ഇന്ത്യാ പാക് വിഭജനകാലത്തെ കഥ പറഞ്ഞ ഐസ് കാന്‍ഡി മാന്‍; ബാപ്‌സി സിദ്ധ്വ അന്തരിച്ചു

ഇന്ത്യാ പാക് വിഭജനകാലത്ത്, പോളിയോ ബാധിതയായ പാഴ്‌സി പെണ്‍കുട്ടിയുടെ അനുഭവങ്ങളുടെ കഥ പറയുന്ന ഐസ് കാന്‍ഡി മാന്‍ ഒട്ടേറെ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

author-image
Subi
New Update
sidhwa

ഹൂസ്റ്റണ്‍: പ്രശസ്ത നോവലിസ്റ്റും ദക്ഷിണേഷ്യൻ സാഹിത്യത്തിൻറെ തുടക്കകാരിയുമായ ബാപ്‌സി സിദ്ധ്വ അന്തരിച്ചു.ഇന്ത്യാ പാക് വിഭജന പശ്ചാത്തലത്തില്‍ രചിച്ച ഐസ് കാന്‍ഡി മാന്‍ എന്ന നോവലിലൂടെ ശ്രദ്ധേയയായ പാക് എഴുത്തുകാരിയായ ബാപ്‌സി സിദ്ധ്വക്ക് 86 വയസ്സായിരുന്നു. ഏറെക്കാലമായി അമേരിക്കയില്‍ താമസിക്കുന്ന ബാപ്‌സിയുടെ അന്ത്യം ഹൂസ്റ്റണില്‍ വച്ചായിരുന്നെന്ന് കുടുംബം അറിയിച്ചു.

 

പാകിസ്ഥാനിലെ ഏറ്റവും സ്വാധീനമുള്ള എഴുത്തുകാരിയായിട്ടാണ് ഇവരെ കണക്കാക്കുന്നത്. ഇന്ത്യാ പാക് വിഭജനകാലത്ത്, പോളിയോ ബാധിതയായ പാഴ്‌സി പെണ്‍കുട്ടിയുടെ അനുഭവങ്ങളുടെ കഥ പറയുന്ന ഐസ് കാന്‍ഡി മാന്‍ ഒട്ടേറെ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. മലയാളത്തില്‍ കിനാവും കണ്ണീരും എന്ന പേരില്‍ പ്രസിദ്ധീകരിച്ചു. സ്വന്തം അനുഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ബാപ്‌സി ഐസ് കാന്‍ഡി മാന്‍ രചിച്ചത്. ബിബിസിയുടെ സ്വാധീനം ചെലുത്തിയ 100 നോവലുകളുടെ പട്ടികയില്‍ ഐസ് കാന്‍ഡി മാന്‍ ഇടംപിടിച്ചിട്ടുണ്ട്. ഇന്ത്യൻ കാനേഡിയൻ ചലച്ചിത്ര നിർമ്മാതാവായ ദീപാ മേത്ത ഇത് എര്‍ത്ത് എന്ന പേരില്‍ സിനിമയാക്കി.

 

1938ല്‍ കറാച്ചിയിലെ ഒരു പ്രമുഖ പാഴ്‌സി കുടുംബത്തിലായിരുന്നു ബാപ്‌സി സിദ്ധ്വയുടെ ജനനം.താമസിയ്യ്ത്തെ ലാഹോറിലേക്ക് താമസം മാറ്റി അവിടെയാണ് തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചത്. ഏറെക്കാലമായി ബാപ്‌സി അമേരിക്കയിലാണ് താമസം.

ദി ക്രോ ഈറ്റേഴ്‌സ് ആണ് ആദ്യ രചന. പാഴ്‌സി ജീവിതവും ചരിത്രവുമായിരുന്നു ഇതിന്റെ ഇതിവൃത്തം. ആന്‍ അമേരിക്കന്‍ ബ്രാത്, ദി പാകിസ്ഥാനി ബ്രൈഡ്, വാട്ടര്‍ തുടങ്ങിയവ മറ്റു കൃതികളാണ്.

pakisthan