ഓസ്‌ട്രേലിയയില്‍ ഇസ്രയേല്‍ പ്രസിഡന്റിനെതിരെ വന്‍ പ്രതിഷേധം; നിരവധി പേര്‍ അറസ്റ്റില്‍

സംഘര്‍ഷത്തില്‍ 27 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണമുണ്ടായതായി അധികൃതര്‍ അറിയിച്ചു. ഒരു സംസ്ഥാന പാര്‍ലമെന്റ് അംഗം ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

author-image
Biju
New Update
HER

സിഡ്‌നി: ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗിന്റെ ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിനിടെ വന്‍ പ്രതിഷേധം. പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് ലാത്തി വീശുകയും നിരവധി പേര്‍ അറസ്റ്റിലാവുകയും ചെയ്തു. പ്രതിഷേധക്കാരെ പൊലീസ് ക്രൂരമായി നേരിട്ട സംഭവത്തില്‍ ഓസ്ട്രേലിയന്‍ പൊലീസ് തങ്ങളുടെ നടപടിയെ ന്യായീകരിച്ചു. തിങ്കളാഴ്ച രാത്രി സിഡ്‌നിയില്‍ നടന്ന റാലിക്കിടെ പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തി വീശുകയും മര്‍ദ്ദിക്കുന്നതിന്റെയും ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

സംഘര്‍ഷത്തില്‍ 27 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണമുണ്ടായതായി അധികൃതര്‍ അറിയിച്ചു. ഒരു സംസ്ഥാന പാര്‍ലമെന്റ് അംഗം ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. പൊലീസ് 'അസാധാരണമായ ആത്മസംയമനം' പാലിച്ചുവെന്നും സാഹചര്യത്തിനനുസരിച്ചുള്ള നടപടികള്‍ മാത്രമാണ് സ്വീകരിച്ചതെന്നും എന്‍എസ്ഡബ്ല്യു  പൊലീസ് കമ്മീഷണര്‍ മാല്‍ ലാനിയന്‍ പറഞ്ഞു.

ഹെര്‍സോഗിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് മാര്‍ച്ചുകള്‍ക്കും മറ്റും പൊലീസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെ സംഘാടകര്‍ കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. സമാധാനപരമായി ഒത്തുകൂടാന്‍ അനുമതിയുണ്ടായിരുന്നെങ്കിലും പ്രകടനം നടത്തുന്നത് നിരോധിച്ചിരുന്നു. ഡിസംബര്‍ 14-ന് ബോണ്ടി ബീച്ചിലുണ്ടായ വെടിവയ്പ്പിന് പിന്നാലെ ജൂത സമൂഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ് സര്‍ക്കാര്‍ ഹെര്‍സോഗിനെ ക്ഷണിച്ചത്. എന്നാല്‍ പാലസ്തീന്‍ അനുകൂല സംഘടനകളും ഒരു വിഭാഗം ജൂത വിശ്വാസികളും ഇതിനെതിരെ രംഗത്തെത്തി.

ടൗണ്‍ ഹാളിന് മുന്നില്‍ നടന്ന പ്രസംഗങ്ങള്‍ സമാധാനപരമായിരുന്നു. എന്നാല്‍ 'ഞങ്ങളെ മാര്‍ച്ച് ചെയ്യാന്‍ അനുവദിക്കൂ' എന്ന് പ്രതിഷേധക്കാര്‍ വിളിച്ചുപറഞ്ഞതോടെ പൊലീസ് ഇടപെടുകയും സംഘര്‍ഷം ഉടലെടുക്കുകയുമായിരുന്നു. പ്രതിഷേധക്കാര്‍ക്ക് നേരെ കുരുമുളക് സ്‌പ്രേ പ്രയോഗിച്ചതായും പ്രാര്‍ത്ഥനയിലായിരുന്ന മുസ്ലീം പുരുഷന്മാരെ പൊലീസ് വലിച്ചിഴച്ചതായും ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടയില്‍ കണ്ട ഏറ്റവും മോശമായ പൊലീസ് നടപടിയാണിതെന്ന് പാലസ്തീന്‍ ആക്ഷന്‍ ഗ്രൂപ്പ് ആരോപിച്ചു. എന്നാല്‍, ചുരുങ്ങിയ സമയത്തെ വീഡിയോ ദൃശ്യങ്ങള്‍ മാത്രം കണ്ട് കാര്യങ്ങള്‍ വിലയിരുത്തരുതെന്നും പൊലീസ് വലിയ വെല്ലുവിളിയാണ് നേരിട്ടതെന്നും എന്‍എസ്ഡബ്ല്യു പ്രീമിയര്‍ ക്രിസ് മിന്‍സ് പറഞ്ഞു.