ജയ്ശങ്കറിന്റെ വാര്‍ത്താസമ്മേളനം സംപ്രേഷണംചെയ്ത ഓസ്‌ട്രേലിയ ടുഡേക്ക് കാനഡയില്‍ നിരോധനം

ഓസ്‌ട്രേലിയന്‍ വിദേശകാര്യമന്ത്രി പെന്നി വോങുമായി നടത്തിയ കൂടിക്കാഴ്ചയുടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് 'ഓസ്‌ട്രേലിയ ടുഡേ' എന്ന ഓസ്‌ട്രേലിയന്‍ മാധ്യമത്തിന് കാനഡ നിരോധനം ഏര്‍പ്പെടുത്തിയത്.

author-image
Prana
New Update
external affairs minister s jaishankar to visit pakistan for sco summit meeting

ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിന്റെ വാര്‍ത്താസമ്മേളനം സംപ്രേഷണം ചെയ്ത ഓസ്‌ട്രേലിയന്‍ മാധ്യമത്തിന് കാനഡയില്‍ നിരോധനം ഏര്‍പ്പെടുത്തി. ഓസ്‌ട്രേലിയന്‍ വിദേശകാര്യമന്ത്രി പെന്നി വോങുമായി നടത്തിയ കൂടിക്കാഴ്ചയുടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് 'ഓസ്‌ട്രേലിയ ടുഡേ' എന്ന ഓസ്‌ട്രേലിയന്‍ മാധ്യമത്തിന് കാനഡ നിരോധനം ഏര്‍പ്പെടുത്തിയത്. വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് രണ്‍ധീര്‍ ജയ്‌സ്‌വാള്‍ ആണ് വ്യാഴാഴ്ച ഇതുസംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടത്.
'ഓസ്‌ട്രേലിയ ടുഡേ'യുടെ സാമൂഹിക മാധ്യമ പേജുകളടക്കം ബ്ലോക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. നാലുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി നവംബര്‍ മൂന്നിനാണ് ജയ്ശങ്കര്‍ ഓസ്‌ട്രേലിയയില്‍ എത്തിയത്. ഔദ്യോഗിക വാര്‍ത്താസമ്മേളനത്തില്‍ കാനഡയിലെ ഖാലിസ്താന്‍ പ്രതിഷേധങ്ങളെപ്പറ്റി പെന്നി വോങും ജയ്ശങ്കറും അഭിപ്രായപ്രകടനം നടത്തിയിരുന്നു.
വാര്‍ത്താസമ്മേളനത്തിന്റെ വിശദാംശങ്ങളും ജയ്ശങ്കറിന്റെ അഭിമുഖവും റിപ്പോര്‍ട്ട് ചെയ്തതോടെ കാനഡയില്‍ 'ഓസ്‌ട്രേലിയ ടുഡേ' നിരോധിക്കപ്പെട്ടതായി രണ്‍ധീര്‍ ജയ്‌സ്‌വാള്‍ പറഞ്ഞു. വിദേശകാര്യ മന്ത്രാലയത്തിന്റെ പതിവ് വിശകലനത്തിലായിരുന്നു രണ്‍ധീറിന്റെ പരാമര്‍ശം. മാധ്യമസ്വാതന്ത്ര്യത്തിന്‍ മേലുള്ള കാനഡയുടെ കടന്നുകടറ്റമാണിത് എന്ന് ഇന്ത്യ അപലപിച്ചു. അതേസമയം, കാനഡയിലെ സിഖ് പ്രതിഷേധക്കാരെ അടിച്ചമര്‍ത്താന്‍ ഇന്ത്യന്‍ ആഭ്യന്തരമന്ത്രി അമിത് ഷാ ഉത്തരവിട്ടു എന്ന കാനഡയുടെ ആരോപണം ഇന്ത്യ തള്ളിക്കളഞ്ഞു.

 

banned australia media S.Jaishankar canada