വ്ളാഡിമിര്‍ പുട്ടിന്റെ കാറിന് തീപിടിച്ചു; സുരക്ഷ ശക്തമാക്കി

കാറില്‍നിന്നു പുക ഉയരുന്നതും സമീപത്തുള്ളവര്‍ തീ അണയ്ക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തീപിടിക്കുന്ന സമയത്ത് കാറിനുള്ളില്‍ ആരെങ്കിലും ഉണ്ടായിരുന്നോ എന്നതിനെ സംബന്ധിച്ച് വ്യക്തതയില്ല. എന്‍ജിന്‍ ഭാഗത്താണ് ആദ്യം തീപിടിച്ചത്.

author-image
Biju
Updated On
New Update
hfg

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ വാഹനത്തിന് തീപിടിച്ചതായി റിപ്പോര്‍ട്ട്. മോസ്‌കോയിലെ എഫ്എസ്ബി ഹെഡ്ക്വാര്‍ട്ടേഴ്സിന് സമീപം വെള്ളിയാഴ്ചയാണ് അപകടമുണ്ടായത് എന്നാണ് റിപ്പോര്‍ട്ട്.

 പുടിന്റെ ഔറസ് സെനറ്റ് ലിമോസിന്‍ എന്ന ആഢംബരവാഹനം പൊട്ടിത്തെറിക്കുകയും പിന്നാലെ തീപ്പിടിക്കുകയുമായിരുന്നുവെന്നാണ് വാര്‍ത്തകള്‍. പുടിന്‍ ഉടന്‍ മരിക്കുമെന്നും യുദ്ധം അവസാനിക്കുമെന്നുമുള്ള യുക്രൈന്‍ പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്‌കിയുടെ പ്രസ്താവനയ്ക്കു പിന്നാലെയാണ് അപകടം. ലിമോസിന്‍ കാറിനു തീപിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

കനത്ത പുക കാറില്‍ നിന്നുയരുന്നതും പ്രദേശത്തുള്ളവര്‍ തീ അണക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കാറിന്റെ എന്‍ജിനില്‍ ആദ്യം തീപിടിക്കുകയും പിന്നാലെ മറ്റുഭാഗങ്ങളിലേക്ക് പടരുകയും ചെയ്തെന്നാണ് റിപ്പോര്‍ട്ട്. തീപിടിത്തമുണ്ടായ സമയത്ത് കാറിനകത്ത് ആരെങ്കിലും ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല.

സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി വിവരമില്ലെന്നാണ് ദ സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ശക്തമായ സുരക്ഷാസംവിധാനങ്ങളുള്ള വാഹനമാണ് ലിമോസിന്‍. രണ്ടരക്കോടി രൂപയോളമാണ് കാറിന്റെ വില. വന്‍ സുരക്ഷാസംവിധാനങ്ങളുള്ള കാര്‍ അപകടത്തില്‍പ്പെട്ടത് ദുരൂഹമാണ്. മനുഷ്യ നിര്‍മ്മിത അപകടമാണെന്നാണ് അതുകൊണ്ട് തന്നെ ഉയരുന്ന വിലയിരുത്തല്‍. ഇത് റഷ്യന്‍ പ്രസിഡന്റിന് നേരെയുണ്ടായ വധശ്രമമാണോ എന്ന ചര്‍ച്ചയും സജീവമാണ്. കാറിന് തീ പിടിച്ചത് മാര്‍ച്ച് 29ന് ആണു എന്ന് യൂറോ വീക്ക്ലിയും റിപ്പോര്‍ട്ട് ചെയ്തു.

യുക്രെയിനെതിരെ അമേരിക്കയുടെ നേതൃത്വത്തില്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയുണ്ടായ സംഭവമായതിനാല്‍ ഇക്കാര്യത്തില്‍ വിവിധ സംശയങ്ങളും ഉയര്‍ന്നിട്ടുണ്ട്. യുദ്ധം നീട്ടിക്കൊണ്ടു പോകാനുള്ള കാരണമായി റഷ്യ ഇത് ഉയര്‍ത്തിക്കാട്ടിയേക്കുമെന്ന ആശങ്കയുമുണ്ട്.

കാറില്‍ തീപടര്‍ന്നതിനു പിന്നാലെ സമീപത്തുണ്ടായിരുന്നവര്‍ അഗ്‌നിശമന ഉപകരണങ്ങള്‍ ഉപയോഗിച്ചു കെടുത്താന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. എന്‍ജിനില്‍നിന്നു പടര്‍ന്ന തീ, അകത്തേക്കും ആളിക്കത്തിയിട്ടുണ്ട്. പുടിന്‍ ഉടന്‍ മരിക്കുമെന്നും യുദ്ധം ഉടന്‍ അവസാനിക്കുമെന്നും യുക്രൈന്‍ പ്രസിഡന്റ് പ്രതികരിച്ചതുമായി കൂട്ടിച്ചേര്‍ത്താണ് ചര്‍ച്ചകള്‍.

'അദ്ദേഹം (പുടിന്‍) ഉടന്‍ മരിക്കും, അതൊരു വസ്തുതയാണ്, യുദ്ധം അവസാനിക്കുകയും ചെയ്യും,' ബുധനാഴ്ച പാരീസില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സെലന്‍സ്‌കി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സമാധാന, വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കിടെ ക്രെംലിന്റെ ആവശ്യങ്ങള്‍ക്ക് വഴങ്ങാതെ ശക്തമായി തുടരാന്‍ അദ്ദേഹം യുഎസിനോട് ആവശ്യപ്പെടുകയും ചെയ്തു. 'ഈ ആഗോള ഒറ്റപ്പെടലില്‍ നിന്ന് പുടിനെ പുറത്തുകടക്കാന്‍ അമേരിക്ക സഹായിക്കാതിരിക്കേണ്ടത് വളരെ പ്രധാനമാണ്,' സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.

'ഇത് അപകടകരമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇത് ഏറ്റവും അപകടകരമായ നിമിഷങ്ങളില്‍ ഒന്നാണ്. അവര്‍ പുടിനെ സമ്മര്‍ദ്ദത്തിലാക്കിയാല്‍, അദ്ദേഹം തന്റെ സമൂഹത്തില്‍ അസ്ഥിരത നേരിടേണ്ടിവരും, അദ്ദേഹം അതിനെ ഭയപ്പെടും,' യുക്രേനിയന്‍ പ്രസിഡന്റ് പറഞ്ഞത് ഇങ്ങനെയാണ്. പുടിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്കിടെയാണ് സെലന്‍സ്‌കിയുടെ പ്രസ്താവന.

president vladimir putin