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സമീപത്തുള്ള ദുരിതാശ്വസ ക്യാമ്പിലേക്ക് മാറാന്‍ ശ്രമിക്കുന്നതിനിടെ ഒരു തകര്‍ന്ന പാലത്തിന് സമീപം കുടുങ്ങിക്കിടക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ശനിയാഴ്ച പുറത്തുവന്ന വീഡിയോ ദൃശ്യങ്ങള്‍ പ്രകാരം, കൂടുതല്‍ തെക്കോട്ട്, മധ്യ ചുങ്ചിയോണ്‍ മേഖലയില്‍ ഉണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഒരു ഗ്രാമം മുഴുവന്‍ മണ്ണും അവശിഷ്ടങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നതായും കാണാം.
രാജ്യത്തിന്റെ തെക്കന്‍ മേഖലയിലാണ് കൂടുതല്‍ നാശനഷ്ടങ്ങളും ഉണ്ടായത്. സാഞ്ചിയോങ്ങില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും ഏഴ് പേരെ കാണാതാവുകയും ചെയ്തു. വെള്ളപ്പൊക്കത്തില്‍ ആയിരക്കണക്കിന് റോഡുകളും കെട്ടിടങ്ങളും തകര്‍ന്നു, വെള്ളത്തിനടിയിലായി. കൃഷിയിടങ്ങള്‍ക്ക് നാശനഷ്ടവും കന്നുകാലികള്‍ വ്യാപകമായി ചത്തതായും റിപ്പോര്‍ട്ടുകളുണ്ട്.
ബുധനാഴ്ച ആരംഭിച്ച മഴയ്ക്ക് ശേഷം മേഖലയിലുടനീളം ഏകദേശം 10,000 പേരെ വീടുകളില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്, 41,000 ത്തിലധികം വീടുകളില്‍ താല്‍ക്കാലികമായി വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ തെക്കന്‍, മധ്യ പ്രദേശങ്ങളില്‍ മഴയ്ക്ക് വലിയതോതില്‍ ശമനമുണ്ടായി, പക്ഷേ രാത്രിയില്‍ മഴ വടക്കോട്ട് നീങ്ങി, തലസ്ഥാനമായ സിയോളിലും വടക്കന്‍ പ്രദേശങ്ങളിലും ശക്തമായിരിക്കുകയണ്. ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ പ്രദേശങ്ങളെ പ്രത്യേക ദുരന്ത മേഖലകളായി പ്രഖ്യാപിക്കാന്‍ പ്രസിഡന്റ് ലീ ജെയ്-മ്യുങ് ഉത്തരവിട്ടു.